കൊച്ചി: “ഒക്ടോബർ 25-നാണ് എനിക്ക് എന്റെ അച്ഛനെ നഷ്ടമായത്. ഞാൻ ഭദ്രകീർത്തി, എറണാകുളം ചേരാനല്ലൂരിൽ കാറിടിച്ചു മരിച്ച ജയബാലകൃഷ്ണന്റെ മകൾ. പതിവുപോലെ ജോലി കഴിഞ്ഞ് സാധനങ്ങളുമായി സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകുമ്പോഴാണ് 17 വയസ്സുകാരൻ ഓടിച്ച കാർ ഇടിച്ച് എന്റെ അച്ഛൻ മരിച്ചത്. നിങ്ങൾ പറയൂ, ഇതുപോലെയുള്ള കേസുകളിൽ ശിക്ഷയിൽനിന്ന് രക്ഷപ്പെടാൻമാത്രം കുട്ടി എന്ന സംരക്ഷണം വേണോ?”- സാമൂഹികമാധ്യമത്തിൽ ഒരുപാടുപേർ കണ്ട വീഡിയോയിലൂടെ ഭദ്രകീർത്തി ചോദിക്കുന്നു. ആ പെൺകുട്ടിയുടെ ദൃശ്യം മുന്നിൽ തെളിയുമ്പോൾ അവളുടെ വാക്കുകൾ മനസ്സിലേക്ക് തുളച്ചുകയറും.

To advertise here,

ഭദ്രകീർത്തി സമൂഹത്തിന് മുന്നിൽ ഉയർത്തുന്ന ഈ ചോദ്യത്തിന് ഉത്തരം തേടിയാണ് ജെയിൻ യൂണിവേഴ്‌സിറ്റി ഡയറക്ടർ ടോം ജോസഫിന്റെ നേതൃത്വത്തിൽ ‘ഭദ്രപക്ഷം- സുരക്ഷിതമായ വഴി’ എന്ന കാംപെയ്ൻ വരുന്നത്. അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തിയുമായി ചേർന്നാണ് ടോം ജോസഫ് ഈ കാംപെയ്ൻ നടത്തുന്നത്. ജുവനൈൽ നീതിന്യായ വ്യവസ്ഥയിൽ സമഗ്രമാറ്റത്തിനായി ദേശീയ ജനകീയ മുന്നേറ്റമാണ് ‘ഭദ്രപക്ഷം’ കാംപെയ്നിലൂടെ ലക്ഷ്യമിടുന്നത്. ക്രിമിനൽ ബാധ്യത നിർണയിക്കുന്നതിനുള്ള നിയമപരമായ പ്രായപരിധി 15 വയസ്സായി നിജപ്പെടുത്തണമെന്ന നിർദേശമാണ് കാംപെയ്ൻ മുന്നോട്ടുവെക്കുന്നത്. കാംപെയ്നിൽ രാജ്യമെമ്പാടുമുള്ള ഒരു ലക്ഷത്തിലധികം പൗരന്മാരുടെ അഭിപ്രായങ്ങൾ ശേഖരിച്ച് കേന്ദ്ര നിയമ-നീതി മന്ത്രാലയത്തിനും വനിതാ-ശിശു വികസന മന്ത്രാലയത്തിനും സമർപ്പിക്കും. എല്ലാ പൗരൻമാർക്കും അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി ഈ ജനകീയ മുന്നേറ്റത്തിൽ പങ്കാളിയാകാനാകും.

രാജ്യത്തിന് ഏറ്റവും അത്യാവശ്യമുള്ളതും എല്ലാവരും ആഗ്രഹിക്കുന്നതുമായ ഒരു നിയമമാറ്റത്തിനാണ് ഭദ്രപക്ഷം കാംപെയ്നിലൂടെ ശ്രമിക്കുന്നതെന്ന് ജെയിൻ യൂണിവേഴ്‌സിറ്റി ഡയറക്ടർ ടോം ജോസഫ് പറഞ്ഞു. “നമ്മുടെ രാജ്യത്തെ ജുവനൈൽ നിയമം വന്ന കാലത്തെ കുട്ടികളല്ല ഇപ്പോഴുള്ളത്. അവരുടെ മാനസിക നിലയും മറ്റു സാഹചര്യങ്ങളുമെല്ലാം വളരെയധികം മാറി. ലോകത്തെ മറ്റു പല രാജ്യങ്ങളും ജുവനൈൽ നിയമത്തിന്റെ പ്രായപരിധി 15-ഉം 12-ഉം ഒക്കെയാക്കി മാറ്റിയപ്പോഴും നമ്മൾ മാറ്റമില്ലാതെ തുടരുകയായിരുന്നു.

അതിനാണ് ഇനി മാറ്റം വരേണ്ടത്” -അദ്ദേഹം പറഞ്ഞു. അച്ഛൻ മരിച്ച വേദനയിലും ഇതുപോലെയുള്ള ഒരു കാംപെയ്ന്റെ ഭാഗമാകാൻ ശ്രമിച്ചത് ഇനി ഇതുപോലെയൊരു അപകടവും വേദനയും ഇവിടെയുണ്ടാകരുതെന്ന ആഗ്രഹത്തിലാണെന്ന് ഭദ്രകീർത്തി പറഞ്ഞു.