ചെറുകുന്ന്: അമ്മയും അമ്മമ്മയും ചേർന്ന്‌ ചോറൂട്ടുന്നതിനിടെ വീട്ടുമുറ്റത്തെ പൊക്കംകുറഞ്ഞ ആൾമറയുള്ള കിണറ്റിൽവീണ് രണ്ടുവയസ്സുകാരന്‌ ദാരുണാന്ത്യം. മാട്ടൂൽ പഞ്ചായത്തിൽ മടക്കരയിലെ ‘പ്രിയതാര’യിൽ ആയുർവേദ ഡോക്ടർ പയ്യനാട്ട് സിതാരയുടെയും അമേരിക്കയിൽ എൻജിനീയറായ തൃപ്പൂണിത്തുറയിലെ വിപിൻ നാരായണന്റെയും മകൻ സ്വാതികാണ് മരിച്ചത്‌.

To advertise here,

മുറ്റത്ത്‌ നിർത്തിയിട്ട കാറിന്റെയും സ്കൂട്ടറിന്റെയും ഇടയിലൂടെ കളിച്ചും നടന്നും ഭക്ഷണം കഴിക്കുന്നതിനിടെ ചൊവ്വാഴ്ച ഉച്ചയ്ക്ക് കുഞ്ഞ്‌ കിണറ്റിൽ വീഴുകയായിരുന്നു. ഇതറിയാതെ വീട്ടുകാർ വീടിനകത്തും പറന്പിലും കുഞ്ഞിനായി തിരച്ചിൽ നടത്തി. എങ്ങും കാണാതായതോടെ കിണറ്റിൽ നോക്കിയപ്പോൾ വെള്ളത്തിൽ അനക്കവും കുഞ്ഞിന്റെ ചെരിപ്പും കണ്ടു.

ഉടൻ അമ്മമ്മ രാധ കിണറ്റിലേക്ക്‌ ചാടി കുഞ്ഞിനെ പുറത്തെടുത്ത്‌ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ എത്തിക്കുകയായിരുന്നു. വെന്റിലേറ്ററിലായിരുന്ന കുഞ്ഞിന്റെ മരണം വെള്ളിയാഴ്ച ഉച്ചയോടെയാണ്‌ സ്ഥിരീകരിച്ചത്‌.

കുഞ്ഞിനെ രക്ഷിക്കാൻ ചാടിയ രാധയ്ക്ക്‌ നിസ്സാരപരിക്കുണ്ട്‌. മടക്കരയിലെ മുൻ അധ്യാപകൻ പയ്യനാട്ട് മുകുന്ദന്റെ മകളാണ് ഡോ. സിതാര പയ്യനാട്ട്. മൃതദേഹം ശനിയാഴ്ച പോസ്റ്റ്മോർട്ടം ചെയ്തശേഷം ഉച്ചയോടെ വീട്ടിലെത്തിച്ച് സംസ്കരിക്കും. 

പിന്നോട്ടെടുത്ത കാറിനടിയിൽപ്പെട്ട് ഒന്നരവയസ്സുകാരി മരിച്ചു

കണ്ണൂർസിറ്റി: വീട്ടുമുറ്റത്ത് പിന്നോട്ടെടുത്ത കാറിനടിയിൽപെട്ട് ഒന്നരവയസുകാരി മരിച്ചു. തയ്യിൽ പഴയ വെത്തിലപ്പള്ളിക്ക് സമീപത്തെ സെയിൻ വീട്ടിൽ ഷഫ്കത്തിന്റെയും ഷഷ്മയുടെയും മകൾ ഹൂറി മെഹബൂബിയാണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ ഷഫ്കത്തും ഷഷ്മയും മക്കളായ യസ്ലീനും ഹൂറി മെഹബൂബിയും തറവാട്ടുവീട്ടിലേക്ക് പോകാൻ പുറപ്പെട്ടപ്പോഴാണ് കുഞ്ഞുമകൾ കാറിനടിയിൽപെട്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഗൾഫിൽനിന്ന് നാലുമാസം മുമ്പ് നാട്ടിലെത്തിയ ഷഫ്കത്ത് തിങ്കളാഴ്ച തിരിച്ച് പോകാനിരിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കബറടക്കി.