കൊച്ചി: ശബരിമല സ്വർണക്കവർച്ചാ കേസിൽ അറസ്റ്റിലായ മൂന്നു പ്രതികൾക്ക് ജാമ്യം നിഷേധിച്ച് ഹൈക്കോടതി. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ എ. പദ്മകുമാർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. ശബരിമല സ്വർണക്കൊള്ളയിൽ പ്രതികളായവർക്കെതിരെയുള്ള ആരോപണങ്ങൾ പരിശോധിക്കുമ്പോൾ ‘ജാതി-മത-പദവി ഭേദമന്യേ എല്ലാവർക്കും നെടുവീർപ്പോടെ മൂളിക്കൊണ്ടിരിക്കാൻ’ ഒരു ഗാനവും ഹൈക്കോടതി വിധിപ്രസ്താവത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

To advertise here,

'പഞ്ചാഗ്‌നി മധ്യേ തപസ്സുചെയ്താലുമീ പാപകർമത്തിൻ പ്രതിക്രിയയാകുമോ... സംക്രമം... ഉദയസംക്രമം... പ്രണവതാളത്തിലുണരുന്നിതാ... ഞാനെന്ന ഭാവങ്ങളത്രയുമെരിച്ചു- കൊണ്ടുയരുന്ന ജാത ... വേദാഗ്‌നിയായ് . അദ്വൈതമന്ത്രങ്ങളഖിലാണ്ഡചൈതന്യ മേകമെന്നരുളുന്ന പൊരുളായ്... സംക്രമം... ഉദയസംക്രമം... പ്രണവതാളത്തിലുണരുന്നിതാ...' എന്ന വരികളാണ് പ്രസ്താവത്തിലുള്ളത്.

ശബരിമലയിൽ സ്വർണപ്പാളികളും മറ്റും മാറ്റിസ്ഥാപിച്ചതുവഴി 4147 ഗ്രാം സ്വർണമാണ് നഷ്ടമായതെന്നാണ് വിധിപ്രസ്താവത്തിൽ അന്വേഷണ സംഘത്തെ ഉദ്ധരിച്ച് പറയുന്നത്. 474 ഗ്രാം സ്വർണം മാത്രമാണ് കണ്ടെത്തിയത്. മുഴുവൻ സ്വർണവും കണ്ടെത്തണം. ഇല്ലെങ്കിൽ അതിന് മതിയായ കാരണം വ്യക്തമാക്കേണ്ടിവരുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

പ്രോസിക്യൂഷൻ ഏതെങ്കിലും കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടാൽ മുരാരി ബാബുവിന് നിയമപരമായ ജാമ്യം ലഭിക്കാൻ അർഹതയുണ്ടെങ്കിൽ, അതിന് ശ്രമിക്കാവുന്നതും നിയമപരമായി പരിഗണിക്കാവുന്നതുമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

അയ്യപ്പന്റെ സ്വത്ത് സംരക്ഷിക്കേണ്ടവരാണ് കൊള്ളക്കാരായി മാറിയിരിക്കുന്നതെന്നും അന്വേഷണം പാതിവഴിയിലാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്.