
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ കാറിടിച്ച് മൂന്നുപേർ കൊല്ലപ്പെട്ട കേസിലെ പ്രതികളെ അങ്കമാലി കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘത്തിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതി ശനിയാഴ്ച വൈകീട്ട് അഞ്ചുവരെ കസ്റ്റഡിൽ വിട്ട് ഉത്തരവായത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് അങ്കമാലി കോടതി കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പാർപ്പിച്ചിരിക്കുന്ന നാല് പ്രതികളെയും കോടതിയിൽ ഹാജരാക്കിയിരുന്നു.
പ്രതികളായ സുഹൈൽ, നിനവ്, ജോയൽ, അമീൻ എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. അപകടവുമായി ബന്ധപ്പെട്ട് ശേഖരിച്ച സി.സി.ടി.വി. ദൃശ്യങ്ങൾ, ശാസ്ത്രീയ തെളിവുകൾ, വാഹനം സംബന്ധിച്ചുള്ള വിവരങ്ങൾ ഉൾപ്പെടെയുള്ളവ പരിശോധിക്കാനും സംഭവത്തിന്റെ വിവിധ വശങ്ങളിൽ വ്യക്തത വരുത്താനുമാണ് അന്വേഷണസംഘം പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. ഇത് രണ്ടാംവട്ടമാണ് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിടുന്നത്. കസ്റ്റഡിയിൽ വാങ്ങിയ പ്രതികള ഡിവൈ.എസ്.പി. ബൈജു പൗലോസിന്റെ നേതൃത്വത്തിൽ വിശദമായി ചോദ്യംചെയ്യും. നെടുമ്പാശ്ശേരി വിമാനത്താവള റോഡിൽ ഈ മാസം 11-ന് പുലർച്ചെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്.ഒന്നാം പ്രതി സുഹൈൽ, നിനവ്, അമീൻ, ജോയൽ എന്നിവരുടെ ജാമ്യാപേക്ഷ അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയും എറണാകുളം ജില്ലാ സെഷൻസ് കോടതിയും തള്ളിയിരുന്നു.
ജാമ്യഹർജി ഹൈക്കോടതി ആറിന് പരിഗണിക്കും
കൊച്ചി: നെടുമ്പാശ്ശേരിയിൽ ആഡംബര കാറിടിച്ച് മൂന്നുപേർ മരിച്ച സംഭവത്തിൽ പ്രതികളുടെ ജാമ്യഹർജി ഹൈക്കോടതി നവംബർ ആറിന് പരിണിക്കും. കേസിലെ ഒന്നാംപ്രതി സുഹൈൽ സജീവും (19) മൂന്നാം പ്രതി ജോയൽ എസ്. ആന്റോ (19) യുമാണ് ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച ജസ്റ്റിസ് കൗസർ എടപ്പഗത്ത് സർക്കാരിന്റെ വിശദീകരണം തേടി.
അപകടം നടന്ന ഒക്ടോബർ 11 മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നും തുടർച്ചയായ ജയിൽവാസം തന്റെ പഠനത്തെ ബാധിക്കുമെന്നും ഉപാധികളോടെ ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് കോളജ് വിദ്യാർഥിയായ സുഹൈലിന്റെ ഹർജി. അന്വേഷണവുമായി പൂർണമായി സഹകരിക്കും. സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ ശ്രമിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
വാഹനത്തിന്റെ പിൻസീറ്റിലിരുന്ന താൻ ഡ്രൈവർക്ക് നിർദേശങ്ങൾ നൽകുകയോ അമിതവേഗത്തിൽ പോകാൻ പ്രേരിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ജോയലിന്റെ വാദം. അനാവശ്യമായാണ് തന്നെ പ്രതിചേർത്തത്. മദ്യപിച്ചുവെന്ന ആരോപണം തെളിയിക്കാൻ തന്റെ രക്തപരിശോധന നടത്തിയിട്ടില്ല. പഠനം തടസ്സപ്പെടുന്ന കാര്യം ജോയലിന്റെ ഹർജിയിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Content Highlights: Four accused in the Nedumbassery fatal car accident case granted to police custody until Saturday evening by the Angamaly court., Special investigation team led by DySP Baiju Poulose to interrogate the accused using CCTV footage and scientific evidence., High Court to hear the bail petitions of prime accused Suhail and Joel on November 6.
Published: 31 Oct 2026, 08:12 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented