
കോഴിക്കോട്: എ.ഡി.ജി.പി. എം.ആര്. അജിത്കുമാറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സ്ഥിരീകരിച്ച് ആര്.എസ്.എസ്. നേതാവ് വത്സന് തില്ലങ്കേരി. താന്‍ അവിചാരിതമായാണ് എ.ഡി.ജി.പിയെ കണ്ടതെന്ന് വത്സന് തില്ലങ്കേരി പറഞ്ഞു. മുന്‍കൂട്ടി തീരുമാനിച്ച കൂടിക്കാഴ്ചയായിരുന്നില്ല. അഞ്ചുമിനിറ്റില്‍ താഴെ സമയം മാത്രമാണ് സംസാരിച്ചത്. കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യനെ കാണാനായാണ് താന്‍ ഹോട്ടലില്‍ എത്തിയത്. അവിടെ വെച്ചാണ് അവിചാരിതമായി എം.ആര്. അജിത്കുമാറിനെ കണ്ടത്. രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കാര്യമാണ് സംസാരിച്ചത്. ആംബുലന്‍സ് തടഞ്ഞുവച്ച പ്രശ്നം ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു എന്നും ആര്.എസ്.എസ്സിന്റെ പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി പറഞ്ഞു.
ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്. അജിത്കുമാര്‍ വത്സന് തില്ലങ്കേരിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത നേരത്തേ 'മാതൃഭൂമി' റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്. ഓഗസ്റ്റ് നാലിന് കല്പറ്റയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചാണ് വത്സന് തില്ലങ്കേരി എ.ഡി.ജി.പി. എം.ആര്. അജിത്കുമാറുമായി നാലുമണിക്കൂര്‍ കൂടിക്കാഴ്ച നടത്തിയത്.
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓഗസ്റ്റില്‍ എ.ഡി.ജി.പി. വയനാട്ടിലുണ്ടായിരുന്നു. കൂടിക്കാഴ്ചയെക്കുറിച്ച് സി.പി.എം. സംസ്ഥാന നേതൃത്വത്തിനും വിവരം ലഭിച്ചു. കൂടിക്കാഴ്ചയുടെ വിവരം ഇന്റലിജന്‍സ് വിഭാഗം ഡി.ജി.പി.ക്കും കൈമാറിയിട്ടുണ്ട്.
വത്സന് തില്ലങ്കേരി ഉള്‍പ്പെടെയുള്ളവര്‍ വയനാട്ടിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിരുന്നു. തൃശ്ശൂര്‍പ്പൂരം അലങ്കോലമാക്കാന്‍ ശ്രമംനടന്ന ദിവസം തില്ലങ്കേരിയുടെ സാന്നിധ്യം വിവാദമായിരുന്നു. മന്ത്രിമാര്‍ വന്നാല്‍ കരിങ്കൊടി പ്രതിഷേധത്തിന് തില്ലങ്കേരി ഉള്‍പ്പെടെയുള്ളവര്‍ സംഘടിച്ചെത്തിയിരുന്നെന്ന് സി.പി.ഐ. നേതാവ് വി.എസ്. സുനില്‍കുമാര്‍ ആരോപിച്ചിരുന്നു. ഇതേദിവസം എ.ഡി.ജി.പി.യും തൃശ്ശൂരിലുണ്ടായിരുന്നു.
ആര്.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എ.ഡി.ജി.പി. എം.ആര്. അജിത്കുമാറിനെ ക്രമസമാധാനച്ചുമതലയില്‍നിന്ന് മാറ്റിയേ തീരൂവെന്ന ആവശ്യം മുഖ്യമന്ത്രിക്കുമുന്നില്‍ സി.പി.ഐ. ആവര്‍ത്തിച്ചു. ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ക്കണ്ട് സി.പി. ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ള ഉറച്ചനിലപാട് വ്യക്തമാക്കി. തൃശ്ശൂര്‍പ്പൂരം അലങ്കോലമാക്കാന്‍ ശ്രമിച്ചതില്‍ പുനരന്വേഷണവും അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlights: RSS leader Valsan Thillankeri confirms meeting with ADGP law and order MR Ajith Kumar
Published: 03 Oct 2024, 10:39 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented