ആലപ്പുഴ: കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി (യു.ഐ.ഡി.എ.ഐ.) സൗജന്യമാക്കി. ഏഴു മുതൽ 15 വരെ വയസ്സുള്ളവർക്ക് 2027 സെപ്റ്റംബർ 30 വരെ സൗജന്യമായി പുതുക്കാം. ഈ മാസം 30 വരെയാണ് നേരത്തേ അവസരം നൽകിയിരുന്നത്.
രാജ്യമൊട്ടാകെ കോടിക്കണക്കിനു കുട്ടികളുടെ ബയോമെട്രിക് വിവരം പുതുക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. കേരളത്തിൽ 10 ലക്ഷത്തോളം കുട്ടികൾ വിവരം പുതുക്കാനുണ്ട്. വിരലടയാളം, രണ്ടു കണ്ണിന്റെയും കൃഷ്ണമണിയുടെ അടയാളം, ഫോട്ടോ എന്നിവയാണ് സൗജന്യമായി പുതുക്കുന്നത്.
കുട്ടികൾക്ക് മാതാപിതാക്കളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആദ്യം ആധാർ നൽകുന്നത്. കുഞ്ഞിന്റെ മുഖത്തിന്റെ ചിത്രം മാത്രമാണ് അപ്പോൾ എടുക്കാറുള്ളത്. അഞ്ചുവയസ്സു തികയുമ്പോഴാണ് വിരലിന്റെയും കൃഷ്ണമണിയുടെയും അടയാളമെടുക്കുക. കുട്ടികൾ വളരുമ്പോൾ ഇവയ്ക്കു മാറ്റമുണ്ടാകുമെന്നതിനാലാണ് 15 വയസ്സിലും നിർബന്ധ പുതുക്കൽ നടത്തുന്നത്.
പുതുക്കിയില്ലെങ്കിൽ ഭാവിയിൽ ബുദ്ധിമുട്ടേറെ
പുതുക്കിയില്ലെങ്കിൽ ഭാവിയിൽ ഒട്ടേറെ ബുദ്ധിമുട്ടു നേരിടും. നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുമ്പോൾ ആധാർ നിർബന്ധമാണ്. സ്കോളർഷിപ്പ്, മെഡിക്കൽ ആനുകൂല്യം, റേഷൻ തുടങ്ങിയവയ്ക്കും ആധാർ ബയോമെട്രിക് വിവരം കൃത്യമായിരിക്കണം.
ബാങ്ക് അക്കൗണ്ട് തുടങ്ങുമ്പോഴും മൊബൈൽ ഫോൺ സിം കാർഡ് എടുക്കുമ്പോഴും വിരലടയാളം കൃത്യമായില്ലെങ്കിൽ ബുദ്ധിമുട്ടുണ്ടാകും. ആധാർ പ്രവർത്തനരഹിതമാകാനും സാധ്യതയുണ്ട്. പിഴ നൽകി വീണ്ടെടുക്കേണ്ടി വരും.
ആധാർ സേവനകേന്ദ്രങ്ങൾ, സ്കൂളുകളിലെ ക്യാമ്പ്, ബാങ്ക്, പോസ്റ്റോഫീസ് എന്നിവിടങ്ങളിൽ പുതുക്കാം. പഴയ ആധാർ കാർഡുമായി കുട്ടി നേരിട്ടെത്തിയാൽ മതി.
Content Highlights: The Aadhaar Authority (UIDAI) has extended the free biometric update for children's Aadhaar cards for one more year, allowing updates until September 30, 2027, for children aged 7 to 15. The decision was made due to a large number of children nationwide who have not updated their biometric information, with around 1 million children in Kerala needing updates.
Published: 29 Sept 2026, 08:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented