ഷ്യയിലെ ഏറ്റവും വലിയതും ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ലേബർ സൊസൈറ്റിയെന്ന ഖ്യാതിയിലേക്ക് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്)യെ വളർത്തിയെടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയാണ് വിട പറയുന്നത്‌. രമേശൻ പാലേരി നീണ്ട 31 വർഷം തുടർച്ചയായി സൊസൈറ്റിയെ നയിച്ചു. ഈ കാലത്താണ് ഊരാളുങ്കൽ സൊസൈറ്റി വൈവിധ്യവത്കരണത്തിലേക്കും ആധുനികവത്കരണത്തിലേക്കും നീങ്ങിയത്. അസുഖബാധിതനായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച്ച രാവിലെ രാവിലെ 8.30-ഓടെയായിരുന്നു അന്ത്യം.

To advertise here,

ഐ.ടി.ഐ. സിവിൽ ഡ്രാഫ്റ്റ്‌സ്മാൻ കോഴ്‌സും കഴിഞ്ഞ് ഗൾഫ്ജീവിതം സ്വപ്നം കണ്ട് സൗദി അറേബ്യയിലേക്ക് പോകാൻ മുംബൈവരെ എത്തിയിരുന്നു രമേശൻ പാലേരി. 1984-ലായിരുന്നു അത്. ആ വെള്ളിയാഴ്ച സൗദിയിലേക്ക് പുറപ്പെടാനിരിക്കവെ ചൊവ്വാഴ്ച നാട്ടിൽനിന്ന് വിവരമെത്തി. അച്ഛൻ പാലേരി കണാരൻ മാസ്റ്റർ മരിച്ചു. അന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യു.എൽ.സി.സി.എസ്.) പ്രസിഡന്റായിരുന്നു പാലേരി കണാരൻ. വിവരമറിഞ്ഞയുടൻ രമേശൻ നാട്ടിലേക്ക് മടങ്ങി. അങ്ങനെയാണ് യുഎൽസിസിഎസ്സിലേക്കുള്ള രമേശ് പലേരിയുടെ നിയോഗം തുടങ്ങുന്നത്‌. 

ആദ്യം സൊസൈറ്റിയിൽ ഓവർസിയറായി പത്തുവർഷം ജോലി. 1995 മുതൽ സൊസൈറ്റിയുടെ പ്രസിഡന്റ്. 1925-ൽ സൊസൈറ്റി രൂപവത്കരിച്ച 14 പേരിൽ ഒരാൾ രമേശന്റെ മുത്തച്ഛൻ പാലേരി ചന്തൻമാസ്റ്ററായിരുന്നു. 1931 മുതൽ 18 വർഷം അദ്ദേഹം സംഘത്തെ നയിച്ചു. 1952 മുതൽ 84 വരെ പ്രസിഡന്റായത് രമേശന്റെ അച്ഛനാണ്. 35-ാം വയസ്സിൽ രമേശനും ചരിത്രദൗത്യത്തിൽ കണ്ണിയായി. കാലം ആവശ്യപ്പെടുന്നതരത്തിൽ യു.എൽ.സി.സി.എസ്സിനെ വൈവിധ്യങ്ങളുടെ ഭൂമികയിലേക്ക് കൈപിടിച്ചുയർത്തിയ വ്യക്തിത്വം. ഈ മികവിനെ സംസ്ഥാന സഹകരണവകുപ്പ് മികച്ച സഹകാരിക്കുള്ള റോബർട്ട് ഓവൻ പുരസ്കാരവും ലഭിച്ചിരുന്നു.

തുടക്കത്തിൽ കൈയാലകളുടേയും മറ്റും പണിയായിരുന്നു സൊസൈറ്റിക്ക് ലഭിച്ചിരുന്നത്. പതിയെ പതിയെ ചെറിയ റോഡുകൾ, പാലങ്ങൾ... അവിടെ നിന്ന് 1700 കോടിയുടെ ദേശീയപാതാ പ്രവൃത്തി ഏറ്റെടുക്കുന്ന നിലയിലേക്ക് വളർന്നു. സാധാരണ തൊഴിലാളികളും, വിദഗ്ദ്ധ തൊഴിലാളികളും, എൻജിനീയർമാർ, ഐ.ടി. വിദഗ്ദ്ധർ, ഗവേഷകർ എന്നിവരെല്ലാം യു.എൽ.സി.സി.എസ്സിലുണ്ട്. ലോകം വളരുന്നതിനനുസരിച്ച് വളരുന്ന സ്ഥാപനമായി സൊസൈറ്റി മാറി. സ്വയംപര്യാപ്തമാണ് ഇന്ന് യുഎൽസിസിഎസ്.

കാലത്തിനനുസരിച്ച് മാറണമെന്ന രമേശൻ പാലേരിയുടെ കാഴ്ചപ്പാടിലാണ് സൊസൈറ്റി ഇന്ന് കാണുന്ന നിലയിലേക്ക് വളർന്നത്. റോഡുകളുടെയും പാലങ്ങളുടെയും പണികൾക്കപ്പുറം സൈബർ പാർക്കും ഐ.ടി. ഹബും ഉൾപ്പെടെ വൻകിട കോർപ്പറേറ്റ് കമ്പനികളെ വെല്ലുന്ന തരത്തിലേക്ക് യു.എൽ.സി.സി.എസിനെ അദ്ദേഹം മാറ്റി. തൊഴിൽ നൈപുണ്യമുള്ളവരെ പരിശീലിപ്പിച്ചെടുക്കുന്നതിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ എന്ന പേരിൽ സ്ഥാപനവും ആരംഭിച്ചിട്ടുണ്ട്.

സ്ഥാപനത്തിന്റെ ഉയർച്ചയിൽ മുഖ്യപങ്ക് വഹിക്കുന്ന തൊഴിലാളികൾക്ക് മെച്ചപ്പെട്ട ആനുകൂല്യം ഉറപ്പുവരുത്തുന്നതിലും അദ്ദേഹം ശ്രദ്ധിച്ചു. ജോലിസ്ഥലത്ത് തൊഴിലാളി അപകടത്തിൽപ്പെട്ട് മരിച്ചാൽ കുടുംബത്തിന് 30 ലക്ഷം രൂപ വരെ നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് പദ്ധതിയുണ്ട്. ഇ.എസ്.ഐ., പി.എഫ്., ഗ്രാറ്റിവിറ്റി, ബോണസ് തുടങ്ങിയ ആനുകൂല്യങ്ങൾക്കു പുറമേ വിവാഹം, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾക്ക് പലിശരഹിത വായ്പയും നൽകും. നിർമാണമേഖലയിൽ പ്രികാസ്റ്റ്, പ്രി-ഫാബ് തുടങ്ങിയ പുതിയ സാങ്കേതികവിദ്യകളും ഡിസൈനും പ്രയോജനപ്പെടുത്തി സൗന്ദര്യവും കെട്ടുറപ്പുമുള്ള പാലങ്ങളും കെട്ടിടങ്ങളും നിർമിച്ചുതുടങ്ങി.

പ്രവർത്തനമികവിന് ഐക്യരാഷ്ട്രസഭയുടെ വികസന പദ്ധതി വിഭാഗം (യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ് പ്രോഗ്രാം) മാതൃകാ സഹകരണസംഘമായി ഊരാളുങ്കലിനെ തിരഞ്ഞെടുത്തതും രമേശൻ പാലേരിയുടെ കാലത്താണ്. അന്താരാഷ്ട്ര സഹകരണസംഘവും (ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസ്) ഊരാളുങ്കലിനെ ആദരിച്ചിട്ടുണ്ട്.

വാഗ്ഭടാനന്ദൻ വിത്തുപാകിയ പ്രസ്ഥാനം

വാഗ്ഭടാനന്ദന്റെ വാക്കുകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് യുഎൽസിസിഎസ് രൂപം കൊള്ളുന്നത്. 1917, അന്ധവിശ്വാസങ്ങൾക്കെതിരേ വടക്കേ മലബാറിൽ നവോത്ഥാന നായകനായ വാഗ്ഭടാനന്ദൻ തീക്കാറ്റുയർത്തുന്ന കാലമായിരുന്നു അത്. മാഹിയിൽ അദ്ദേഹം പ്രസംഗിക്കുന്നതറിഞ്ഞ് വടകരയ്ക്കടുത്ത് കാരക്കാടുനിന്ന് ഏതാനും ചെറുപ്പക്കാർ പ്രസംഗം കേൾക്കാൻ പോയി. പ്രസംഗത്തിൽ ആകൃഷ്ടരായെന്നു മാത്രമല്ല, അവർ വാഗ്ഭടാനന്ദനെ കാരക്കാട്ടേക്ക് ക്ഷണിച്ചു. അങ്ങനെ വാഗ്ഭടാനന്ദൻ കാരക്കാട്ടെത്തി. 1920 ഏപ്രിലിൽ കാരക്കാട്ട് ആത്മവിദ്യാസംഘം പ്രവർത്തനം തുടങ്ങി. അങ്ങനെ കടത്തനാട്ടിലും വാഗ്ഭടാനന്ദന്റെ വാക്കുകൾ യാഥാസ്ഥിതികരുടെ ഉറക്കം കെടുത്തി.

ജാതീയമായ ഉച്ചനീചത്വങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരേ വാഗ്ഭടാനന്ദനൊപ്പം പ്രവർത്തിച്ചവർക്ക് തൊഴിൽ നിഷേധിക്കപ്പെട്ടു; അവരുടെ ജീവിതം വഴിമുട്ടി. തൊഴിലുണ്ടെങ്കിൽ മാത്രമേ വരുമാനവും മെച്ചപ്പെട്ട ജീവിതവും ഉണ്ടാകൂ എന്ന വാഗ്ഭടാനന്ദഗുരുവിന്റെ കാഴ്ചപ്പാടിൽ 1922-ൽ യുണൈറ്റഡ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് രൂപവത്കരിച്ചു.

1924-ൽ നാട്ടുകാർക്ക് തൊഴിൽ നൽകുന്ന ലേബർ കോൺട്രാക്ട് സഹകരണസംഘം രൂപവത്കൃതമായി. 1925 ഫെബ്രുവരി 13-ന് അത് ‘ഊരാളുങ്കൽ തൊഴിലാളികളുടെ പരസ്പര സഹായ സഹകരണസംഘം’ എന്ന പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടു. നേതൃത്വം നൽകിയത് ചാപ്പയിൽ കുഞ്ഞ്യേക്കു ഗുരുക്കൾ, വണ്ണാത്തിക്കണ്ടി വലിയകണ്ണൻ തുടങ്ങി 14 പേർ. ആ സംരംഭം പിന്നീട് യു.എ.സി.സി.എസ്. എന്ന പേരിൽ കേരളമാകെ പടർന്നുപന്തലിച്ചു. ഇന്ന് ഒരേസമയം സൊസൈറ്റി ചെയ്യുന്നത് 800-ഓളം പ്രവൃത്തികൾ; നേരിട്ട് തൊഴിൽ നൽകുന്നത് 18,000 പേർക്ക്.