ന്യൂഡൽഹി: ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ തർക്കങ്ങളുണ്ടായതായി സ്ഥിരീകരിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. തങ്ങളുടെ മന്ത്രിസഭാ യോഗമെന്നത് പിണറായിയുടെ മന്ത്രിസഭ പോലെ അല്ലെന്നും എല്ലാവരും പരസ്പരം അഭിപ്രായങ്ങൾ പറയുന്നതും തർക്കിക്കുന്നതും സ്വാഭാവികമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

To advertise here,

'ഇന്ന് മന്ത്രിസഭയിൽ ഒരുപാട് തർക്കങ്ങളുണ്ടായി ഇത് പിണറായി വിജയന്റെ മന്ത്രിസഭയല്ല. രണ്ടര മണിക്കൂറായിരുന്നു യോഗം. പിണറായി വിജയൻ പോക്കറ്റിൽനിന്ന് ഒരു കടലാസെടുത്താൽ എല്ലാം അംഗീകരിക്കുന്ന വിധേയരുടെ മന്ത്രിസഭയല്ല ഇത്. ഒരു മണിക്കൂർ ചർച്ച ചെയ്തത് ഉന്നത വിദ്യാഭ്യാസ ബില്ലിനെ കുറിച്ചാണ്. പല മന്ത്രിമാരും വ്യത്യസ്ത അഭിപ്രായങ്ങൾ പറഞ്ഞു. ചിലർ തമ്മിൽ തർക്കിച്ചു. അവസാനം ഒരു തീരുമാനമെടുത്ത് അവസാനിപ്പിക്കാൻ എന്നോട് പറഞ്ഞു. എന്തെല്ലാം മാറ്റങ്ങളാണ് വരുത്തേണ്ടതെന്നും തീരുമാനിച്ചു. എൽപിഎസ്ടി സമരത്തെ കുറിച്ചും ചർച്ച ചെയ്തു. അതിൽ തർക്കമില്ല. നിർദേശങ്ങളാണ് ഉയർന്നത്' മുഖ്യമന്ത്രി പറഞ്ഞു.

'സമരം ചെയ്യുന്നവരുടെ ആരോഗ്യത്തെ സംബന്ധിച്ചായിരുന്നു ഞങ്ങളുടെ വേവലാതി. അവരുടെ ആരോഗ്യത്തിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്. ചർച്ചയ്ക്ക് സർക്കാർ തയ്യാറാണ്. ചർച്ചയിൽ സർക്കാർ എടുക്കേണ്ട നിലപാടാണ് ഞങ്ങൾ ചർച്ച ചെയ്തത്. ഇതാണ് ജനാധിപത്യം. എൽഡിഎഫ് സർക്കാരിലേത് പോലെ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കില്ല. തർക്കങ്ങൾ ഉണ്ടാകും, വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടാകും. അവസാനം തീരുമാനവും ഉണ്ടാകും. ഏറ്റവും ജൂനിയറായിട്ടുള്ള ജനീഷുവരെ എന്റെ മുഖത്ത് നോക്കി അഭിപ്രായം പറയും. പറയണം. അപ്പോഴാണ് നല്ല നിർദേശങ്ങൾ വരിക' സതീശൻ പറഞ്ഞു. അത്തരത്തിലുള്ള ഒരു അഭിപ്രായം ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എന്റെ മുൻനിലപാടിന് മാറ്റമുണ്ടാക്കിയെന്നും സതീശൻ കൂട്ടിച്ചേർത്തു.

ഇന്നത്തെ മന്ത്രിസഭായോഗത്തിൽ പല കാര്യങ്ങളിലും തർക്കമുണ്ടായെന്ന് താൻ അഭിമാനത്തോട് കൂടി പറയുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു തീരുമാനവും മാറ്റിവെച്ചിട്ടില്ല. എല്ലാ കാര്യങ്ങളിലും തീരുമാനമുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ദേവസ്വംബോർഡ് നിയമനങ്ങളിൽ മന്ത്രിമാരും മുഖ്യമന്ത്രിയും തമ്മിൽ തർക്കമുണ്ടെന്ന വാർത്ത തെറ്റാണെന്നും സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.