തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിന്റെ ഓഫീസിലെ പുതിയ നിയമനം വിവാദത്തിൽ. മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി കായംകുളം സ്വദേശി യു. ഷൈജുവിനെ നിയമിച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. ഷൈജുവിന് ജമാഅത്തെ ഇസ്ലാമിയുമായും വെൽഫെയർ പാർട്ടിയുമായും അടുത്ത ബന്ധമുണ്ടെന്നാണ് യൂത്ത് കോൺഗ്രസിന്റെ പരാതി. ഈ പശ്ചാത്തലം ചൂണ്ടിക്കാട്ടി നിയമനത്തിനെതിരെ അവർ കെ.പി.സി.സി അധ്യക്ഷന് പരാതി നൽകിയിട്ടുണ്ട്.

To advertise here,

നിയമനത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സി.പി.എമ്മും രംഗത്ത് എത്തി. വി.ഡി. സതീശൻ മുൻകൈയെടുത്ത് ഉണ്ടാക്കിയ കോൺഗ്രസ്- ജമാഅത്തെ ഇസ്ലാമി തിരഞ്ഞെടുപ്പുധാരണയുടെ ഭാഗമാണ് ഈ നിയമനമെന്ന് സി.പി.എം നേതാവ് എം.വി. ജയരാജൻ ആരോപിച്ചു. വർഗീയ ശക്തികളുമായി ചേർന്ന് കൂട്ടുകച്ചവടം നടത്തുന്നവരാണ് നാട് ഭരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.പി.എം ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം യു. പ്രതിഭയും ഈ നിയമനത്തിനെതിരെ പരസ്യമായ നിലപാടുമായി രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, ഷൈജുവിനെ അനുകൂലിക്കുന്നവർ ഈ ആരോപണങ്ങളെ പൂർണ്ണമായും തള്ളിക്കളയുന്നു. ഷൈജു പഠനകാലത്ത് കെ.എസ്.യു. പ്രവർത്തകനായിരുന്നുവെന്നാണ് അവരുടെ വാദം.