അരൂർ: അഹമ്മദാബാദിൽ അന്തരിച്ച എലൈറ്റ് ഫുഡ്സ് ആൻഡ് ഇനവേഷൻസ് ഗ്രൂപ്പ് സ്ഥാപകനും ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.ആർ. രഘുലാൽ അരൂരിൽ ബ്രഡ് കമ്പനി തുടങ്ങിയതിന് പിന്നിൽ രസകരമായ അനുഭവമാണുള്ളത്. അമേരിക്കയിലെ പഠനം കഴിഞ്ഞ് നാട്ടിൽ മടങ്ങിയെത്തിയ അദ്ദേഹത്തിന് നല്ല ബ്രഡ് ലഭിക്കുന്നില്ല എന്നതായിരുന്നു അത്. പിന്നാലെ ആലപ്പുഴ ജില്ലയിലെ അരൂരിൽ അദ്ദേഹം എലൈറ്റ് ബ്രഡ് കമ്പനി ആരംഭിച്ചു. വളരെ വേഗം പടർന്ന് പന്തലിച്ച ആ സാമ്രാജ്യം കേരളത്തിനാകെ രുചികരമായ ബ്രഡ് ലഭ്യമാക്കി. അരൂരിന് പിന്നാലെ ആരംഭിച്ച മറ്റ് പല യൂണിറ്റുകളിൽ നിന്നായി വിവിധ ഭക്ഷ്യോത്പന്നങ്ങളും എലൈറ്റിന്റേതായി വിപണിയിലെത്തി.
അരൂർ-തോപ്പുംപടി സംസ്ഥാന പാതയോരത്ത്, വ്യവസായ വികസനകേന്ദ്രത്തിനുള്ളിൽ ഇന്നും തലയുയർത്തി പ്രവർത്തനം തുടരുന്നു എലൈറ്റ് ഫുഡ്സ് പ്രൈവറ്റ് കമ്പനി ലിമിറ്റഡ്. പ്രതിദിനം 55000 ബ്രഡ് ഇവിടെ ഉത്പാദിപ്പിക്കുന്നു. മുന്നൂറോളം തൊഴിലാളികൾ അരൂർ യൂണിറ്റിൽ ജോലി ചെയ്യുന്നുണ്ട്. ഇവരോടെല്ലാം വളരെ അടുപ്പം പുലർത്തിയിരുന്നയാളാണ് രഘുലാൽ. തൊഴിലാളികളുടെ ക്ഷേമ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്ന ഇദ്ദേഹം ഇവർക്കായി വിനോദയാത്രയും മറ്റും ഒരുക്കിയിരുന്നു. കഴിഞ്ഞ പത്ത് വർഷത്തോളമായാണ് ഇദ്ദേഹം ഇവിടേക്കെത്താത്തത്.
ചുമതല മകൾ ധനിസയ്ക്ക് കൈമാറിയപ്പോഴും തന്റെ ആദ്യ ബ്രഡ് യൂണിറ്റിനെ കുറിച്ച് ഇദ്ദേഹം ഇടയ്ക്കിടെ തിരക്കുമായിരുന്നു.
സംരംഭകൻ, പ്രകൃതിസ്നേഹി...
വ്യവസായി, സംരംഭകൻ എന്നീ നിലകളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന വ്യക്തിത്വമായിരുന്നില്ല ടി.ആർ. രഘുലാൽ. പ്രകൃതിസ്നേഹി, മനുഷ്യസ്നേഹി തുടങ്ങി കലാകായികരംഗത്തെ ഇടപെടലുകൾകൊണ്ടും അദ്ദേഹം ശ്രദ്ധേയനായി.
പാലക്കാടൻ മട്ട, നവര അരി എന്നിവയ്ക്ക് ഭൗമസൂചികാ(ജി.ഐ.)പദവി നേടിക്കൊടുക്കുന്നതിൽ മുൻകൈയെടുത്തത് രഘുലാലാണ്. ഈ പരിശ്രമം ഇവയ്ക്ക് ആഗോളതലത്തിൽ അംഗീകാരം ലഭിക്കാൻ സഹായകമായി. പെരിയാർനദിയെ വ്യാവസായികമലിനീകരണത്തിൽനിന്ന് സംരക്ഷിക്കുന്നതിന് പഠനം നടത്താനും അദ്ദേഹം മുന്നിലുണ്ടായിരുന്നു. തുടർന്ന് പരിസ്ഥിതിസുസ്ഥിരതയുടെ ഭാഗമായി ഇവിടത്തെ വ്യവസായമേഖലയും സർക്കാരും സഹകരിച്ചുള്ള കൂട്ടായ്മയ്ക്കും തുടക്കമിട്ടു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി(സി.ഐ.ഐ.)യുടെ ചെയർമാനായിരുന്ന കാലയളവിലായിരുന്നു ഈ പ്രവർത്തനങ്ങളെല്ലാം.
‘സുരക്ഷിതഭക്ഷണം’ എന്ന ആശയവും അദ്ദേഹം മുന്നോട്ടുവെച്ചു. അതിനായി ജൈവകർഷകക്കൂട്ടായ്മകൾ രൂപവത്കരിച്ചു. കീടനാശിനികളുടെ ഉപയോഗം തടയാൻ ബോധവത്കരണപരിപാടികൾ സംഘടിപ്പിച്ചു. കർഷകർക്ക് ജൈവകൃഷിരീതികളിൽ പരിശീലനം നൽകുകയും ചെയ്തു. സംസ്ഥാനസർക്കാരുമായി ചേർന്ന് പോബ്സ് നെല്ലിയാമ്പതി എസ്റ്റേറ്റിൽ ആദ്യത്തെ ജൈവകൃഷി സെമിനാർ സംഘടിപ്പിച്ച അദ്ദേഹം സുസ്ഥിരവും എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ടുമുള്ള വികസനം ലക്ഷ്യമിട്ട് പ്രവർത്തിച്ചു.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഭക്ഷ്യകമ്പനികളിലൊന്ന് എലൈറ്റ് ഫുഡ്സ് വിഭാഗത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്. ‘എലൈറ്റ് ന്യൂട്രിഷൻ റിസർച്ച് സെന്റർ’ എന്ന പുതിയ സംരംഭത്തിനും അദ്ദേഹം നേതൃത്വം നൽകി. കാലിത്തീറ്റനിർമാതാക്കളായ ‘കേരള സോൾവെന്റ് എക്സ്ട്രാക്ഷൻസ് ലിമിറ്റഡ് ഡയറക്ടർ’ ആയിരുന്ന അദ്ദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘വി കെയർ’ എന്ന സംഘടനയുടെ സ്ഥാപക പ്രസിഡന്റും ചെയർമാനുമാണ്.
രക്താർബുദം ബാധിച്ച കുട്ടികൾക്ക് സൗജന്യമരുന്നുകൾ ഈ സംഘടന നൽകുന്നു. കേരള ടെന്നീസ് അസോസിയേഷനിൽ ട്രഷററായി പ്രവർത്തിച്ചിട്ടുള്ള രഘുലാൽ കലാസാംസ്കാരികരംഗത്തെ പല സംഘടനകളുടെയും നേതൃത്വത്തിലുമുണ്ടായിരുന്നു.
Published: 12 Nov 2026, 09:24 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented