തിരുവനന്തപുരം: മദ്യനയത്തിൽ തീരുമാനമാകുന്നതുവരെ പുതിയ ബാർ ലൈസൻസുകൾ നൽകരുതെന്ന സർക്കാർ നിർദേശം ലംഘിച്ച എക്സൈസ് കമ്മിഷണറുടെ നടപടികളിൽ റിപ്പോർട്ട് തേടി മന്ത്രി എം. ലിജു. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷമാണ് കോട്ടയത്തെ ഒരു ബാറിനും എറണാകുളത്തെ രണ്ട് ബാറുകൾക്കും എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ തരംമാറ്റി ബാർ ലൈസൻസ് അനുവദിച്ചത്. ജൂൺ മാസത്തിൽ അനുവദിച്ച ഈ ലൈസൻസുകളിൽ വിശദീകരണം തേടുകയും അപേക്ഷകളിലെ നീക്കങ്ങളെക്കുറിച്ച് അന്വേഷണം നടത്തുകയും ചെയ്യും.

To advertise here,

നിലവിലെ ചട്ടങ്ങൾ അനുസരിച്ച് 10 മുതൽ 13 വർഷം വരെ ബിയർ പാർലറായി പ്രവർത്തിച്ച സ്ഥാപനങ്ങൾക്ക് യാതൊരുവിധ പരിശോധനകളും നടത്താതെതന്നെ 24 മണിക്കൂറിനുള്ളിൽ എഫ്.എൽ 11-ൽനിന്ന് എഫ്.എൽ 3 (ബാർ) ആക്കി മാറ്റാൻ ഡെപ്യൂട്ടി കമ്മിഷണർക്ക് അധികാരമുണ്ട്. കൂടാതെ എയർപോർട്ട് ലോഞ്ചുകളിലെ ബാറുകൾ ഉൾപ്പെടെയുള്ളവ അനുവദിക്കാൻ എക്സൈസ് കമ്മിഷണർക്കും അധികാരമുണ്ട്. എന്നാൽ, സർക്കാരിൻ്റെ പ്രത്യേക നിർദേശം നിലനിൽക്കെ ഇത്തരത്തിൽ പരിശോധനകളില്ലാതെ ലൈസൻസ് നൽകിയതിൽ പാളിച്ചയുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. 

എക്സൈസ് കമ്മിഷണർക്കും ഡെപ്യൂട്ടി കമ്മിഷണർമാർക്കും ലൈസൻസുകൾ നേരിട്ട് അനുവദിക്കാൻ നിലവിലുള്ള നിയമപരമായ പഴുതുകൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ അബ്കാരി ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു. കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചുതന്നെ സിസ്റ്റം തിരുത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥരുടെ അധികാരപരിധി വ്യക്തമായി നിർവചിക്കുമെന്നും മന്ത്രി അറിയിച്ചു.

വരാനിരിക്കുന്ന പുതിയ മദ്യനയത്തെക്കുറിച്ച് ധാരണയുണ്ടായിരുന്നിട്ടും സർക്കാർ വേണ്ടെന്ന് വ്യക്തമാക്കിയ കാര്യങ്ങളിൽ ഉത്തരവിറക്കാൻ കമ്മിഷണർക്കുള്ള അധികാരം പരിശോധിക്കും. അസിസ്റ്റന്റ് ചീഫ് സെക്രട്ടറി സർക്കാരിന്റെ നയം അറിയിച്ചതിന് ശേഷവും ഇത്തരം നടപടികൾ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ച ശേഷം കമ്മിഷണറെ മാറ്റുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കും. ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ നീക്കമില്ലെന്നും കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചായിരിക്കും മുന്നോട്ടുപോകുകയെന്നും മന്ത്രി വ്യക്തമാക്കി.