ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന കേസിൽ നിർണ്ണായക ചോദ്യവുമായി ഭരണഘടന ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ബി.വി. നാഗരത്‌ന. ശബരിമല ക്ഷേത്രവുമായി ബന്ധമില്ലാത്തതും, അയ്യപ്പഭക്തർ അല്ലാത്തതുമായവരുടെ ആവശ്യം എന്തിനാണ് പരിഗണിച്ചത് എന്ന് ജസ്റ്റിസ് നാഗരത്‌ന ആരാഞ്ഞു. യുവതി പ്രവേശനം ആവശ്യപ്പെട്ട് അയ്യപ്പ ഭക്തരായ ആരും കോടതിയെ സമീപിച്ചിട്ടില്ലെന്നും ജസ്റ്റിസ് ബി വി നാഗരത്‌ന ചൂണ്ടിക്കാട്ടി. ശബരിമല യുവതി പ്രവേശന വിഷയം പരിഗണിക്കുന്ന ഒമ്പതംഗ ഭരണഘടന ബെഞ്ചിന് മുമ്പാകെ സോളിസിസ്റ്റർ ജനറൽ വാദം ഉന്നയിക്കുമ്പോഴാണ് നിർണ്ണായക ചോദ്യം ജസ്റ്റിസ് ബി.വി. നാഗരത്‌ന ഉന്നയിച്ചത്.

To advertise here,

യുവതി പ്രവേശന ആവശ്യവുമായി ഏതെങ്കിലും വ്യക്തി സിവിൽ കോടതിയെ സമീപിച്ചിരുന്നുവെങ്കിൽ കോടതിയിൽ നിന്ന് ഉയരുന്ന ആദ്യ ചോദ്യം നിങ്ങൾക്ക് കേസുമായുള്ള ബന്ധം എന്താണെന്ന് ആയിരിക്കും. ബന്ധം വിശദീകരിക്കാൻ ആയില്ലെങ്കിൽ അപ്പോൾ തന്നെ കേസ് തള്ളുമെന്നും ജസ്റ്റിസ് ബി.വി നാഗരത്‌ന ചൂണ്ടിക്കാട്ടി. അയ്യപ്പഭക്തതരായ ആരുമല്ല ശബരിമല യുവതി പ്രവേശനത്തിനായി കോടതിയെ സമീപിച്ചതെന്നും ജസ്റ്റിസ് ബി വി നാഗരത്‌ന ചൂണ്ടിക്കാട്ടി. ഇക്കാര്യം കണക്കിലെടുത്തുവെങ്കിൽ 2006 ൽ തന്നെ കേസ് തള്ളിയേനെയെന്നും ഒമ്പതംഗ ഭരണഘടന ബെഞ്ചിന് നേതൃത്വം നൽകിയ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു. എന്നാൽ അഞ്ച് അംഗ ഭരണഘടന ബെഞ്ച് ഉൾപ്പടെ ഈ വിഷയം പരിഗണിച്ച ശേഷമാണ് വിഷയം വിശാല ബെഞ്ചിന് വിട്ടത് എന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

ജഡ്ജിമാരുടെ നിരീക്ഷണത്തോട് യോജിച്ച സോളിസിസ്റ്റർ ജനറൽ തുഷാർ മേത്ത, മുസ്ലിം പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തനിക്ക് കോടതിയെ സമീപിക്കാൻ കഴിയില്ലെന്ന് പറഞ്ഞു. താൻ അങ്ങനെ സമീപിച്ചാൽ അതിനുള്ള അവകാശം തനിക്ക് എന്താണെന്ന് കോടതി ആരായുമെന്നും തുഷാർ മേത്ത പറഞ്ഞു. പഞ്ചാബിൽ രജിസ്റ്റർ ചെയ്ത ഇന്ത്യൻ യങ് ലോയേഴ്‌സ് അസോസിയേഷൻ ആണ് ശബരിമലയിൽ യുവതി പ്രവേശനത്തിനായി കോടതിയെ സമീപിച്ചതെന്ന് സുപ്രീം കോടതിയിൽ എഴുതി നൽകിയ വാദത്തിൽ സോളിസിസ്റ്റർ ജനറൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സംഘടനയ്ക്ക് ശബരിമലയെ കുറിച്ച് അറിയില്ലെന്നും കേന്ദ്ര സർക്കാർ എഴുതി നൽകിയ വാദത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.