കൊല്ലം: കൊല്ലം-ചെങ്കോട്ട പാത മീറ്റർഗേജ് ആയിരുന്ന കാലത്തെ ആ മൂന്നു തീവണ്ടികൾ തിരിച്ചുവരുമോ..? കൊല്ലത്തുനിന്ന് സർവീസ് നടത്തിയിരുന്ന പോത്തന്നൂർ, തിരുനെൽവേലി, തിരുച്ചെന്തൂർ റൂട്ടുകളിലെ തീവണ്ടികൾക്കായി യാത്രക്കാരുടെ സംഘടനകളും പതിവുയാത്രക്കാരും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
കഴിഞ്ഞയാഴ്ച ജനപ്രതിനിധികൾ പങ്കെടുത്ത മധുര റെയിൽവേ ഡിവിഷൻ അധികൃതരുടെ യോഗത്തിൽ ഇതുസംബന്ധിച്ച് ധാരണയായതായി കൊടിക്കുന്നിൽ സുരേഷ് എം.പി. അറിയിച്ചതോടെയാണ് പ്രതീക്ഷയ്ക്ക് ചിറക് മുളച്ചത്. കൊല്ലം മേഖലയിലെ യാത്രക്കാരുടെ ദീർഘകാല ആവശ്യങ്ങൾ യോഗത്തിൽ എം.പി. വിശദമായി അവതരിപ്പിച്ചിരുന്നു.
പുനലൂർ-ഗുരുവായൂർ എക്സ്പ്രസ് നാഗപട്ടണത്തേക്ക് നീട്ടുന്നതിനും പുനലൂർ-കന്യാകുമാരി പാസഞ്ചറിന് കുരിയിൽ സ്റ്റോപ്പ് അനുവദിക്കുന്നതിനും തീരുമാനമായിരുന്നു.
പുനലൂർ-ചെങ്കോട്ട ഗാട്ട് റെയിൽ പാതയിൽ (മലയോര പാതകളെയും ചുരങ്ങളെയും ബന്ധിപ്പിക്കുന്ന കുത്തനെയുള്ള പാത) ഇപ്പോഴും പാസഞ്ചർ തീവണ്ടി സർവീസില്ല. മീറ്റർഗേജ് കാലഘട്ടത്തിൽ കൊല്ല-തിരുനെൽവേലി, കൊല്ലം-ചെങ്കോട്ട എന്നീ പാസഞ്ചർ സർവീസുകൾ സ്ഥിരമായി ഓടിയിരുന്നതാണ്. ബ്രോഡ്ഗേജിലേക്കുള്ള മാറ്റം പൂർത്തിയായശേഷവും പാസഞ്ചർ സർവീസുകൾ പുനഃസ്ഥാപിച്ചിട്ടില്ല. ആര്യങ്കാവ്, തെന്മല, ഇടമൺ തുടങ്ങിയ പ്രദേശങ്ങളിലെ യാത്രക്കാർക്ക് രാവിലെ കൊല്ലത്തേക്ക് എത്തുന്നതിനും വൈകീട്ട് തിരിച്ചുപോകുന്നതിനും അനുയോജ്യമായ തീവണ്ടി സർവീസുകൾ ഇല്ലാത്തതിനാൽ ബസുകളെ ആശ്രയിക്കേണ്ട സാഹചര്യമാണ്.
ഗാട്ട് സെക്ഷനായതിനാൽ ഈ പാതയിൽ സ്ഥിരം മെമു സർവീസുകൾ ആരംഭിക്കുന്നതിനു മുന്നോടിയായി നിർബന്ധമായും ട്രയൽ റൺ നടത്തേണ്ടതുണ്ട്. എന്നാൽ ട്രയൽ റൺ നടപടികൾ അനന്തമായി നീളുകയാണ്. നിലവിൽ ചെങ്കോട്ട-പുനലൂർ സെക്ഷനിലെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും നിർത്തുന്ന ഒരു തീവണ്ടി മാത്രമാണ് സർവീസ് നടത്തുന്നത്.
‘പാസഞ്ചർ വണ്ടികൾ വേണം’
ചെങ്കോട്ട-പുനലൂർ-കൊല്ലം പാതയിൽ മീറ്റർഗേജ് കാലത്ത് സർവീസ് നടത്തിയിരുന്ന രണ്ട് കൊല്ലം-തിരുനെൽവേലി പാസഞ്ചർ സർവീസുകളും പഴനി വഴിയുള്ള കൊല്ലം-കോയമ്പത്തൂർ സർവീസും പുനരാരംഭിക്കണം. തെക്കൻ കേരളത്തിൽനിന്ന് പഴനിയിലേക്ക് ഇപ്പോൾ അമൃത എക്സ്പ്രസ് മാത്രമാണുള്ളത്.- ദിപു രവി,സെക്രട്ടറി, കൊല്ലം-ചെങ്കോട്ട റെയിൽവെ പാസഞ്ചേഴ്സ് അസോസിയേഷൻ
Published: 18 Nov 2026, 09:07 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented