കല്‍പറ്റ: ചൂരല്‍മലയിലെ മനുഷ്യരുടെ കണ്ണീരൊപ്പാന്‍ ഒരുപാട് സഹായങ്ങള്‍ വേണ്ടിവരും, അതിനുവേണ്ടിയുള്ള പണം തരാന്‍ തയ്യാറാവുമോ ഇല്ലയോ എന്ന് കേന്ദ്രം പറയണമെന്ന് റവന്യൂമന്ത്രി കെ. രാജന്‍. ചൂരല്‍മല- മുണ്ടക്കൈ പുനരധിവാസ വിഷയത്തില്‍ ഹൈക്കോടതിയുടെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
എസ്.ഡി.ആര്‍.എഫിന് പണം ഉണ്ടല്ലോ എന്ന് കേന്ദ്രത്തിലെ ചിലയാളുകള്‍ ചോദിക്കുന്നുണ്ട്. സ്ഥിരമായിട്ടുള്ള പുനരധിവാസം സാധ്യമാകുംവരെ ആളുകളെ വാടകവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. വാടകകൊടുക്കാനുള്ള സംഖ്യ എസ്.ടി.ആര്‍.എഫില്‍ നിന്നും കൊടുക്കാന്‍ പറ്റുമോ എന്നാണ് ചോദ്യം. ചൂരല്‍മലയിലെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഈ ഫണ്ട് ഉപയോഗിക്കാന്‍ മാനദണ്ഡങ്ങള്‍ അനുവദിക്കുന്നില്ല. ആറായിരം രൂപവീതം വാടക കൊടുക്കുന്നത് സി.എം.ഡി.ആര്‍.എഫില്‍ നിന്നാണ്. ദുരന്തമുണ്ടായ ഉടനെ ക്യാമ്പുകളിലും ബന്ധുവീടുകളിലും താമസിച്ചവര്‍ക്ക് അടിയന്തരസഹായം എന്ന നിലയില്‍ പതിനായിരം രൂപ വീതം കൊടുത്തു. ഓഗസ്റ്റ് മാസത്തില്‍ത്തന്നെ 1032 കുടുംബങ്ങള്‍ക്കാണ് ആ പണം കൊടുത്തുതീര്‍ത്തത്. 1032 പേര്‍ക്കുള്ള പതിനായിരം രൂപ വീതം എസ്.ഡി.ആര്‍.എഫില്‍ നിന്നും കൊടുക്കാനാവില്ല, എത്ര കോടി രൂപ കൈയിലുണ്ടെങ്കിലും. എസ്.ഡി.ആര്‍.എഫിന്റെ മാനദണ്ഡമനുസരിച്ച് ആകെ കൊടുക്കാന്‍ കഴിയുക അയ്യായിരം രൂപയാണ്- മന്ത്രി പറഞ്ഞു.
എന്നാൽ മാനദണ്ഡങ്ങള്‍ വിട്ടുവീഴ്ച ചെയ്തുകൊണ്ട് തുക ചെലവഴിക്കേണ്ട ആവശ്യം ചൂരല്‍മലയിലുണ്ടെന്നും അതാണ് സര്‍ക്കാര്‍ ഉന്നയിച്ചതെന്നും മന്ത്രി വ്യക്തമാക്കി. ' വാടക, പുനരധിവാസത്തിനുള്ള ചെലവ് ഇതൊക്കെ വേണം. ഇപ്പോഴത്തെ കണക്കനുസരിച്ച് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയേ ഒരു വീടിന് ചെലവാക്കാന്‍ പറ്റുകയുള്ളൂ. അതുമതിയോ ഒരു കുടുംബത്തിന്റെ പുനരധിവാസത്തിന്? അപ്പോള്‍ പ്രത്യേക പാക്കേജ് വേണ്ടിവരും. ഒരു റോഡ് പൊളിഞ്ഞാല്‍ എസ്.ഡി.ആര്‍.എഫില്‍ 677 കോടി ഉണ്ടെങ്കിലും ഒരു കിലോമീറ്ററിന് 75000 രൂപയേ അനുവദിക്കാനാവു. അത് മാനദണ്ഡമാണ്. നമ്മുടെ ആവശ്യം അധികസഹായം കേരളത്തിന് അനുവദിക്കുക എന്നതാണ്, ചൂരല്‍മലയ്ക്ക് പ്രത്യേകമായി കിട്ടണം. 291 കോടി രൂപ എസ്.ഡിആര്‍.എഫിലേക്ക് തന്നു എന്നു പറയുന്നല്ലോ, അത് 15-ാം ധനകാര്യ കമ്മീഷന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന് ലഭ്യമാകേണ്ട തുകയാണ്. കേരളത്തിന് ബാലന്‍സ് അക്കൗണ്ട് എത്രയുണ്ട് എന്ന ചോദ്യത്തിന് 01-04-2024-ല്‍ 544 കോടി രൂപ, ഈ വര്‍ഷത്തെ ആദ്യത്തെ ഗഡുകൂടി കൂട്ടി, ഉണ്ട് എന്ന് ഉത്തരം നല്‍കിയതാണ്. ആ പണത്തിന്റെ അമ്പത് ശതമാനത്തില്‍ നിന്ന് എസി.ടി.ആര്‍.എഫ് മാനദണ്ഡങ്ങള്‍ പ്രകാരം ഉപയോഗിക്കാവുന്ന തുകയാണ് കേന്ദ്രം കണക്കുകൂട്ടിയത്.' - മന്ത്രി വിശദമാക്കി
വയനാട് പുനരധിവാസത്തിന് എസ്.ഡി.ആര്‍.എഫില്‍നിന്ന് എത്ര രൂപ ചെലവഴിക്കാനാകുമെന്നതിനെ കുറിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കണക്കുകള്‍ കൃത്യമായി നല്‍കിയില്ലെങ്കില്‍ കേന്ദ്രം എങ്ങനെ സംസ്ഥാനത്തിന് പണം നല്‍കുമെന്നായിരുന്നു ഡിവിഷന്‍ ബെഞ്ച് ആരാഞ്ഞത്. വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ എസ്.ഡി.ആര്‍. ഫണ്ടിലെ കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നേരിട്ട് ഹാജരായിട്ടുപോലും കോടതിയുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ആരോപണ-പ്രത്യാരോപണങ്ങള്‍ അവസാനിപ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.
എസ്.ഡി.ആര്‍.എഫില്‍ എത്ര പണമുണ്ടെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് 677 കോടി എന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ മറുപടി. കേന്ദ്രസര്‍ക്കാര്‍ എത്ര രൂപ നല്‍കി എന്നതിന്, രണ്ടു തവണയായി ആകെ 291 കോടി രൂപ കേന്ദ്രം എസ്.ഡി.ആര്‍.എഫിലേക്ക് നല്‍കിയെന്നും സംസ്ഥാനം അറിയിച്ചു. ഇതില്‍ 97 കോടി രൂപ സംസ്ഥാനത്തിന്റെ വിഹിതവും കൂടി ചേര്‍ത്താണുള്ളത്. ഇതില്‍ 95 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍, വയനാട്ടിലേത് അടക്കമുള്ള മറ്റ് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കുകയും ചെയ്തു. ഇനി അവശേഷിക്കുന്നത് 677 കോടി രൂപയാണ്. ഇതില്‍ എത്ര പണം വയനാടിന്റെ പുനഃരധിവാസത്തിനായി ചെലവഴിക്കുമെന്ന ചോദ്യത്തിനാണ് സംസ്ഥാന സര്‍ക്കാരിന്റെ പക്കല്‍ ഉത്തരമില്ലാതെ പോയത്. കണക്കുകള്‍ വ്യാഴാഴ്ച സമര്‍പ്പിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചതോടെ വാദം പന്ത്രണ്ടാം തീയതിയിലേക്ക് മാറ്റുകയാണുണ്ടായത്.
Content Highlights: revenue minister k rajan reacts onmundakkai chooramala landslide rehabilitation
Published: 07 Dec 2024, 06:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented