എരുമേലി: പമ്പാവാലി എയ്ഞ്ചല്‍ വാലി പ്രദേശവാസികള്‍ എരുമേലിയില്‍ തെണ്ടല്‍ സമരം നടത്തി. ജനകീയ സമിതി പ്രവര്‍ത്തകരാണ് രാവിലെ 10.30ന് എരുമേലി സ്വകാര്യ ബസ് സ്റ്റാന്‍ഡ് ജംഗ്ഷനില്‍ സമരം നടത്തിയത്. ബഫര്‍ സോണ്‍ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ പോലീസ് എടുത്ത കേസ് നടത്തുന്നതിനുള്ള  പണം സ്വരൂപിക്കുന്നതിനായാണ് തെണ്ടല്‍ സമരം നടത്തുന്നതെന്ന് ജനകീയ സമിതി അംഗം പി ജെ സെബാസ്റ്റ്യന്‍ പറഞ്ഞു. 

To advertise here,

ബഫര്‍ സോണ്‍ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നിരവധി കേസുകളാണ് പോലീസ് എടുത്തിട്ടുള്ളത്. ഇതില്‍ 64 പേരുടെ പേരില്‍ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇതില്‍ കുറച്ചു പേരുടെ കേസ് ചൊവ്വാഴ്ച കോടതി പരിഗണിക്കും.  

എരുമേലി പഞ്ചായത്ത് പ്രസിഡണ്ട് മറിയാമ്മ സണ്ണി അടക്കമുള്ളവര്‍ സമരത്തില്‍ പങ്കെടുത്തു. വനത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കുന്നതുവരെ സമരം തുടരും. ഈ ജനകീയ സമരം കൊണ്ടെങ്കിലും അധികാരികളുടെ കണ്ണു തുറക്കും എന്നാണ് കരുതുന്നതെന്നും ജനകീയ സമിതി അംഗം പിജെ സെബാസ്റ്റ്യന്‍ പറഞ്ഞു.