പത്തനംതിട്ട: ശബരിമല വികസനത്തിനുള്ള മാസ്റ്റർപ്ലാനിന് വേണ്ടി ബജറ്റുകളിൽ പ്രഖ്യാപിക്കുന്ന തുകയിൽ കിട്ടുന്നത് നാമമാത്രം.

To advertise here,

ഇക്കുറി 30 കോടി രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞബജറ്റിൽ 27.6 കോടി രൂപ പ്രഖ്യാപിച്ചെങ്കിലും കിട്ടിയത് രണ്ടുകോടി മാത്രമായിരുന്നു. നാല് മുൻ ബജറ്റുകളിലും 25 കോടിക്കും 30 കോടിക്കും ഇടയ്ക്ക് തുക പ്രഖ്യാപിച്ചെങ്കിലും അനുവദിച്ച പണം അഞ്ചുകോടിക്ക് മേൽ പോയില്ല. പൂർത്തിയാക്കിയ ജോലികളുടെ ബില്ലുകൾ, സർക്കാരിന്റെ സാമ്പത്തികപ്രതിസന്ധി പറഞ്ഞ് പിടിച്ചുവെക്കുന്നതും പതിവ്.

ശബരിമല വികസനത്തിന്റെ അടിസ്ഥാനം മാസ്റ്റർപ്ലാനാണ്. 1033.62 കോടി രൂപയുടെ മാസ്റ്റർപ്ലാനാണ് സർക്കാർ നേരത്തേ അംഗീകരിച്ചിട്ടുള്ളത്. സന്നിധാനത്തെ ബയോഗ്യാസ് പ്ലാന്റിന്റെ പ്രാഥമിക ജോലികളുടെ ബില്ലുകൾ, പണമില്ലാത്തതിനാൽ പാസാക്കിയിട്ടില്ല. ഒരുകോടി രൂപയുടെ ജോലികൾക്ക് 14 ലക്ഷം മാത്രമേ നൽകിയിട്ടുള്ളൂ.

പതിനെട്ടാംപടി കയറിച്ചെന്നാൽ ക്ഷേത്രം മാത്രം എന്നത് നടപ്പാക്കാനുള്ള 96 കോടിയുടെ പദ്ധതിയുടെ ഡിപിആർ, പണം കൊടുക്കാത്തതിനാൽ ദേവസ്വംബോർഡിന് കിട്ടിയിട്ടില്ല. എറണാകുളം ആസ്ഥാനമായ ഏജൻസിക്ക് 2.4 കോടി രൂപയാണ് നൽകണ്ടേത്. ആ തുക പൂർണമായും നൽകാത്തതിനാലാണ് ഡിപിആർ കിട്ടാത്തത്. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ സമഗ്ര വികസനത്തിനാണ് മാസ്റ്റർപ്ലാൻ ആവിഷ്‌കരിച്ചത്.

ഇതിലെ പദ്ധതികൾക്ക് പണം കണ്ടെത്താനാണ് പമ്പയിൽ സെപ്റ്റംബറിൽ ആഗോള അയ്യപ്പസംഗമം നടത്തിയത്. ഒരു സ്‌പോൺസർപോലും സംഗമത്തിലൂടെ എത്തിയില്ല.

പമ്പമാലിന്യമുക്തമാക്കാൻ 30 കോടി

ഇത്തവണത്തെ ബജറ്റിൽ പമ്പാനദി മാലിന്യമുക്തമാക്കാൻ 30 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ജനവാസമേഖലയിലൂടെ ഒഴുകുന്ന നദിയുടെ ശുചീകരണമാണ് ലക്ഷ്യമിടുന്നത്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലൂടെയാണ് പമ്പ ഒഴുകുന്നത്. ശബരിമല തീർഥാടകർ തുണി ഉപേക്ഷിക്കുന്നത് മൂലം പമ്പ മലിനമാവുന്നതിന് എതിരേ നടപടി വേണമെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന തുക ആരാണ് ചെലവാക്കേണ്ടത് എന്നതിൽ വ്യക്തത വരേണ്ടതുണ്ട്.