ന്യൂഡൽഹി: ശബരിമലയിൽ യുവതീപ്രവേശം അനുവദിക്കാമോ എന്ന വിഷയത്തിൽ ഒരേ സർക്കാരിനുകീഴിൽ വീണ്ടും നിലപാടുമാറ്റി ദേവസ്വം ബോർഡ്. 2018-ൽ ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ച സുപ്രീംകോടതിയുടെ അഞ്ചംഗബെഞ്ചിനുമുൻപാകെ യുവതീപ്രവേശത്തെ ശക്തമായി എതിർക്കുകയായിരുന്നു ദേവസ്വം ബോർഡ്.
എന്നാൽ, 2019-ൽ പുനഃപരിശോധനാ ഹർജികൾ പരിഗണിച്ചപ്പോൾ മലക്കംമറിഞ്ഞ ബോർഡ് യുവതികളെ പ്രവേശിപ്പിക്കണമെന്ന് വാദിച്ചു. ഇപ്പോൾ യുവതീപ്രവേശം പാടില്ലെന്ന നിലപാടുമായി വീണ്ടുമൊരു യൂ ടേൺ എടുക്കുകയാണ് ദേവസ്വം ബോർഡ്.
ശബരിമല പുനഃപരിശോധനാ ഹർജികളിലെ വിശാലമായ നിയമപ്രശ്നങ്ങൾ ഏപ്രിൽ ഏഴുമുതൽ സുപ്രീംകോടതിയുടെ ഒൻപതംഗ ബെഞ്ച് പരിഗണിക്കും. മാർച്ച് 14-നകം കേസിലെ കക്ഷികളെല്ലാം സത്യവാങ്മൂലം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടതോടെയാണ് ബോർഡിന് നിലപാട് വ്യക്തമാക്കേണ്ടിവരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേയാണ് ബോർഡിന്റെ നിലപാട് മാറ്റമെന്നത് ശ്രദ്ധേയമാണ്.
2018-ൽ യുവതീപ്രവേശത്തെ സുപ്രീംകോടതിയിൽ എതിർക്കുമ്പോൾ പ്രയാർ ഗോപാലകൃഷ്ണനായിരുന്നു ദേവസ്വം ബോർഡിന്റെ പ്രസിഡന്റ്. ശബരിമലയിലെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും അതിനാൽ പത്തിനും 50-നുമിടയിലുള്ള സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്നും അന്ന് ബോർഡിനുവേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഘ്വി വാദിച്ചു.
അതേസമയത്ത് സംസ്ഥാനസർക്കാർ യുവതീപ്രവേശത്തെ ശക്തമായി അനുകൂലിച്ച് വാദമുന്നയിച്ചു. 2018 സെപ്റ്റംബറിൽ യുവതീപ്രവേശം അനുവദിച്ച് അഞ്ചംഗബെഞ്ചിന്റെ വിധിയും വന്നു. 2019-ൽ പുനഃപരിശോധനാ ഹർജി പരിഗണിക്കുമ്പോഴേക്കും ദേവസ്വം ബോർഡ് പ്രസിഡന്റ്സ്ഥാനത്തുനിന്ന് പ്രയാർ ഗോപാലകൃഷ്ണൻ മാറിയിരുന്നു. ഇതോടെ ബോർഡിന്റെ നിലപാടും മാറി.
എന്നാൽ, പ്രയാർ സ്വന്തംനിലയ്ക്ക് യുവതീപ്രവേശത്തെ എതിർത്ത് പുനഃപരിശോധനാ ഹർജി നൽകുകയും നേരത്തേ ബോർഡിനുവേണ്ടി ഹാജരായ അഭിഷേക് മനു സിംഘ്വിയെത്തന്നെ തനിക്കുവേണ്ടി വാദിക്കാൻ നിയോഗിക്കുകയും ചെയ്തത് അന്ന് വാർത്തയായിരുന്നു.
2019 നവംബറിൽ യുവതീപ്രവേശവിധി പുനഃപരിശോധിക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. തുടർന്ന് 2020-ൽ ഒൻപതംഗ ബെഞ്ചുണ്ടാക്കിയെങ്കിലും ഒരു ദിവസം മാത്രമാണ് കേസ് പരിഗണിച്ചത്. ആറു വർഷത്തിനുശേഷമാണ് ഇപ്പോൾ ഒൻപതംഗ ബെഞ്ചിൽ വീണ്ടും ശബരിമല വിഷയമെത്തിയത്.
ഭരണം മാറുമ്പോൾ നിലപാടുമാറ്റി സർക്കാരുകൾ
ഒരേ സർക്കാരിനു കീഴിലെ ദേവസ്വം ബോർഡാണ് ശബരിമല വിഷയത്തിൽ നിലപാട് മാറ്റുന്നത്. എന്നാൽ, സർക്കാരിന്റെ കാര്യത്തിൽ ഭരണം മാറുമ്പോൾ നിലപാട് മാറുന്നതാണ് കണ്ടുവരുന്നത്. 2007-ൽ വി.എസ്. സർക്കാർ യുവതീപ്രവേശത്തെ അനുകൂലിച്ചു.
2016-ൽ ഉമ്മൻചാണ്ടി സർക്കാർ യുവതീപ്രവേശത്തെ എതിർത്തു. പിന്നീടെത്തിയ പിണറായി സർക്കാർ 2018 മുതൽ യുവതീപ്രവേശത്തിന് അനുകൂലമായി നിലപാടെടുത്തു. ഇനി ഒൻപതംഗ ബെഞ്ചിനുമുൻപാകെ പിണറായി സർക്കാർ എന്തു നിലപാടെടുക്കുമെന്നാണ് അറിയാനുള്ളത്.
Content Highlights: The Devaswom Board has repeatedly changed its position on women's entry into Sabarimala. The stance often shifts with changes in government and board leadership. The case is currently before a nine-judge Supreme Court bench. Successive Kerala governments have held opposing views on the issue.
Published: 03 Mar 2026, 04:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented