പത്തനംതിട്ട: കൈകളേക്കാൾ കരുത്താണ് സുരേന്ദ്രൻ നായരുടെ മനസിന്. ആ മനക്കരുത്തിൽ അദ്ദേഹം ഏത് ഭാരവും ചുമക്കും, വലതുകൈപ്പത്തി ഇല്ലെങ്കിലും. പത്തനംതിട്ട മാക്കാംകുന്ന് തേക്കുനിൽക്കുന്നതിൽ വീട്ടിൽ ടി.പി. സുരേന്ദ്രൻ നായർ(62) ചുമട്ടുതൊഴിലാളിയാണ്. 1991 വരെ സിവിൽ സപ്ലൈസിന്റെ ചുമട്ടുതൊഴിലാളിയായിരുന്നു. പിന്നീട് മാക്കാംകുന്ന് ജങ്ഷനിലേക്ക് മാറി. 22 വർഷങ്ങൾക്കുമുമ്പ് വാഴമുട്ടത്തെ പള്ളിയുടെ പെരുന്നാൾ പ്രദക്ഷിണത്തിനിടെ അബദ്ധത്തിൽ കൈയിലിരുന്ന് പൊട്ടിയ ഗുണ്ടിനൊപ്പം വലതുകൈപ്പത്തിയും തകർന്നു.

2003 ഡിസംബർ 26 രാത്രിയായിരുന്നു സംഭവം. പരിക്ക് ഗുരുതരമായതിനാൽ എറണാകുളം സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വലതു കൈപ്പത്തി മുറിച്ചുമാറ്റി. മൂന്നു മക്കളുള്ള കുടുംബത്തിന്റെ അത്താണിയായിരുന്ന സുരേന്ദ്രൻ നായരുടെ ജീവിതത്തിൽ ഇരുൾ പരന്ന രാത്രിയായിരുന്നു അത്. എന്നാൽ, ആറു മാസത്തെ വിശ്രമത്തിനുശേഷം ചെയ്തിരുന്ന ജോലിയിലേക്ക് തന്നെ അദ്ദേഹം മടങ്ങിയെത്തി. “കൈപ്പത്തിയില്ലാത്തതല്ലേ, വീട്ടിലിരുന്നുകൂടെ” എന്ന് പലരും പറഞ്ഞെങ്കിലും കുടുംബത്തെ പോറ്റാൻ മറ്റ് മാർഗങ്ങളില്ലാതെ സുരേന്ദ്രൻ നായർ വേദന മറന്ന് ജോലിക്കിറങ്ങി. ഏറെ അധ്വാനവും കൈക്കരുത്തും ആവശ്യമായ ജോലിയാണെങ്കിലും വിധിക്കു മുന്നിൽ തോറ്റുകൊടുക്കാൻ അദ്ദേഹം തയ്യാറായില്ല.

നിലവിൽ മാക്കാംകുന്ന് ജങ്ഷനിൽ ചുമട്ടുതൊഴിലാളിയാണ് സുരേന്ദ്രൻ. വലിയ പേപ്പർ കെട്ടുകൾ, കമ്പി, സിമന്റ്, വാഹനഷോറൂമിലേക്ക് വരുന്ന സ്പെയർ പാർട്സ് എന്നിവ വാഹനത്തില്നിന്ന് ഇദ്ദേഹം അനായാസം ചുമന്നിറക്കുകയും കയറ്റുകയും ചെയ്യും. തളർന്നാലും താങ്ങാൻ സുഹൃത്തുക്കളുണ്ട്. മുൻപ്, കൈയിൽ തുണികെട്ടി തടി ചുമക്കാൻ പോകുമായിരുന്നെന്നും സുരേന്ദ്രൻ പറയുന്നു. സുജിതയാണ് ഭാര്യ. മക്കൾ: മഞ്ജു, മനു, പാർവതി.

In Short: Surendran Nair, a 62-year-old laborer from Pathanamthitta, Kerala, lost his right hand in an explosion in 2003. Despite the odds, he returned to his job six months later, continuing to lift heavy loads with just one hand. His story of resilience and mental strength inspires many across Kerala and beyond.

To advertise here,