തിരുവനന്തപുരം: ഏറെക്കാലത്തെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ശബരിമലയില്‍ റോപ്‌വേ പദ്ധതി നടപ്പിലാകുന്നു. 2.7 കിലോമീറ്റര്‍ നീളത്തില്‍ 12 മീറ്റര്‍ വീതിയിലുമാണ് റോപ്പ്‌വേ വരുന്നത്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഏതാണ്ട് പത്തുമിനിറ്റുകൊണ്ട് പമ്പയില്‍നിന്ന് സന്നിധാനത്തെത്താനാവും. 4.5336 ഹെക്ടര്‍ വനഭൂമിയാണ് ഇതിനായി ഏറ്റെടുത്തിരിക്കുന്നത്. വനഭൂമിക്ക് പകരം ഭൂമി നല്‍കിയാണ് സര്‍ക്കാര്‍ പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്.
റോപ്‌വേ പദ്ധതി നടപ്പാക്കാന്‍ ഏറ്റെടുത്ത അതേ അളവില്‍ ഭൂമി സംസ്ഥാന വനംവകുപ്പിന് നല്‍കുന്നതിനായുള്ള ഉത്തരവും പുറത്തുവിട്ടു. കൊല്ലം ജില്ലയിലെ പുനലൂര്‍ താലൂക്കിലാണ് ഭൂമി നല്‍കിയത്. ഈ ഭൂമിയില്‍ വനവത്കരണം നടത്തും. ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കൊല്ലം ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പമ്പ ഹില്‍ടോപ്പില്‍നിന്ന് സന്നിധാനം പോലീസ് ബാരക്കിനടുത്തേക്ക് ബി.ഒ.ടി. വ്യവസ്ഥയില്‍ 250 കോടി ചെലവിലാണ് റോപ്‌വേ നിര്‍മിക്കുന്നത്. പദ്ധതിക്ക് ഈ തീര്‍ഥാടനകാലത്തുതന്നെ തറക്കല്ലിടും. ഉപതിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം മാറുന്നമുറയ്ക്ക് നിര്‍മാണത്തിന് മന്ത്രിസഭ അനുമതിനല്‍കും. അവശ്യസാധനങ്ങളും അത്യാഹിതത്തില്‍പ്പെടുന്നവരെയും എത്തിക്കുന്നതിനാണ് റോപ് വേ നിര്‍മിക്കുന്നത്. 2.7 കിലോമീറ്ററാണ് നീളം. 10 മിനിറ്റില്‍ പമ്പയില്‍നിന്ന് സന്നിധാനത്തെത്താം. പുതുക്കിയ രൂപരേഖയില്‍ തൂണുകളുടെ എണ്ണം ഏഴില്‍നിന്ന് അഞ്ചായും മുറിക്കേണ്ട മരങ്ങളുടെ എണ്ണം 300-ല്‍നിന്ന് 80 ആയും കുറഞ്ഞതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.
റോപ്‌വേയുടെ പ്രാഥമിക രൂപരേഖ തയ്യാറാക്കിയപ്പോള്‍ മുറിച്ചു മാറ്റേണ്ട മരങ്ങളുടെ എണ്ണം കൂടുതലായി കണ്ടതിനാല്‍ കമ്പനി എന്‍ജിനീയര്‍ സ്ഥലം സന്ദര്‍ശിച്ച് ഡിസൈനില്‍ ആവശ്യമായ മാറ്റം വരുത്തിയിരുന്നു. പുതിയ ഡിസൈന്‍ പ്രകാരം ടവറുകള്‍ ഉയരം വര്‍ധിപ്പിച്ചു. നിലവില്‍ ഉയരം 40 മീറ്റര്‍ മുതല്‍ 60 മീറ്റര്‍ വരെയാണ്. ടവറുകള്‍ പരമാവധി ശരണപാതയുടെ സമീപ പ്രദേശത്തേക്ക് മാറ്റുകയും ചെയ്തു. ഇതുമൂലം വനത്തിനകത്തേക്കു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ഉള്ള പ്രശ്നങ്ങള്‍ കുറയും. കൂടാതെ മുകളിലത്തെ റോപ്‌വേ സ്റ്റേഷന്‍ നേരത്തെ നിശ്ചയിച്ചിരുന്ന വനഭൂമിയില്‍നിന്ന് മാറ്റി. ദേവസ്വം ബോര്‍ഡിന്റെ ഉപയോഗശൂന്യമായ ഷെഡ്ഡുകള്‍ നില്‍ക്കുന്ന ഭൂമി ഉപയോഗിച്ച് സ്റ്റേഷന്‍ നിര്‍മിക്കാനാണ് പുതിയ തീരുമാനം.
Content Highlights: rope way in sabarimala
Published: 17 Nov 2024, 11:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented