കൊച്ചി: കള്ളുഷാപ്പുകളിലെ തസ്തികകളിൽ സ്ത്രീകളെ ജോലിക്ക് നിയമിക്കുന്നത് വിലക്കുന്ന ഉത്തരവ് റദ്ദാക്കി കേരള ഹൈക്കോടതി. കേരള അബ്കാരി ഷാപ്പ് ഡിസ്പോസൽ ചട്ടങ്ങളിലെ 7(37)-ാം വകുപ്പാണ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കിയത്. തൃശൂർ സ്വദേശിനിയായ സോഫി സമർപ്പിച്ച ഹർജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

To advertise here,

2024-ൽ കള്ളുഷാപ്പ് ജീവനക്കാരനായ ഭർത്താവ് മരണപ്പെട്ടതിനെ തുടർന്ന് ആശ്രിത നിയമനത്തിന് സോഫി അപേക്ഷിച്ചെങ്കിലും ചട്ടം ചൂണ്ടിക്കാട്ടി ജോലി നിഷേധിക്കപ്പെടുകയായിരുന്നു. തുടർന്ന് മുതിർന്ന അഭിഭാഷകൻ രഞ്ജിത്ത് തമ്പാൻ മുഖേനയാണ് സോഫി ഹൈക്കോടതിയെ സമീപിച്ച് ചട്ടത്തിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്തത്. 

സ്ത്രീകളെ ചൂഷണത്തിൽനിന്നും ജോലിസ്ഥലത്തെ എല്ലാത്തരം ഉപദ്രവങ്ങളിൽനിന്നും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമം കൊണ്ടുവന്നതെന്നാണ് സർക്കാർ പ്ലീഡർ കോടതിയിൽ വാദിച്ചത്. എന്നാൽ, ലിംഗവിവേചനം കാരണം ഉണ്ടാകുന്ന പ്രയാസങ്ങൾ ഇല്ലാതാക്കാനും സ്ത്രീകൾക്ക് തങ്ങൾ തിരഞ്ഞെടുക്കുന്ന മേഖലകളിൽ ആത്മവിശ്വാസത്തോടെ ജോലിചെയ്യാനുള്ള സുരക്ഷിത അന്തരീക്ഷം ഒരുക്കാനുമാണ് സംസ്ഥാന സർക്കാർ ശ്രദ്ധിക്കേണ്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കി.

മുൻപ് വിദേശമദ്യഷാപ്പുകളിൽ സ്ത്രീകളെ നിയമിക്കുന്നത് വിലക്കിയിരുന്ന ചട്ടവും ഹൈക്കോടതി റദ്ദാക്കിയിരുന്നു. നിലവിലെ കേസിന്റെ വസ്തുതകൾ പരിശോധിക്കുമ്പോൾ ഈ വിലക്ക് ന്യായീകരിക്കാൻ കഴിയില്ലെന്നും സ്ത്രീകൾക്ക് അവർ ആഗ്രഹിക്കുന്നിടത്ത് ജോലിചെയ്യാനുള്ള സുരക്ഷിതത്വം ഉറപ്പാക്കുകയാണ് വേണ്ടതെന്നും കോടതി കൂട്ടിച്ചേർത്തു.