ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും സുപ്രീംകോടതിയിൽ വീണ്ടും രണ്ടുതട്ടിലായി. 2018-ൽ കേസ് പരിഗണിച്ചപ്പോൾ യുവതികളെ പ്രവേശിപ്പിക്കണമെന്ന് സർക്കാരും പാടില്ലെന്ന് ബോർഡും അന്ന് വാദിച്ചിരുന്നു. എന്നാൽ, 2019-ൽ പുനഃപരിശോധനാ ഹർജി പരിഗണിക്കവേ ബോർഡും സർക്കാരിനൊപ്പം ചേർന്ന് യുവതീപ്രവേശനത്തെ അനുകൂലിച്ചു.

To advertise here,

മതാചാരങ്ങളിലും വിശ്വാസങ്ങളിലും കോടതിക്ക് ഇടപെടാനാവില്ലെന്ന വാദങ്ങളാണ് ബോർഡിനുവേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഘ്‌വി തയ്യാറാക്കി അഡ്വ. പി.എസ്. സുധീർ സുപ്രീംകോടതിയിൽ സമർപ്പിച്ചത്. വ്യക്തിഗത അവകാശവും വിശ്വാസിസമൂഹത്തിന്റെ അവകാശവും തമ്മിൽ തർക്കമുണ്ടായാൽ രണ്ടാമത്തേതാണ് നിലനിൽക്കുകയെന്നും ബോർഡ് പറഞ്ഞു.

അതേസമയം, 2007-ൽ വി.എസ്. സർക്കാർ നൽകിയ സത്യവാങ്മൂലത്തിലെ നിലപാടാണ് സംസ്ഥാന സർക്കാർ ഒമ്പതംഗ ബെഞ്ചിൽ ആവർത്തിച്ചത്. മതാചാരങ്ങൾ കോടതി പരിശോധിക്കരുതെന്ന് സർക്കാർ പറയുന്നില്ല. മറിച്ച് അങ്ങനെ ചെയ്യുന്നത് മതപണ്ഡിതരുടെയും സാമൂഹിക പരിഷ്കർത്താക്കളുടെയും അഭിപ്രായം തേടിയാകണമെന്നേയുള്ളൂ.

ഇക്കാര്യങ്ങളിൽ നിയമനിർമാണം നടത്താൻ സർക്കാരിന് അധികാരമുണ്ട്. ഒരു വിശ്വാസിസമൂഹത്തിന്റെ ആചാരങ്ങളിൽ ഗുരുതര മനുഷ്യാവകാശലംഘനമുണ്ടെങ്കിൽ അതിന് പുറത്തുള്ളവർക്കും ചോദ്യംചെയ്യാമെന്നും സർക്കാർ പറഞ്ഞു. എന്നാൽ, സാമൂഹികക്ഷേമത്തിന്റെയോ പരിഷ്കരണത്തിന്റെയോ വിശാലമായ കാരണങ്ങളാൽ ആചാരങ്ങളെ നിയന്ത്രിക്കാനാവില്ലെന്ന് ബോർഡ് പറയുന്നു.