കൊച്ചി: അങ്കമാലി-എരുമേലി ശബരി റെയില്‍പ്പാതയുടെ നിര്‍മാണത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിന്റെ പ്രാരംഭ നടപടികള്‍ കേരളം തുടങ്ങി. ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളുടെ കളക്ടര്‍മാരോട് ആവശ്യപ്പെട്ടു. സംസ്ഥാനം സ്ഥലമേറ്റെടുപ്പ് ആരംഭിച്ചാല്‍ പദ്ധതി മരവിപ്പിച്ച നടപടി റദ്ദാക്കുമെന്ന് നേരത്തേതന്നെ റെയില്‍വേ വ്യക്തമാക്കിയിരുന്നു. 27-ന് തിരുവനന്തപുരത്ത് ശബരി റെയില്‍പ്പാത ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ റെയില്‍വേ പദ്ധതികളെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ യോഗം ചേരുന്നുണ്ട്. നിലവില്‍ പദ്ധതിക്ക് അനുകൂലമാണ് എല്ലാ മുന്നണികളും. ചെലവ് പങ്കിടുന്ന കാര്യത്തില്‍ മാത്രമാണ് വ്യക്തത വരാനുള്ളത്. നിര്‍മാണത്തിന്റെ പകുതിച്ചെലവ് സംസ്ഥാനം വഹിക്കണമെന്ന് രേഖാമൂലം ഉറപ്പുനല്‍കണമെന്ന റെയില്‍വേയുടെ ആവശ്യത്തോട് കേരളം പ്രതികരിച്ചിട്ടില്ല.
പദ്ധതി പുനരാരംഭിക്കുന്നതിനെ കുറിച്ച് സംസ്ഥാന റെയില്‍വേ മന്ത്രി വി. അബ്ദുറഹിമാന്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് വിശദമായി ചര്‍ച്ച ചെയ്തിരുന്നു. 111 കിലോമീറ്ററുള്ള ശബരിപാതയ്ക്ക് മൂന്നു ജില്ലകളിലായി 303 ഹെക്ടറാണ് വേണ്ടത്.
2008-ല്‍ സ്ഥലമേറ്റെടുപ്പ് നടപടികള്‍ തുടങ്ങിയതാണ്. അലൈന്‍മെന്റ് പുനരവലോകനം ചെയ്യണമെന്നും പുനരധിവാസത്തിന് പദ്ധതി വേണമെന്നും യോഗത്തില്‍ നിര്‍ദേശം വന്നിട്ടുണ്ട്.
എറണാകുളം ജില്ലയില്‍ സാമൂഹികാഘാത പഠനം മുന്‍പ് നടക്കുന്നുണ്ടായിരുന്നു. മതിയായ ജീവനക്കാരെ വിന്യസിച്ച് സ്ഥലമെടുപ്പ് ഓഫീസുകള്‍ തുറക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. പെരുമ്പാവൂര്‍ സ്ഥലമെടുപ്പ് ഓഫീസ് വീണ്ടും തുറക്കണമെന്നും മൂവാറ്റുപുഴ ഓഫീസ് വിപുലമാക്കണമെന്നുമായിരുന്നു നിര്‍ദേശം.
Content Highlights: Kerala initiates land acquisition for Angamaly-Erumeli Sabarimala railway line.
Published: 26 Aug 2025, 01:51 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented