ആറന്മുള: ലോകപ്രശസ്തമായ ആറന്മുള ഉത്രട്ടാതി ജലമേളയ്ക്ക് പമ്പാനദിയിൽ ആവേശകരമായ തുടക്കമായി. ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ നിലവിളക്ക് കൊളുത്തിക്കൊണ്ട് മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. മൂന്ന് മണിയോടെ മത്സരവും ആരംഭിച്ചു. ആയിരക്കണക്കിന് ജലമേള പ്രേമികൾ കാത്തിരുന്ന അവിസ്മരണീയ നിമിഷങ്ങൾക്കാണ് ഇപ്പോൾ പമ്പാതീരം സാക്ഷ്യം വഹിക്കുന്നത്.

To advertise here,

ഉദ്ഘാടനച്ചടങ്ങുകൾക്ക് പിന്നാലെ പമ്പയിലൂടെ തിരുവോണത്തോണിയാണ് ആദ്യം തുഴഞ്ഞുപോയത്‌. കൃഷ്ണവേഷം കെട്ടിയ ബാലനും, തുഴച്ചിൽക്കാരും, മങ്ങാട്ട് മഠത്തിലെ കാരണവന്മാരും അടങ്ങുന്ന സംഘമാണ് തിരുവോണത്തോണിയിൽ അണിനിരന്നത്. പമ്പയുടെ ഇരുകരകളിലും തടിച്ചുകൂടിയ ജനങ്ങൾ ആർപ്പുവിളികളോടെ തിരുവോണത്തോണിയെ വരവേറ്റു.

ജലഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി വേലകളി വേഷധാരികളും മോഹിനിയാട്ടം അവതരിപ്പിക്കുന്ന കുട്ടികളും പ്രത്യേകം തയ്യാറാക്കിയ ചെങ്ങാടങ്ങളിൽ അണിനിരന്നിരുന്നു. ഇത്തവണത്തെ ജലഘോഷയാത്രയിൽ ആകെ 51 പള്ളിയോടങ്ങളാണ് അണിനിരക്കുന്നത്. ഇവയെ എ, ബി എന്നീ രണ്ട് ബാച്ചുകളായി തിരിച്ചിട്ടുണ്ട്. എ ബാച്ചിൽ 35 പള്ളിയോടങ്ങളും ബി ബാച്ചിൽ 16 പള്ളിയോടങ്ങളുമാണുള്ളത്.