
അരൂർ: റേഷൻ പലർക്കും കൈത്താങ്ങാകുമ്പോൾ അബ്ദുള്ളയ്ക്ക് റേഷൻ ചാക്കുകളാണ് തുണയാകുന്നത്. അരൂർ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുള്ള (49) റേഷൻ കടകളിലെ ചാക്കുകച്ചവടം കൊണ്ടാണ് ജീവിതം കരുപ്പിടിപ്പിക്കുന്നത്. നാട്ടുകാരുടെ പ്രിയപ്പെട്ട 'പരിയ' എന്ന അബ്ദുള്ള പഞ്ചായത്തംഗമായിട്ടും ചാക്കുകൾ ശേഖരിച്ച് വിൽക്കുന്ന ജോലി തുടരുന്നു. വാപ്പ മുഹമ്മദ് 49 വർഷം മുൻപ് തുടങ്ങിയതാണ് ചാക്കുകച്ചവടം. ചെറുപ്പം മുതലേ ഇതിൽ സഹായിയായി അബ്ദുള്ളയും ജ്യേഷ്ഠൻ ഹബീബുള്ളയും ഉണ്ടായിരുന്നു. നാലുവർഷം മുൻപ് വാപ്പ മരിച്ചു. ഇതോടെ ചന്തിരൂരിലെ അൽ അമീൻ ട്രേഡേഴ്‌സിന്റെ അമരത്തെത്തി ഈ സഹോദരങ്ങൾ. കോൺഗ്രസ് അനുഭാവിയായ അബ്ദുള്ള പത്തുവർഷത്തോളം അരൂർ പത്താംവാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായിരുന്നു. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായാണ് ഇതേ വാർഡിൽ സ്ഥാനാർഥിയായത്. 24 വാർഡുകളുള്ള പഞ്ചായത്തിൽ ഏറ്റവും അധികം ഭൂരിപക്ഷത്തിൽ (431 വോട്ട്) വിജയിച്ചത് അബ്ദുള്ളയാണ്. ആദ്യവട്ടം തന്നെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായി. അരൂർ മുതൽ ആലപ്പുഴ കാട്ടൂർ വരെയുള്ള 150-ന് മേൽ റേഷൻകടകളിലെ ഒഴിഞ്ഞ ചാക്കുകൾ അബ്ദുള്ള ശേഖരിക്കുന്നു. വാഹനം ഓടിക്കുന്നത് ഇദ്ദേഹം തന്നെ. ഇവ സ്‌റ്റോക്ക് ചെയ്ത് അയൽ സംസ്ഥാനങ്ങളിലേക്ക് കയറ്റിവിടും. ഇതിന് വലിയ ലോറിയെത്തുമ്പോൾ ചുമട്ടുകാരനായും പരിയ ഉണ്ടാകും.
ഇതിന്റെ പേരിൽ ജനപ്രതിനിധി എന്ന സേവനം മുടക്കുന്നുമില്ല ഇദ്ദേഹം. വിളിപ്പുറത്ത് സദാ മെംബറുണ്ടാകും. വീട്ടിൽ പീലിങ് ഷെഡ് നടത്തുന്ന അബ്ദുള്ള 30-ഓളം ആളുകൾക്ക് ജോലി നൽകുന്ന സംരംഭകനുമാണ്. ചാക്ക് കച്ചവടസ്ഥാപനത്തിൽ മൂന്ന് പേരുണ്ട്. ബി.ബി.എ. ലോജിസ്റ്റിക്‌സ് കോഴ്സ് കഴിഞ്ഞ മൂത്തമകൻ അഹമ്മദ് കബീറും, രണ്ടാമൻ ബി.കോമിന് പഠിക്കുന്ന മുഹമ്മദ് അൽത്താഫും ഒഴിവ് സമയങ്ങളിൽ ചാക്ക് ശേഖരണത്തിനും മറ്റും അബ്ദുള്ളക്ക് കൂട്ടാകും. എട്ടിൽ പഠിക്കുന്ന ഇളയമകൻ മുഹമ്മദ് അസറും ഭാര്യ റസിയയും എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്.
Content Highlights: Discover the inspiring story of Aroor Panchayat member Abdulla, who balances his public duties with a successful sack trading business.
Published: 01 May 2026, 09:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented