
കൊച്ചി: ബിജെപി യുവനേതാവും റിയാലിറ്റി ഷോ താരവുമായ റോബിൻ രാധാകൃഷ്ണനെതിരേ ഗുരുതര ആരോപണവുമായി ഇൻസ്റ്റാഗ്രാം കണ്ടന്റ് ക്രിയേറ്റർ വേദ് ലക്ഷ്മി. റോബിൻ ബിജെപിയിൽ എത്തിയത് സാമ്പത്തിക ലക്ഷ്യം വെച്ചാണെന്നും ബിജെപിക്കാർ വർഗീയവാദികളാണെന്നും പറയുന്ന റോബിന്റെ ഓഡിയോ സന്ദേശം വേദ് ലക്ഷ്മി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കൂടി പുറത്തുവിട്ടു.
എന്നാൽ ഓഡിയോ എഐ ആണെന്ന് റോബിൻ അതേ വീഡിയോയ്ക്ക് താഴെ കമന്റ് ആയി രേഖപ്പെടുത്തിയെങ്കിലും കൂടുതൽ വിവരങ്ങൾ വേണമെങ്കിൽ വീഡിയോകൾ തരാം എന്ന് വേദ് ലക്ഷ്മിയും മറുപടി കൊടുത്തു. വാർത്താ സമ്മേളനത്തിൽ കൂടുതൽ വെളിപ്പെടുത്തൽ ഉണ്ടാകുമെന്ന് വേദ് ലക്ഷ്മി സാമൂഹിക മാധ്യമത്തിൽ കുറിച്ചു. ചെറിയ ഒരു ഓലപ്പടക്കം കണ്ടപ്പോഴേക്കാണ് നീ ഇത്രയും കാട്ടിക്കൂട്ടുന്നത്. അപ്പോൾ ശരിക്കുള്ള തൃശ്ശൂർ പൂരം തുടങ്ങുമ്പോൾ എന്താകും അവസ്ഥയെന്നും, നിനക്ക് ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യ്, ഇത് വെല്ലുവിളിയാണെന്നും വേദ് ലക്ഷ്മി വീഡിയോ സന്ദേശത്തിൽ പറയുന്നു.
'എന്തുകൊണ്ട് ബിജെപി എന്ന് എന്നോട് ചോദിച്ചു. ബിജെപിയുടെ തത്വങ്ങളോ കാര്യങ്ങളോ ഒന്നും, എബിസിഡി എനിക്ക് അറിയില്ല. അതുകൊണ്ട് ഞാൻ ബുദ്ധിപൂർവ്വം പറഞ്ഞു, എനിക്ക് മോദിയെ ഇഷ്ടമാണ് സാർ എന്ന്. ബിജെപി വർഗീയവാദികളാണ്. സത്യം പറയാല്ലോ, ഭയങ്കരമായി അങ്ങനെയുള്ള കാര്യങ്ങൾ പറയാറുണ്ട്. ഞാൻ സ്ഥാനാർത്ഥിയായെന്ന് വെച്ച് ആരെങ്കിലും എന്നോട് അതേക്കുറിച്ച് ചോദിച്ചാൽ ഒരു രാഷ്ട്രീയക്കാരനായെ ഞാൻ സംസാരിക്കൂ. അവിടെയാണ് എന്റെ ഹൈലൈറ്റ്. എനിക്ക് പരിശീലനം കിട്ടിയിട്ടുണ്ട്. വ്യത്യസ്തനായ ഒരു രാഷ്ട്രീയക്കാരനായിരിക്കും ഞാൻ. അതേസമയം ഒരു പക്കാ ബിസിനസ്മാൻ കൂടി ആയിരിക്കും'- റോബിൻ രാധാകൃഷ്ണന്റേതെന്ന് പറഞ്ഞ് വേദ് ലക്ഷ്മി പുറത്തുവിട്ട ഓഡിയോ സന്ദേശത്തിൽ പറയുന്നു.
'കഴിഞ്ഞ ദിവസം വരെ എംഎൽഎ ആയി കൈ പൊക്കുന്നതേ ഞാൻ ചെയ്തിട്ടുള്ളു. ഇപ്പോ മന്ത്രിയായിട്ട് പച്ച ബിഎംഡബ്ല്യൂവിൽ പോകുന്നതാണ് ചെയ്യുന്നത്. എനിക്ക് കിട്ടുന്ന സാലറിയിൽ നിന്നും ഡീസൽ അടിച്ചിട്ടായിരിക്കും ഞാൻ എന്റെ കാറിൽ പോകുക. ആരുണ്ട് അതുപോലെ ഒരു രാഷ്ട്രീയക്കാരൻ. ജനങ്ങൾക്കും നാട്ടിനും വേണ്ടി ചെയ്യും. ഒപ്പം എനിക്ക് വേണ്ടിയും ഞാൻ ചെയ്യും അപ്പോൾ ആർക്കും ഒരു പരാതിയുമുണ്ടാവില്ല. ഞാൻ ആ സമയം പക്കാ ബിസിനസ്മാൻ ആകും'- ഓഡിയോ സന്ദേശത്തിൽ പറയുന്നു.
എന്നാൽ വീഡിയോയ്ക്ക് താഴെ 'അയ്യേ, എഐ' എന്നായിരുന്നു റോബിന്റെ കമന്റ്. എന്നാൽ കൂടുതൽ വീഡിയോ തെളിവുകൾ ഉടൻ പുറത്തുവിടുമെന്ന് വേദ് ലക്ഷ്മി മറുപടി നൽകി.
അതേസമയം സാമൂഹിക മാധ്യമം വഴി അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിന് വേദ് ലക്ഷ്മിക്കെതിരേ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ റോബിൻ പരാതി നൽകിയതായാണ് വിവരം. ഞായറാഴ്ച രാവിലെ റോബിൻ നേരിട്ടെത്തി പരാതി നൽകിയതെന്നാണ് റിപ്പോർട്ട്. പരാതിയുടെ അടിസ്ഥാനത്തിൽ തന്നോട് പോലീസ് സ്റ്റേഷനിലേക്ക് വരാൻ പറഞ്ഞിരുന്നെന്നും എന്നാൽ ജോലി ഉള്ളതിനാൽ പിന്നീട് വന്ന് കാര്യങ്ങൾ വിശദീകരിക്കാമെന്ന് പോലീസിനോട് താൻ അറിയിച്ചെന്നും വേദ് ലക്ഷ്മി വീഡിയോയിൽ കൂടി പറഞ്ഞു.
'എന്റെ ഞായറാഴ്ച തുടങ്ങിയത് റോബിൻ രാധാകൃഷ്ണന്റെ കേസും അതുമായി ബന്ധപ്പെട്ട മെസ്സേജുകളും വെച്ചാണ്. തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് പാലാരിവട്ടം സ്റ്റേഷനിൽ എത്തണമെന്നൊക്കെയാണ് ആ സ്റ്റോറിയിൽ പറയുന്നത്. എനിക്ക് റോബിനോട് പറയാനുള്ളത്, തിങ്കളാഴ്ച എനിക്ക് ജോലിയുണ്ട്. വിളിക്കുമ്പോൾ ഉടനെ സ്റ്റേഷനിലേക്കു വരാൻ നിന്നെ പോലെ വെറുതെ ഇരിക്കുകയല്ല. രാവിലേയും ഉച്ച കഴിഞ്ഞു ജോലിയുണ്ട്. ധരിപ്പിക്കാനുള്ളവരോടൊക്കെ ഇത് ധരിപ്പിച്ചിട്ടുണ്ട്. എന്റെ ജോലി കഴിഞ്ഞ് സൗകര്യമുള്ള സമയത്ത് വന്ന് എനിക്ക് പറയാനുള്ള കാര്യങ്ങൾ പറയാം. അതവിടെ നിൽക്കട്ടെ, ചെറിയൊരു ഓലപ്പടക്ക കണ്ടപ്പോഴാണ് ഈ ഇത്രയും കാട്ടിക്കൂട്ടുന്നത്. അപ്പോൾ ശരിക്കുമുള്ള തൃശ്ശൂർ പൂരം തുടങ്ങുമ്പോൾ എന്താകും നിന്റെ അവസ്ഥ.
നീ ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യ്. നിന്റെ വളച്ചൊടിക്കുന്ന സ്റ്റോറീസ് പോസ്റ്റ് ചെയ്തോ ബന്ധങ്ങൾ വെച്ചോ അങ്ങനെ എന്തുവേണമെങ്കിലും ചെയ്യ്. വെല്ലുവിളിക്കുകയാണെന്ന് തന്നെ വെച്ചോ. നീ എവിടെ നിർത്തുന്നോ, അവിടെ നിന്ന് ഞാൻ തുടങ്ങും. ഇത് വെറുതെ പറയുന്നതല്ല. കുറേ നാള് കാത്തിരുന്നു…
നിന്നോട് സഹതാപം തോന്നുന്നൊരു കാര്യം, നീയൊരു സൈബർ കൊട്ടേഷൻ ഒക്കെ കൊടുത്തിട്ടുണ്ടാരുന്നു. അത് കറങ്ങിത്തിരിഞ്ഞ് നിനക്കു തന്നെ ഇപ്പോൾ വിനയായി വന്നപ്പോൾ എനിക്ക് തോന്നുന്ന കാര്യമുണ്ട്. പണ്ട് മുട്ടനാടുകൾ തമ്മിലിലിടിപ്പിച്ചിട്ട് ചോര കുടിക്കാൻ നിൽക്കുന്ന കുറുക്കന്റെ കഥയില്ലേ, അതൊക്കെ പണ്ട്. ഇത് 2026 ആണ്. മുട്ടനാടുകളും ആലോചിച്ചും കണ്ടുമേ എന്തെങ്കിലും ചെയ്യൂ. അതിനിടയ്ക്ക് നിന്ന് ഇടികൊള്ളാൻ പോകുന്നത് നീയാണ്.
നീ എന്തൊക്കെ ചെയ്താലും ഇതിൽ നിന്ന് രക്ഷപ്പെടാൻ പോകുന്നില്ല. കാത്തിരുന്ന്. കാണാം. ഇനി ഇതിൽ നിന്ന് ഒരു തിരിച്ചു പോക്കില്ല. ഒരു കാര്യം വിട്ടു പോയി. വാങ്ങിയ പൈസയൊക്കെ തിരിച്ചു കൊടുക്ക് റോബിൻ, എന്നിട്ട് സംസാരിക്ക്. അതാണ് അതിന്റെയൊരു ശരി- എന്നായിരുന്നു വേദ് ലക്ഷ്മിയുടെ വാക്കുകൾ.
മറുപടിയുമായി റോബിൻ രാധാകൃഷ്ണനും രംഗത്തെത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ വൈകാതെ വാർത്താ സമ്മേളനത്തിൽ അറിയിക്കാമെന്നായിരുന്നു റോബിന്റെ മറുപടി.
Content Highlights: Content creator Vedh Lakshmi released an alleged audio clip of BJP leader Robin Radhakrishnan discussing political motives., Robin claimed the audio was generated by AI in the comment section., Robin filed a police complaint against Vedh Lakshmi at Palarivattom police station., Vedh Lakshmi threatened to release more video proofs and challenged Robin.
Published: 10 Aug 2026, 04:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented