ന്യൂഡൽഹി: ഒരു മതാചാരം അന്ധവിശ്വാസമാണോയെന്ന് പരിശോധിക്കാൻ തങ്ങൾക്കാകുമെന്ന് സുപ്രീംകോടതി. എന്നാൽ, ജഡ്ജിമാർക്ക് പാണ്ഡിത്യം മതത്തിലല്ല, നിയമത്തിലാണെന്നും മതേതരകോടതികൾക്ക് ഇക്കാര്യം പരിശോധിക്കാനാവില്ലെന്നും കേന്ദ്ര സർക്കാർ പറഞ്ഞു. ഒരു ആചാരം അന്ധവിശ്വാസമാണോയെന്ന് എങ്ങനെയാണ് കോടതിക്ക് പരിശോധിക്കാനാവുകയെന്ന് കേന്ദ്രത്തിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചോദിച്ചു. അന്ധവിശ്വാസമാണെന്ന് സങ്കല്പിച്ചാൽത്തന്നെ കോടതിയല്ല, നിയമനിർമാണമാണ് പരിഹാരമെന്നും അദ്ദേഹം വാദിച്ചു.
ശബരിമലക്കേസിലെ വിശാലമായ നിയമപ്രശ്‌നങ്ങൾ പരിശോധിക്കുന്ന ഒമ്പതംഗബെഞ്ചിലെ ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുള്ളയാണ് അന്ധവിശ്വാസമാണോയെന്ന് കോടതിക്ക് നിശ്ചയിക്കാനാകുമെന്ന് പറഞ്ഞത്. എന്നാൽ, ഒരു ആചാരം അന്ധവിശ്വാസമാണെന്നും പരിഷ്‌കരണം ആവശ്യമാണെന്നും പറയേണ്ടത് നിയമനിർമാണസഭകളാണെന്ന് സോളിസിറ്റർ വാദിച്ചു. അതേസമയം, നിയമനിർമാണസഭകളാണ് അവസാനവാക്കെന്ന് പറയാനാവില്ലെന്ന് ജസ്റ്റിസ് അമാനുള്ള വ്യക്തമാക്കി.
നാഗാലാൻഡിൽ മതാചാരമായി കാണുന്ന ഒന്നിനെ തനിക്ക് അന്ധവിശ്വാസമായി തോന്നാമെന്ന് തുഷാർ മേത്ത ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയിൽ മന്ത്രവാദം തടയാൻ നിയമമുണ്ട്. അവിടെ ദുർമന്ത്രവാദമാണെന്ന് അംഗീകരിക്കപ്പെട്ട കാര്യമാണ് നിയമത്തിലൂടെ വിലക്കിയത്. എന്നാൽ, കുറച്ച് ജഡ്ജിമാർ ഇരുന്ന് ഇക്കാര്യം തീരുമാനിക്കാനാവില്ല.
അതേസമയം, മനസ്സാക്ഷിയെ പിടിച്ചുലയ്ക്കുന്ന നരബലിപോലുള്ളവയിൽ ഇടപെടാമെന്നതിൽ ഒരു തർക്കവുമില്ലെന്ന് തുഷാർ മേത്ത പറഞ്ഞു. പൊതുക്രമം, ആരോഗ്യം, ധാർമികത എന്നിവയ്‌ക്കെതിരായ ആചാരങ്ങളിൽ കോടതിക്ക് ഇടപെടാം. എന്നാൽ, മതപരിഷ്‌കരണത്തിന്റെപേരിൽ മതത്തിന്റെ സവിശേഷതതന്നെ ഇല്ലാതാക്കരുതെന്ന് തുഷാർ മേത്ത വാദിച്ചു. ഇതിനോട് ജസ്റ്റിസ് ബി.വി. നാഗരത്‌ന യോജിച്ചു.
മതാചാരമെന്തെന്ന് ശിരൂർമഠക്കേസ് വിധിയിൽ പറയുന്നതിനെ ദർഗാകമ്മിറ്റി കേസിൽ സുപ്രീംകോടതി തെറ്റായാണ് വ്യാഖ്യാനിച്ചതെന്ന് തുഷാർ മേത്ത പറഞ്ഞു. മതത്തിന് അനിവാര്യമായ ആചാരം എന്ന വ്യഖ്യാനം തെറ്റാണ്. ഇസ്ലാം, ക്രിസ്ത്യൻ മതങ്ങളിൽ ഒരു സ്രഷ്ടാവ്, ഒരു വിശുദ്ധപുസ്തകം എന്നിവയായതിനാൽ ഇതാണ് മതത്തിലെ അനിവാര്യമായ ആചാരമെന്ന് പറയാനാകും. എന്നാൽ, ഹിന്ദുമതത്തിൽ അങ്ങനെയല്ലാത്തതിനാൽ അനിവാര്യമായ ആചാരമേതെന്ന് കണ്ടെത്താൻ പ്രയാസമാണ്.
മതം, മതാചാരം, വിശ്വാസി സമൂഹം എന്നിവയെ നിർവചിക്കലാണ് പ്രശ്‌നമെന്ന് സോളിസിറ്റർ പറഞ്ഞു. ആര്യസമാജം, ബ്രഹ്‌മസമാജം എന്നിവയിലുള്ളവർ വിഗ്രഹാരാധനയ്ക്കും വേദത്തിനും എതിരാണ്. ഇവർക്ക് പൊതുവായൊരു സംഘടനയോ പേരോ ഇല്ലെങ്കിലും അവരും വിശ്വാസിസമൂഹത്തിന്റെപരിധിയിൽവരും. ഇവരുടെ വിശ്വാസങ്ങളിലേക്ക് കോടതിക്ക് കടക്കാനാകുമോയെന്നതാണ് ചോദ്യമെന്നും അദ്ദേഹം പറഞ്ഞു.
പരാതി സിവിൽ സ്യൂട്ടായിരുന്നെങ്കിൽ സിവിൽ നടപടിക്രമത്തിലെ ഓർഡർ ഏഴിലെ 11-ാം ചട്ടപ്രകാരം തള്ളുമായിരുന്നെന്നും ജസ്റ്റിസ് നാഗരത്‌ന ചൂണ്ടിക്കാട്ടി.
ഒരു വിശ്വാസിസമൂഹത്തിന്റെ ആചാരം അതിന് പുറത്തുള്ളവർക്ക് പൊതുതാത്പര്യ ഹർജിയിലൂടെ ചോദ്യംചെയ്യാനാകുമോ എന്നതാണ് ഏഴാമത്തെ നിയമപ്രശ്‌നമെന്ന് തുഷാർ മേത്ത പറഞ്ഞു. മുസ്ലിം സ്ത്രീകളെ പള്ളിയിൽ കയറ്റണമെന്ന് എനിക്കെങ്ങനെ റിട്ട് ഹർജി നൽകാനാകുമെന്ന് തുഷാർ മേത്ത ചോദിച്ചു.
ഹർജി നിലനിൽക്കുന്നതല്ലെങ്കിൽ ഒമ്പതംഗബെഞ്ചിലെ റഫറൻസ്തന്നെ തള്ളുകയാണ് വേണ്ടതെന്ന് യുവതീപ്രവേശനം ആവശ്യപ്പെടുന്നവർക്കുവേണ്ടി മുതിർന്ന അഭിഭാഷക ഇന്ദിരാ ജെയ്സിങ് പറഞ്ഞു.
ഗുരുതരമായ ഭരണഘടനാവിഷയമുണ്ടെങ്കിൽ ഹർജിക്കാരുടെ അർഹതനോക്കാതെ കോടതിക്ക് ഇടപെടാമെന്നാണ് 2018-ലെ ശബരിമലവിധിയിൽ പറയുന്നതെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. അതേസമയം, മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയത്തിൽ വ്യക്തിപരമായി പ്രശ്‌നം നേരിടുന്നവരാണ് പരാതി നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Supreme Court examines if it has the authority to define and regulate religious practices as superstition., Central Government argues that judicial intervention in religious matters is overreach and suggests legislative solutions., The 2026 debate highlights the complexity of defining 'essential religious practices' across different faiths., Discussion on whether public interest litigation can be used to challenge religious customs by outsiders.
Published: 09 Apr 2026, 06:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented