കേരള ചരിത്രത്തിലെ നവോത്ഥാന നായകനായ വാഗ്ഭടാനന്ദന്റെ ജീവിതകഥ മാതൃഭൂമി ഇംപ്രിന്റായ ഗ്രാസ് റൂട്ട്‌സിനുവേണ്ടി എഴുതിയിരിക്കുന്നത് പന്ന്യന്നൂര്‍ ഭാസിയാണ്. അടിച്ചമര്‍ത്തപ്പെട്ട അവശജനതയ്ക്ക് അത്താണിയായി നിലകൊണ്ട വാഗ്ഭടാനന്ദന്റെ നേതൃത്വത്തില്‍ സ്ഥാപിക്കപ്പെട്ട തൊഴിലാളികളുടെ സഹകരണ സംഘമായ ഊരാളുങ്കല്‍ സഹകരണസംഘം രൂപീകരിക്കപ്പെടാനുണ്ടായ സാഹചര്യം വിശദമാക്കുന്ന അധ്യായം വായിക്കാം.
വാഗ്ഭടാനന്ദന്റെ സംഘത്തില്‍ ചേര്‍ന്നുപ്രവര്‍ത്തിച്ചപ്പോള്‍ പാവപ്പെട്ട തൊഴിലാളികളോട് ജന്മിപ്രവരന്മാര്‍ക്ക് അനീതി കാട്ടാന്‍ അവസരം കുറഞ്ഞു. ജന്മി- മുതലാളിമാര്‍ തൊഴില്‍നിഷേധം നടത്തിയതിനെ തുടര്‍ന്ന് കൂലിവേലക്കാരുടെ ദൈന്യതയെപ്പറ്റി ചര്‍ച്ചചെയ്യാന്‍ വാഗ്ഭടാനന്ദന്‍ സംഘാംഗങ്ങളുടെ വിപുലമായ ഒരു യോഗം വിളിച്ചുചേര്‍ത്തു.
സമ്പന്നരായ സവര്‍ണ്ണപ്രമാണിമാര്‍ സംഘാനുകൂലികളെ ജോലിയില്‍നിന്ന് അകറ്റിനിര്‍ത്തിയപ്പോഴുണ്ടായ അനിശ്ചിതാവസ്ഥയില്‍ ഉള്‍പ്പെട്ട കൂലിവേലക്കാരുടെ യോഗമാണ് നടക്കാന്‍പോകുന്നത്. നിര്‍ദ്ദിഷ്ടദിവസം സമാഗതമായി. രാവിലെ മുതലേ സംഘത്തിന്റെ കാരക്കാട്ടെ ആസ്ഥാനമന്ദിരത്തിലേക്ക് ആളുകള്‍ ഒഴുകിയെത്തി. പ്രദേശത്തെ വന്‍ജനാവലിയുടെ ഭാവിഭാഗധേയം നിര്‍ണ്ണയിക്കുന്ന അപൂര്‍വ്വാവസരമാണ്. സംഘത്തിന്റെ പ്രാര്‍ത്ഥനാമന്ദിരവും പരിസരവും ജനനിബിഢമായി. തൊഴില്‍രഹിതരായ യുവതീയുവാക്കള്‍ ആശയും ആവേശവുമായി വാഗ്ഭടാനന്ദന്‍ എന്ന പുണ്യതീര്‍ത്ഥന്റെ പ്രസാദാത്മകമായ വദനപങ്കജത്തിന്റെ ദര്‍ശനസൗഭാഗ്യം കൊതിച്ച് ആകാംക്ഷാഭരിതരായി മന്ദിരാങ്കണത്തിലെ പൂഴിമണ്ണില്‍ അക്ഷമരായി കാത്തുനില്‍പ്പുണ്ട്. ആ പുണ്യപുരുഷന്റെ വചനാമൃതത്തിനായി തികഞ്ഞ അച്ചടക്കബോധമുള്ള അനുയായിവൃന്ദം അവിടെ അണിചേര്‍ന്നപ്പോള്‍ പൂര്‍ണ്ണ നിശ്ശബ്ദത.
അക്കൂട്ടത്തില്‍നിന്നൊരാള്‍ ആരോടെന്നില്ലാതെ നിശ്ശബ്ദമായ അന്തരീക്ഷത്തിലേക്ക് ധീരതയുടെ ശബ്ദമുയര്‍ത്തി. ''ജന്മിമാര്‍ കൂലിവേല നിഷേധിച്ച് ചില്ലിക്കാശില്ലാതെ കഷ്ടപ്പെട്ട് മുഴുപ്പട്ടിണി കിടന്നു മരിച്ചാലും ഗുരുവിന്റെ ആശയം നടപ്പിലാക്കുന്നതില്‍നിന്നു പിന്തിരിയാന്‍ ഞങ്ങള്‍ക്കു മനസ്സില്ല.''
പീഡിപ്പിക്കപ്പെട്ടവരിലൊരാള്‍ ആവേശപൂര്‍വ്വം ഉച്ചത്തില്‍ പറഞ്ഞ ആ വാക്കുകള്‍ വാഗ്ഭടാനന്ദന്റെ കര്‍ണ്ണപുടങ്ങളില്‍ നിരന്തരം മുഴങ്ങുംമട്ടിലായിരുന്നു. അപ്പോള്‍ അദ്ദേഹം ആവേശിതനായി. ജോലി നഷ്ടപ്പെട്ട തൊഴിലാളിവൃന്ദം വഴിതെറ്റി രൂക്ഷമായ സമരമാര്‍ഗ്ഗങ്ങളിലേക്കു പോയ്ക്കളയുമോ എന്നു വാഗ്ഭടാനന്ദന്‍ ആശങ്കപ്പെട്ടു. അതിനുമുമ്പ് പ്രശ്നപരിഹാരം കണ്ടെത്തിയേ മതിയാകൂ. വാഗ്ഭടാനന്ദന്‍ മനസാ നിരൂപിച്ചു. തന്റെ മനസ്സിലിരിപ്പ് അദ്ദേഹം ആര്‍ക്കും പിടികൊടുക്കാതെ വെച്ചിരിക്കുകയാണ്.
കാരക്കാടിന്റെ കറുത്തിരുണ്ട ആകാശം വെളിച്ചത്തിന്റെ തെളിമയാര്‍ന്ന് തുടങ്ങി. അയല്‍ഗ്രാമങ്ങളായ ഊരാളുങ്കലിലും, മുട്ടുങ്ങലിലും,വെള്ളിക്കുളങ്ങരയിലും താമസിക്കുന്ന വിവിധ ജോലികള്‍ ചെയ്തുപോന്ന ജനക്കൂട്ടം കാരക്കാട്ടുള്ള ആത്മവിദ്യാസംഘത്തിന്റെ ആസ്ഥാനമന്ദിരത്തിലേക്ക് ഒഴുകിവരികയാണ്. അതിജീവനം എന്ന ആത്യന്തികലക്ഷ്യം നേടിയെടുക്കാനുള്ള പ്രയത്നത്തില്‍ ഏര്‍പ്പെട്ട് സ്വയം ആവേശിതരായ തൊഴിലെടുക്കുന്നവരുടെ സംഗമവേദിയാണവിടം.
സംഘം ആസ്ഥാനമന്ദിരത്തിന്റെ മുറ്റത്ത് കൂടിനിന്ന ജനക്കൂട്ടത്തെ അഭിമുഖീകരിച്ച് സംസാരിക്കാന്‍ വാഗ്ഭടാനന്ദന്‍ എഴുന്നേറ്റു. അവിടെ കൂടിനില്‍ക്കുന്നവരുടെ എല്ലാ കാതുകളും കണ്ണുകളും അദ്ദേഹത്തിനു നേരെ. കനത്ത നിശ്ശബ്ദതയില്‍ ഉയരുന്ന വാക്കുകള്‍ എന്തെന്നറിയാന്‍ പ്രതീക്ഷിച്ചിരിക്കുകയാണവരെല്ലാം. മുന്നില്‍ മൗനം പൂണ്ടിരിക്കുന്ന ജനസഞ്ചയത്തിന്റെ മിഴിയിണകള്‍ വിടര്‍ന്നത് ഗുരുമുഖത്ത് നിന്നുള്ള വാഗ്ദാനങ്ങളുടെ മൊഴിയൊച്ചയ്ക്കാണെന്നു വാഗ്ഭടാനന്ദന്‍ ഗ്രഹിച്ചു.
ഗുരു സംസാരിക്കാന്‍ തുടങ്ങി:
''എന്റെ സ്വന്തം സഹോദരീസഹോദരന്മാരേ, നിങ്ങളിപ്പോള്‍ അറ്റം കാണാത്ത ഒരു വലിയ സങ്കടക്കടലില്‍ പെട്ടിരിക്കുകയാണെന്ന് എനിക്കറിയാം. അത് സംഭവിക്കാന്‍പോകുന്ന നല്ല ഒരു മാറ്റത്തിനുവേണ്ടിയുള്ള നിങ്ങളുടെ ത്യാഗപൂര്‍ണ്ണമായ ചെറുത്തുനില്‍പ്പായി കരുതിയാല്‍ മതി. ഈയവസരത്തില്‍ വലിയൊരു പ്രഭാഷണത്തിനു ഞാന്‍ മുതിരുന്നില്ല. ഇവിടെ നിങ്ങള്‍ക്കുണ്ടാകുന്ന പ്രയാസങ്ങളും മറ്റ് അനുഭവങ്ങളും നിങ്ങളില്‍നിന്ന് എനിക്ക് നേരിട്ടറിയേണ്ടതുണ്ട്. അത് ഓരോരുത്തരായി എഴുന്നേറ്റുനിന്നു ചുരുക്കം വാക്കുകളില്‍ പറയുക.''
വാഗ്ഭടാനന്ദന്‍ ആവശ്യപ്പെട്ടതനുസരിച്ച് അവിടെ കൂടിയിരിക്കുന്ന പലരും തങ്ങളനുഭവിച്ച ദാരിദ്ര്യവും പട്ടിണിയും വിവരിക്കാന്‍ തുടങ്ങി. പലരുടെയും സംഭവവിവരണങ്ങള്‍ ഹൃദയസ്പൃക്കായിരുന്നു. ജോലിനിഷേധവും തന്മൂലമുണ്ടായ സാമൂഹികരംഗത്തെ ഒറ്റപ്പെടുത്തലുമെല്ലാം ഗുരു സശ്രദ്ധം ശ്രവിച്ചു. തങ്ങളുടെ ജീവനൊടുക്കാന്‍ കയറെടുത്ത് ആത്മഹത്യയ്ക്കു ശ്രമിച്ചവരും, കുടുംബം ഒന്നടങ്കം ജീവിതം അവസാനിപ്പിക്കാന്‍ വിഷം വാങ്ങി സൂക്ഷിച്ചവരും ഉണ്ട്. റെയില്‍പ്പാളത്തില്‍ തീവണ്ടിക്ക് തലവെച്ചു കൊടുക്കാന്‍ പോയപ്പോള്‍ തനിക്കു മുമ്പേ ചുകപ്പു സാരിയുടുത്ത ഒരു യുവതി കൃത്യംചെയ്യുന്നത് കണ്ട് പേടിച്ചോടിയയാളും എല്ലാം ഞങ്ങളുടെ കൂട്ടത്തിലുണ്ട്. അങ്ങനെ സ്വാനുഭവങ്ങള്‍ ഗുരുസമക്ഷം അവതരിപ്പിച്ചു. അവരുടെ അനുഭവവിവരത്തിനു വിരാമമിട്ട് വാഗ്ഭടാനന്ദന്‍ തന്റെ പ്രതിവചനങ്ങള്‍ അവര്‍ക്കു മുമ്പാകെ നിരത്തി.
എത്രയും പ്രിയപ്പെട്ടവരേ,
നിങ്ങളിവിടെ പറഞ്ഞുകേട്ട വിവരണങ്ങളില്‍ പലതും എനിക്ക് അറിവുള്ളതാണ്. ഇത്തരം ഗൗരവതരമായ പ്രശ്നങ്ങള്‍ അറിഞ്ഞാണ് ഞാനിവിടേക്ക് ഓടിയെത്തിയത്. അന്നന്നത്തെ അന്നത്തിനു വകയില്ലാതെ ആര്‍ക്കും അധികകാലം പിടിച്ചുനില്‍ക്കാനാവുകയില്ല. അക്കാര്യം എനിക്ക് നന്നായറിയാം.
ഒരു കാര്യം ഞാന്‍ നിങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു. നമ്മളെല്ലാം ഒരു വന്‍സമരത്തിന്റെ പാതയിലാണ്. നമ്മുടെ രാജ്യം ഇപ്പോള്‍ ഭരിക്കുന്നത് വിദേശികളാണ്. ബ്രിട്ടീഷുകാര്‍. ഈ രാജ്യത്തിന്റെ ഭരണം വിദേശികളില്‍നിന്നു മാറ്റി ഇവിടത്തുകാര്‍ക്ക് തന്നെ ലഭിക്കുന്നതിനുവേണ്ടിയുള്ള സ്വാതന്ത്ര്യസമരത്തിലേര്‍പ്പെട്ടിരിക്കുകയാണ് നമ്മളെല്ലാം. നവോത്ഥാനപ്രസ്ഥാനങ്ങളുടെ ആഹ്വാനമനുസരിച്ച് തൊട്ടുകൂടായ്മക്കും, അന്ധവിശ്വാസത്തിനും, അനാചാരത്തിനുമെതിരെയുള്ള പോരാട്ടം. കര്‍ഷകത്തൊഴിലാളികളെ സമരസജ്ജരാക്കാനുള്ള യത്നം നടന്നുവരികയാണ്. അതുകൊണ്ട് നിങ്ങളറിയാതെ നിങ്ങള്‍ ഇന്ത്യാരാജ്യം സ്വതന്ത്രമാകുന്നതിനുവേണ്ടി ധീരഭടന്മാരായി മാറിക്കഴിഞ്ഞു.''
സ്വന്തം കാര്യത്തോടൊപ്പം വിശാലമായ രാജ്യതാത്പര്യം കൂടി ഉള്‍ക്കൊള്ളുന്ന വിഷയമാണ് തൊഴിലാളിസുഹൃത്തുക്കള്‍ക്കു നേരെ വാഗ്ഭടാനന്ദന്‍ വെച്ചുകൊടുത്തത്. പ്രസംഗമല്ല പ്രവൃത്തിയിലൂടെ അടിയന്തരാശ്വാസമാണ് ആവശ്യമെന്നു അവിടെ ഒത്തുകൂടിയ പട്ടിണിപ്പാവങ്ങളുടെ മുഖഭാവം പ്രകടമാക്കുന്നു. തങ്ങളുടെ ജീവല്‍പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം വേണമെന്നു അവര്‍ ആവശ്യപ്പെടുന്നു. ഭൂസ്വാമിമാരുടെയും, ജന്മിത്തമ്പുരാക്കന്മാരുടെയും മറ്റു ധനാഢ്യന്മാരുടെയും, ദയാവായ്പിനു കാത്തുനില്‍ക്കാതെ കാരക്കാട്ടെ കര്‍ഷകത്തൊഴിലാളികള്‍ ചെയ്തുപോന്ന കൃഷിപ്പണി, കിണര്‍കുഴിക്കല്‍, പാര്‍പ്പിടങ്ങള്‍ക്കും മറ്റു കൃഷിയിടങ്ങള്‍ക്കും വേലികെട്ടല്‍ മുതലായ ജോലികള്‍ തുടര്‍ന്നും ചെയ്യുന്നതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യാം. അടുത്ത പടിയായി മരാമത്തുജോലികള്‍ക്കാവശ്യമായ കരിങ്കല്ല് പൊട്ടിച്ച് ജെല്ലിയാക്കുന്ന പണിയും ആരംഭിക്കാം. വാഗ്ഭടാനന്ദന്‍ പ്രഖ്യാപിച്ചു.
കാരക്കാട്ടെ ചുട്ടുപൊള്ളുന്ന പൂഴിമണ്ണിലിരുന്നവര്‍ അതു കേട്ട് ആശ്വാസനിശ്വാസങ്ങളുയര്‍ത്തി. പുതുജീവിതമെന്ന സ്വപ്നത്തിന്റെ സാക്ഷാത്കാരം സാധിതപ്രായമാകുന്ന ധന്യമുഹൂര്‍ത്തം സമാഗതമാകുന്നതില്‍ സന്തുഷ്ടരായി പട്ടിണിയാല്‍ ഏറെ ശുഷ്‌കിച്ചുപോയ വയറുകള്‍ പൂര്‍ണ്ണമായി നിറഞ്ഞുകഴിഞ്ഞ പ്രതീതിയാണവര്‍ക്കപ്പോള്‍.
ഗുരുവിന്റെ ആശ്വാസവചനങ്ങള്‍ കേട്ടിരുന്നവരില്‍ ചിലര്‍ക്ക് എന്തോ ഒരു പന്തികേട് അനുഭവപ്പെട്ടു. ഗുരു ചൂണ്ടിക്കാട്ടിയ ജോലികള്‍ അതു തടയപ്പെടുന്നതിനു മുമ്പ് തങ്ങള്‍ ചെയ്തതാണ്. ഇവിടെ ഗുരു പ്രസംഗിച്ചതുകൊണ്ട് മാത്രമായോ. ആര്, എങ്ങനെ ഇതെല്ലാം പ്രവര്‍ത്തനപഥത്തില്‍ കൊണ്ടുവരും. പണക്കാര്‍ അവരുടെ കൂട്ടാളികളുടെ എതിര്‍പ്പ് അവഗണിച്ചുകൊണ്ട് കാശിറക്കി പണി പുനരാരംഭിക്കാന്‍ ധൈര്യപ്പെടുമോ?
അപ്പോള്‍ ആള്‍ക്കൂട്ടത്തിനിടയില്‍നിന്നു സംശയം നിറഞ്ഞ ചോദ്യങ്ങള്‍ ഒച്ചയടക്കി പതുക്കെ അവര്‍ ഉയര്‍ത്തി. അവിടെ കൂടിനിന്നവര്‍ ചുണ്ടനക്കുമ്പോഴേക്കും ഗുരുവിനു കാര്യത്തിന്റെ കിടപ്പ് മുഴുവനായും ഗ്രഹിക്കാന്‍ കഴിഞ്ഞു. വിമര്‍ശന സ്വഭാവമുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തിയ തൊഴിലാളിസുഹൃത്തുക്കളുടെ നേരെ ഗുരു മൃദുസ്മേരം തൂകി. ലാഘവബുദ്ധ്യാ അവരോട് അല്‍പ്പംകൂടി ക്ഷമിക്കണമെന്നാവശ്യപ്പെട്ടു. എല്ലാത്തിനും വഴികണ്ടെത്താനാവുന്നതേയുള്ളൂ എന്നു ഗുരു അവര്‍ക്ക് ഉറപ്പു നല്‍കി.
''ഗുരുവിന്റെ വാക്കുകള്‍ വിശ്വസിക്കാം. ദൈവത്തിന്റെ പ്രതിപുരുഷനില്‍നിന്നുയര്‍ന്ന ശബ്ദമാണ്.''
പീഡിതരുടെ സമാശ്വാസവചനങ്ങള്‍ അങ്ങനെയായിരുന്നു.
അദ്ധ്വാനത്തിനനുസരിച്ച് ന്യായമായ കൂലി, അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ എന്നിവയെല്ലാം ലഭ്യമാകുന്നതിനുവേണ്ടി കൂലിപ്പണിക്കാര്‍ക്ക് മാത്രമായി ഒരു സഹകരണസംഘം രൂപീകരിക്കുകയാണ് പരിഹാരമായി കാണുന്ന മാര്‍ഗ്ഗമെന്നു വാഗ്ഭടാനന്ദന്‍ സദസ്സിനെ നോക്കി ഉച്ചത്തില്‍ പ്രഖ്യാപിച്ചു. ആദ്യഘട്ടത്തില്‍ പാറമടക്കുകളില്‍നിന്നു കരിങ്കല്ല് പൊട്ടിച്ചെടുക്കുന്നവരും മറ്റു മരാമത്ത് ജോലി ചെയ്യുന്നവരും അടങ്ങുന്നവരെ ഉള്‍പ്പെടുത്തിയാണ് സഹകരണസംഘം രൂപീകരിക്കാനുദ്ദേശിക്കുന്നതെന്ന ഗുരു തൊഴിലാളികള്‍ക്ക് വ്യക്തമായ വിശദീകരണം നല്‍കി.
സഹകരണസംഘം എന്നത് ചുക്കോ ചുണ്ണാമ്പോ എന്നറിയാത്തവരാണാ പുരുഷാരം. എങ്കിലും ഗുരുവിന്റെ വാക്കുകള്‍ കേട്ട് പ്രതീക്ഷാസൂചകമായി അവരുടെ കണ്ണുകള്‍ വിടര്‍ന്നു. സംഘാനുകൂലികളായ തൊഴിലാളികള്‍ പൂര്‍ണ്ണമായും തൃപ്തരല്ലെന്നു ഗുരുവിനു ബോദ്ധ്യമുണ്ട്. അവരുടെ നാഡീമിടിപ്പുകള്‍ ഗുരുവിനു നന്നായറിയാം. കാര്യം വഷളാവാതെ സുഖപര്യവസായിയാകാന്‍ സമയോചിതമായ നീക്കങ്ങള്‍ ഉണ്ടാകണം. അതെല്ലാം തന്റെ ഭാഗത്തുനിന്നാണ് രൂപമെടുക്കേണ്ടതും പ്രാവര്‍ത്തികമാക്കേണ്ടതും - ഗുരു മനസ്സില്‍ കരുതി.
ഗുരുവിന്റെ പ്രസംഗത്തില്‍ വ്യക്തമാക്കിയ പ്രശ്നത്തിന്റെ പരിഹാരനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി യഥാസമയം നടപ്പിലാകുമോ, സഹകരണസംഘത്തിന്റെ സൃഷ്ടിയിലൂടെ എല്ലാം ക്ഷിപ്രസാദ്ധ്യമോ എന്നെല്ലാമുള്ള സംശയങ്ങള്‍ ഉയര്‍ന്നുവരുന്നത് സ്വാഭാവികമാണ്.
പരിഹരിക്കപ്പെടുന്നതാണോ തങ്ങളുടെ പ്രശ്നമെന്നു നിരവധി തൊഴിലാളികള്‍ സംശയാലുക്കളാണ്. വാഗ്ഭടാനന്ദന്‍ സഹകരണപ്രസ്ഥാനം ലോകചരിത്രത്തില്‍ തുടക്കമിടുന്നതിന്റെ പശ്ചാത്തലം പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ലോകമഹായുദ്ധാനന്തരകാലത്ത് രാജ്യത്ത് വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടിയപ്പോള്‍ സര്‍ക്കാര്‍ സഹായത്തോടെ ഭക്ഷ്യവസ്തുക്കള്‍ സഹകരണസംഘങ്ങളിലൂടെ വിതരണം ചെയ്തു ജനങ്ങളെ കരകയറ്റിയ സംഭവം ഉദാഹരണമായി ഗുരു വിവരിച്ചുകൊടുത്തു. ''നമ്മളിനി ഗതി പിടിക്യോന്നാണ്,'' അറുപതു കഴിഞ്ഞ ഒഞ്ചിയത്തെ ആലക്കുന്നുമ്മല്‍ അനന്തന്റെ ഒരു സംശയം കൊച്ചു നേതാവായ കാരക്കാട്ടെ നാണുവിനോട്.
''ഭൂമി ജന്മിയുടെതല്ലേ. ആ ജന്മിക്ക് നമ്മളെതിരായാല്‍ നാം പണി ചെയ്യുന്നതിനു എങ്ങോട്ട് പോകും?'' നാണുവിനോട് മറ്റൊരു ചോദ്യം.
''നമ്മള്‍ പണിയെടുക്കുന്ന മണ്ണ് നമ്മുടേതാകുന്ന കാലം വരും അതിലേക്കാണു നമ്മുടെ യാത്ര.''
പണിയില്ലാതെ കഷ്ടപ്പെടുന്ന ജനക്കൂട്ടത്തിലൊരാളോട് നാണു തന്റെ രാഷ്ട്രീയപാഠങ്ങള്‍ ഉള്‍പ്പെടുന്ന വിശദീകരണം.
കാരക്കാട്ടെ സംഘം മന്ദിരത്തിന്റെ മുറ്റത്ത് കൂടിയിരിക്കുന്നവര്‍ പരസ്പരം വാദപ്രതിവാദത്തിലേര്‍പ്പെട്ടു. തങ്ങളുടെ ഭാവിസഹകരണസംഘത്തിന്റെ കൈകളില്‍ സുരക്ഷിതമാണോ എന്ന ആശങ്ക അവരില്‍നിന്നു അകലുന്നില്ല.
വാഗ്ഭടാനന്ദന്‍ തന്റെ കര്‍മ്മപരിപാടിയിലെ ഒന്നൊന്നായുള്ള ഇനങ്ങള്‍ തൊഴിലാളികളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി അവര്‍ക്കു മുമ്പാകെ നിര്‍ത്തി. എല്ലാവരും ഒത്തുചേര്‍ന്ന് ഒരു സഹകരണസംഘം രജിസ്റ്റര്‍ ചെയ്യുന്നതിനു വേണ്ടി സര്‍ക്കാരിലേക്ക് അപേക്ഷ നല്‍കണം. അങ്ങനെ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന സഹകരണസംഘത്തില്‍ മുതലാളി-തൊഴിലാളി എന്ന വേര്‍തിരിവ് ഉണ്ടാവുകയില്ല. സംഘത്തിലെ ഓഹരിയുടമകളായ തൊഴിലെടുക്കുന്നവര്‍തന്നെയാണിതിന്റെ നടത്തിപ്പ് നിര്‍വ്വഹിക്കുന്നതും. ഓരോരുത്തരും എല്ലാവര്‍ക്കുവേണ്ടിയും, എല്ലാവരും ഓരോരുത്തര്‍ക്കുവേണ്ടിയും എന്ന ആപ്തവാക്യത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം മുന്നോട്ടു പോവുക. സംഘം ഏറ്റെടുക്കുന്ന ജോലികള്‍ അതിലെ അംഗങ്ങള്‍ കാലതാമസമെന്യേ നിര്‍വ്വഹിക്കുക, ചെയ്ത ജോലിക്ക് ന്യായമായ വേതനം കൈപ്പറ്റുക, അങ്ങനെ ചെലവ് ചെയ്തതിനു ശേഷം മിച്ചം വരുന്ന സംഘം നിയമാവലിയില്‍ നിശ്ചയിച്ചതനുസരിച്ച് ഓഹരിയുടമകള്‍ക്ക് വര്‍ഷത്തില്‍ ലാഭവിഹിതമായി വിഭജിച്ച് നല്‍കുക. ഇങ്ങനെയൊക്കെയാണ് ഉദ്ദിഷ്ടസംഘത്തിന്റെ പ്രവര്‍ത്തനരീതി. സര്‍ക്കാര്‍വക പൊതുമരാമത്ത് ജോലികള്‍ ഇത്തരം സംഘങ്ങള്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ ഇളവുകളോടെ നല്‍കണമെന്ന വ്യവസ്ഥയുള്ളതിനാല്‍ സംഘത്തിനു ചെയ്യാന്‍ ജോലികള്‍ ഇല്ലാതിരിക്കുന്ന സ്ഥിതിയുണ്ടാവുകയില്ല. സര്‍ക്കാരില്‍ നിന്നു വിവിധതരം സഹായധനങ്ങള്‍ക്കും അര്‍ഹതയുണ്ട്. അതു സംഘത്തിന്റെ സാമ്പത്തികസുരക്ഷയ്ക്ക് അനുഗുണമാകും. സര്‍ക്കാര്‍ ഏല്‍പ്പിക്കുന്ന ജോലികള്‍ക്കുള്ള സംഖ്യ അതാതു സമയംതന്നെ ലഭിക്കാതെ കാലതാമസത്തിന് ഇടയുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ തൊഴിലാളികള്‍ക്ക് നല്‍കാനുള്ള നിത്യവേതനം, മറ്റ് അടിയന്തരച്ചെലവുകള്‍ എന്നിവ നിര്‍വ്വഹിക്കുന്നതിനു ബാങ്ക് വായ്പകള്‍ തരപ്പെടുത്തി സാമ്പത്തികപ്രയാസങ്ങള്‍ തരണംചെയ്യാവുന്നതാണ്.
വാഗ്ഭടാനന്ദന്റെ ആമുഖഭാഷണത്തിന്റെ അന്തഃസത്ത ആദ്യഘട്ടത്തില്‍ ഉള്‍ക്കൊള്ളാന്‍ അവിടെ കൂടിയവരില്‍ പലര്‍ക്കുമായില്ല. എന്നാല്‍ ഗുരുവിന്റെ പ്രായോഗികകാര്യങ്ങളുടെ വിശദീകരണംകൂടി നടത്തിയപ്പോള്‍ അവരുടെ മുഖത്തു സന്തോഷത്തിന്റെയും സംതൃപ്തിയുടെയും ഭാവപ്രകടനം കണ്ടു. ഒടുവില്‍ അവരുടെയെല്ലാം എരിയുന്ന ഉള്ളകങ്ങളില്‍ കുളിരു കോരിയിടും മട്ടിലുള്ളതായി ഗുരുവിന്റെ വാക്കുകള്‍.
മുഴുപ്പട്ടിണിയില്‍ കിടന്നു എരിപൊരികൊള്ളുന്ന കാരക്കാട്ടെ നിസ്വവര്‍ഗ്ഗത്തിനു വാഗ്ഭടാനന്ദഗുരു കാട്ടിക്കൊടുത്ത പന്ഥാവ് സഹകരണപ്രസ്ഥാനത്തിന്റേതാണ്. അക്കാലത്ത് അതൊരു പുത്തന്‍ ആശയമായിരുന്നു.
ഇന്നത്തെപ്പോലെ സര്‍വ്വത്ര സഹകരണസംഘങ്ങള്‍ അന്നുണ്ടായിരുന്നില്ല. കൂലിപ്പണിക്കാര്‍ സംഘടിക്കുകയും സഹകരണസംഘത്തില്‍ അണിചേരുകയും ചെയ്യുന്നത് അക്കാലത്ത് പുതുമയുള്ള കാര്യമായിരുന്നു. സമൂഹത്തിലെ ഉന്നത വിഭാഗക്കാരുടെ സഹായമില്ലാത്ത ഉദ്ദിഷ്ടസംഘം സാമ്പത്തികഭദ്രത കൈവരിച്ച് നിലയിലെത്തിയാല്‍ തങ്ങളുടെ ജീവിതം പച്ചപിടിക്കുമെന്നു അവരാശിച്ചു. അങ്ങനെ ഭൂസ്വാമിമാരോട് പകരംവീട്ടാന്‍ ആകുമെന്ന് അവര്‍ വിശ്വസിച്ചു.
ചാപ്പയില്‍ കുഞ്ഞക്കു ഗുരുക്കളും, പുന്നേരി പൊക്കായിയും, പറമ്പത്ത് ചാത്തനും, കോയാന്റെ വളപ്പില്‍ ആണ്ടിയും, കിഴക്കയില്‍ ശങ്കരനും, വണ്ണാത്തിക്കണ്ടി കണ്ണനും, കുന്നോത്ത് കണ്ണനും, ചെമ്പോത്താങ്കണ്ടി കുഞ്ഞിരാമനും, സാറാങ്കീന്റവിട കണാരനും, മഠത്തില്‍ പൊക്കായിയും, പുളിഞ്ഞോളി കണാരനും, തട്ടാന്റവിട കണാരനും, കുന്നോത്ത് കണാരനും അവിടെ വന്നെത്തിയവരില്‍ പ്രമുഖരാണ്. സഹകരണസംഘത്തിന്റെ രൂപീകരണം ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനസഹകരണ രജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ച പ്രാഥമിക അപേക്ഷയില്‍ ഒപ്പിട്ടവരാണ്. ഇവര്‍തന്നെയാണ് ഇപ്പോള്‍ ലോകപ്രശസ്തിയുടെ കൊടുമുടി കയറിയ കോഴിക്കോട് ജില്ലയിലെ വടകരയ്ക്കടുത്ത ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ.ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പിറവിക്കു പിന്നില്‍ വാഗ്ഭടാനന്ദനോടൊപ്പം പ്രവര്‍ത്തിച്ച മഹാശയര്‍.
അക്കാലത്ത് സ്ഥാപിക്കപ്പെടുന്ന സഹകരണസംഘങ്ങളുടെ തലപ്പത്ത് സമൂഹത്തില്‍ സമ്പന്നതയിലും ജാതിക്കാര്യത്തിലും സമുന്നതസ്ഥാനങ്ങളില്‍ വിരാജിക്കുന്നവരെയേ അവരോധിക്കാറുള്ളൂ. അതില്‍നിന്നു വ്യതിരിക്തമായ നിലപാടാണ് ഈ സഹകരണസംഘത്തിന്റേത്. കൂലിവേലക്കാരുടെ ഉന്നമനം ഉദ്ദേശിച്ച് സംഘടിപ്പിക്കുന്ന ഈ സംഘത്തിന്റെ നേതൃസ്ഥാനത്ത് വരുന്നവര്‍ സമൂഹത്തിലെ പ്രമാണിമാരെയല്ല മറിച്ച്, തൊഴിലാളിയായി പ്രവര്‍ത്തിക്കുന്ന സാധാരണക്കാരെയാണ് കുടിയിരുത്തേണ്ടത് എന്നതു വാഗ്ഭടാനന്ദന്റെ ഉറച്ച അഭിപ്രായവും നിര്‍ദ്ദേശവുമാണ്. സ്വദേശമായ പാട്യത്തുനിന്ന് പുറപ്പെട്ട് ദീര്‍ഘദൂരം താണ്ടി അകലെയുള്ള കാരക്കാട്ടു വന്ന് പൊതുപ്രവര്‍ത്തനത്തിന്റെ ഓരോ രംഗത്തേക്കും അനുയോജ്യരായ പ്രവര്‍ത്തകരെ നിയോഗിക്കുന്നത് വാഗ്ഭടാനന്ദന്‍ മുന്‍കൈ എടുത്തുതന്നെ. തന്റെ കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെട്ട യാതൊരു സ്ഥാപനത്തിന്റെയും ഭരണസാരഥ്യത്തില്‍ ഉള്‍പ്പെടാന്‍ ഗുരു തത്പരനായിരുന്നില്ല. എല്ലാറ്റിന്റെയും തിരശ്ശീലയ്ക്കു പിന്നില്‍നിന്ന് ചരട് വലിച്ച് അനുയോജ്യരായ ആളിനെ കണ്ടുപിടിച്ച് ഓരോ സ്ഥാനങ്ങളിലും യഥാവിധി പ്രതിഷ്ഠിച്ച് മാറിനില്‍ക്കുകയാണ് അദ്ദേഹം ചെയ്തത്. അധികാരമോഹം തൊട്ടുതീണ്ടിയിട്ടില്ലാത്ത ആ മഹാമനസ്‌കന്റെ ഭാവനാപൂര്‍ണ്ണമായ പദ്ധതികളുടെ വിജയപ്രാപ്തിയാണ് ഇവിടെ കാണാന്‍ കഴിയുന്നത്. സ്ഥാനലബ്ധിയോ, ധനമോഹമോ കാംക്ഷിക്കാത്ത ഇത്തരം സാമൂഹികനേതൃനിരയിലുള്ളവരെ കാണാന്‍ പ്രയാസമാണ്.
ആദ്യഘട്ടത്തില്‍ തൊഴില്‍ നഷ്ടപ്പെട്ടവരുടെ യോജിച്ച ഒരു പ്രസ്ഥാനത്തിനു രൂപം നല്‍കുകയാണ് ചെയ്തതെങ്കിലും ഒരു സഹകരണസംഘമെന്ന നിലയില്‍ അപേക്ഷ നല്‍കി സര്‍ക്കാരില്‍നിന്നു രജിസ്ട്രേഷന്‍ ലഭിക്കുന്നത് 1925-ാമത് വര്‍ഷത്തിലാണ് (വര്‍ഷാദ്യം). ചാപ്പയില്‍ കുഞ്ഞക്കു ഗുരുക്കള്‍ എന്ന ഒരു സാധാരണ തൊഴിലാളിയാണ് ഈ സഹകരണസംഘത്തിന്റെ പ്രഥമ പ്രസിഡന്റായി അവരോധിതനാകുന്നത്. നാട്ടിന്‍പുറത്തെ ചെങ്കല്ലുമഴുകൊണ്ട് ചെത്തി കെട്ടിടനിര്‍മ്മാണം നടത്തുന്ന ഒരു തൊഴിലാളി. നിര്‍മ്മാണത്തൊഴിലില്‍ ഏര്‍പ്പെട്ട സാധാരണ തൊഴിലാളിയാണെങ്കിലും വാഗ്ഭടാനന്ദ ഗുരുവിന്റെ സമൂഹപരിഷ്‌കരണസിദ്ധാന്തങ്ങളുടെ ഊര്‍ജ്ജം ഉള്‍ക്കൊണ്ട് ഹരിജനോദ്ധാരണത്തിലും അയിത്താചരണത്തിനെതിരായുള്ള പ്രവര്‍ത്തനത്തിലും സജീവപങ്കാളിത്തം വഹിച്ച ദേശസ്നേഹികൂടിയായിരുന്നു കുഞ്ഞക്കു ഗുരുക്കള്‍.
വിശപ്പിന്റെ വിളിയില്‍ പാവപ്പെട്ട ഒരു കൂട്ടം തൊഴിലാളികള്‍ പടുത്തുയര്‍ത്തിയ സഹകരണസംഘം സംസ്ഥാനത്ത് ഇദംപ്രഥമമായ സംരംഭമായിരുന്നു. സംഘത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചതോടെ തൊഴിലാളികളില്‍ പുത്തനുണര്‍വ്വ് പ്രകടമായി. കൂട്ടായ്മയുടെ ഗുണഫലമറിയുമ്പോള്‍ നുണയുന്ന മധുരം അദ്ധ്വാനിക്കുന്നവനെ ലഹരിയിലാഴ്ത്തി. പൊതുനിര്‍മ്മാണപ്രവൃത്തികള്‍ ഏറ്റെടുത്ത് ജോലി ചെയ്ത് കൂലി കൈപ്പറ്റിയതിനുശേഷമുള്ള മിച്ചധനം പങ്കിട്ടെടുക്കുമ്പോഴാണ് പരസ്പരസഹകരണത്തിന്റെ ആത്യന്തികലക്ഷ്യം അവരറിഞ്ഞത്.
പുതിയ സഹകരണസംഘത്തിന്റെ മുന്നോട്ടേക്കുള്ള പോക്കിനു ഏറെ കടമ്പകള്‍ കടക്കാനുണ്ടായിരുന്നു. സംഘം മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച് വന്‍കിട മാതൃകാസ്ഥാപനമായി വളരുന്നതു കണ്ട് ഏതാനും ദോഷൈകദൃക്കുകള്‍ ഏതിര്‍പ്പുമായി ഗൂഢശ്രമങ്ങള്‍ നടത്തി. ജോലി സമയം കണക്കിലെടുക്കാതെ അധികനേരം ജോലി ചെയ്ത തൊഴിലാളികളെ സ്വാധീനിച്ച് അവരുടെ അഭ്യുദയകാംക്ഷികള്‍ എന്ന ഭാവത്തില്‍ സംഘത്തെ തകര്‍ക്കാന്‍ കുത്സിത വൃത്തികളിലേര്‍പ്പെട്ടവരുണ്ടായിരുന്നു. മരാമത്തുവകുപ്പിലെ അഴിമതിക്കാരായ എന്‍ജിനീയര്‍മാര്‍ക്ക് കോഴപ്പണം നല്‍കി സംഘത്തെ നശിപ്പിക്കാന്‍ ശ്രമിച്ചു.
മരാമത്ത് ജോലിയിലേര്‍പ്പെട്ട സാധു തൊഴിലാളികളെക്കൊണ്ട് നിര്‍ദ്ദിഷ്ട പ്രവര്‍ത്തനസമയത്തില്‍ കൂടുതല്‍ കഠിനാദ്ധ്വാനം ചെയ്യിച്ച് അവര്‍ക്ക് ന്യായമായ കൂലി കൊടുക്കാതെ തടിച്ചുകൊഴുക്കുന്ന കരാറുകാരുടെ കണ്ണിലെ കരടായിമാറി ഈ സഹകരണസംഘം. അദ്ധ്വാനശീലരുടെ ചോരനീരാക്കി അവരെ അടിമകളാക്കി മാറ്റുന്ന കോണ്‍ട്രാക്ടര്‍മാരുടെ രീതിയില്‍നിന്നു വ്യത്യസ്തമായി സഹകരണസംഘം.
ചരിത്രത്തിന്റെ താളുകളില്‍ തിളങ്ങിനില്‍ക്കുന്ന ഒരേടായി മാറി ഊരാളുങ്കല്‍ പരസ്പരസഹായസംഘം. രാജ്യത്ത് എവിടെയും ദര്‍ശിക്കാന്‍ കഴിയാത്ത ഒരദ്ഭുതപ്രതിഭാസമാണത്. പാവങ്ങളായ ഭാരം ചുമക്കുന്നവരും കരിങ്കല്ലുടയ്ക്കുന്ന വരും. കല്‍പ്പണിക്കാരുമെല്ലാം സംഘത്തില്‍ അംഗങ്ങള്‍. അവര്‍തന്നെ വീടുകളും മറ്റു കെട്ടിടങ്ങളും നിര്‍മ്മിക്കുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നു. മറ്റൊരു സവിശേഷത, ചുമട് എടുക്കുന്നവര്‍ക്കൊപ്പവും, കല്‍പ്പണി നടത്തുന്നവര്‍ക്കൊപ്പവും വിയര്‍പ്പില്‍ കുളിച്ച് അന്തിമയങ്ങുംവരെ പണി ചെയ്യുന്നവര്‍തന്നെ സഹകരണസംഘത്തിന്റെ ഭാരവാഹികളുമെല്ലാം. നമ്മുടെ സങ്കല്‍പ്പത്തിലുള്ള ശീതീകരിച്ച മുറിയില്‍ ബ്യൂറോക്രസിയുടെ കാവലാളായി ഭരണാധികാരത്തിന്റെ ദണ്ഡ് ചുഴറ്റുന്ന ഉന്നതവര്‍ഗ്ഗക്കാരല്ല. അവര്‍ കരാറുകാരന്‍ എന്ന ഇടനിലക്കാരനു പകരമായി സഹകരണസംഘമാണ്. തൊഴിലാളിതന്നെ അവിടത്തെ മുതലാളിയും അതിനാല്‍ അവിടെ ആരും ആരെയും ചൂഷണം ചെയ്യുന്ന നിലയില്ല എല്ലാവരും സമന്മാര്‍.
സഹകരണസംഘത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായി നിയമാവലിയില്‍ പരാമര്‍ശിക്കപ്പെടാത്ത ആര്‍ക്കും ഇതില്‍ അംഗത്വം നല്‍കില്ല. കരിങ്കല്ലു പൊട്ടിക്കല്‍, ഭൂമി കിളയ്ക്കല്‍, കല്‍പ്പണി ചെയ്യല്‍ എന്നിവയില്‍ ഏര്‍പ്പെടുന്നവരെ മാത്രം ആദ്യകാലത്ത് സംഘാംഗങ്ങളാക്കി. ക്രമേണ ഇതോടനുബന്ധിച്ച പ്രവൃത്തി ചെയ്യുന്നവര്‍ക്കും അംഗത്വം നല്‍കി.
അങ്ങനെ നവോത്ഥാന ശില്‍പ്പിയായ വാഗ്ഭടാനന്ദഗുരുവിന്റെ ആശയാഭിലാഷങ്ങള്‍ക്കനുസൃതമായി പിറന്നുവീണ ഊരാളുങ്കല്‍ കൂലിപ്പണിക്കാരുടെ സഹകരണസംഘം അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കു ജീവിതമാര്‍ഗ്ഗം കാട്ടിക്കൊടുക്കുന്ന മഹല്‍സ്ഥാപനമായി വളരാനാരംഭിച്ചു.
1925-ല്‍ പ്രവര്‍ത്തനം തുടങ്ങിയസംഘം പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിലെ ഒരു വിഭാഗം ജനങ്ങളുടെ ജീവിതയാത്രയ്ക്ക് ഗതിനിര്‍ണ്ണയിക്കുമെന്ന നിലയിലായി. എന്നാല്‍ കേവലം ഒരു വര്‍ഷം മാത്രം പ്രായമായപ്പോള്‍ സംഘത്തെ അകാലമൃത്യുവിനിരയാക്കാനുള്ള തീവ്രശ്രമം അണിയറയില്‍ ആസൂത്രണം ചെയ്യപ്പെട്ടു. കോണ്‍ട്രാക്ടര്‍മാരും, ജന്മിമുതലാളിമാരും അവരുടെ പാദസേവകരായി കഴിയുന്ന മരാമത്ത് വകുപ്പധികൃതരില്‍ ചിലരും സഹകരണസംഘത്തിന്റെ സഹകരണപ്രക്രിയയ്ക്ക് കോപ്പുകൂട്ടി. തന്ത്രപരമായ മാര്‍ഗ്ഗങ്ങളിലൂടെയാണ് അവരുടെ ശ്രമങ്ങള്‍ നീങ്ങിയത്.
''സര്‍ക്കാര്‍ മരാമത്തുപണികള്‍ തങ്ങള്‍ക്ക് നല്‍കുന്നില്ല. ചെയ്തുതീര്‍ത്ത ജോലിയുടെ പണം വിതരണംചെയ്യുന്നതിനു അസാധാരണ കാലതാമസമുണ്ടാക്കുന്നു. മരാമത്ത് വകുപ്പ് എഞ്ചിനീയര്‍മാരും മറ്റും സംഘത്തോട് പക്ഷപാതമനോഭാവം കാട്ടി വിഷമിപ്പിക്കുന്നു. അന്നു സംഘംപ്രസിഡന്റ് കുഞ്ഞക്കു ഗുരുക്കള്‍, വാഗ്ഭടാനന്ദന്റെ സന്ദര്‍ശന വേളയില്‍ ഇക്കാര്യം ബോദ്ധ്യപ്പെടുത്തി. പാവപ്പെട്ടവരുടെ ഉന്നതിയിലേക്കുള്ള പ്രയാണത്തെ തടസ്സപ്പെടുത്താന്‍ നാനാവിധ ശക്തികളും ഒത്തൊരുമിച്ച് കൂടുമെന്നു ഗുരുവിനറിയാം. സ്ഥാപനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്രങ്ങളുടെ മര്‍മ്മസ്ഥാനത്ത് ആഞ്ഞടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇവിടെ ഇപ്പോള്‍ ഉയര്‍ന്നുവന്ന തൊഴിലാളിസംഘം തകര്‍ന്നുതരിപ്പണമാവുകയേ ഉള്ളൂ. അങ്ങനെ വന്നാല്‍ വീണ്ടും തൊഴിലില്ലാപ്പട പെരുകിവന്നാലുണ്ടാകുന്ന സ്ഥിതി ഏറ്റവും ദുരിതപൂര്‍ണ്ണമാകും.
ഇക്കാര്യത്തില്‍ അടിയന്തരമായ ഇടപെടല്‍ ആവശ്യമാണെന്നു വാഗ്ഭടാനന്ദനു ബോദ്ധ്യമായി. അദ്ദേഹം മരാമത്ത് വകുപ്പിന്റെയും സഹകരണവകുപ്പ് രജിസ്ട്രാറുടെയും ഓഫീസുകളിലേക്കു പെട്ടെന്നു യാത്ര പുറപ്പെട്ടു. സഹകരണസംഘം നിര്‍ദ്ദിഷ്ടലക്ഷ്യങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തനം നടത്താത്തതിനാല്‍ പൊതുമരാമത്ത് ജോലികള്‍ അവരെ ഏല്‍പ്പിക്കാവുന്നതല്ലെന്നു മരാമത്ത് വകുപ്പ്. അതിന്റെ അടിസ്ഥാനത്തില്‍ സംഘത്തിന്റെ രജിസ്ട്രേഷന്‍ റദ്ദ് ചെയ്യുന്നതിനുള്ള നടപടികളുമായി സഹകരണ രജിസ്ട്രാര്‍ മുന്നോട്ടുപോകുന്ന നിലയിലാണ്. സംഘത്തിനു സാമ്പത്തികസഹായം നിഷേധിക്കാന്‍ ബാങ്കുകളിലും സമ്മര്‍ദ്ദമുണ്ടായി. എങ്ങും പ്രതികൂലാവസ്ഥ.
വാഗ്ഭടാനന്ദ ഗുരു അധികൃതസ്ഥാനങ്ങളില്‍ നിവേദനങ്ങള്‍ സമര്‍പ്പിച്ച് തിരികെപ്പോരാന്‍ കൂട്ടാക്കിയില്ല. അപേക്ഷ നല്‍കിയതുകൊണ്ട് മാത്രം അടിയന്തരനടപടികള്‍ ഉണ്ടാകുമെന്ന് അദ്ദേഹത്തിനു വിശ്വാസമുണ്ടായിരുന്നില്ല. സംഘത്തെ നിലനിര്‍ത്തി പെട്ടെന്നുതന്നെ പ്രവര്‍ത്തനസജ്ജമാക്കാന്‍ ഔദ്യോഗികനടപടികള്‍ വേണം. അതിനായി സമ്മര്‍ദ്ദതന്ത്രങ്ങള്‍ സ്വീകരിക്കുകയാണ് വേണ്ടത്. സംഘത്തിന്റെ നിലനില്‍പ്പും പ്രവര്‍ത്തനവും കുറേയധികം കുടുംബങ്ങളുടെ ജീവല്‍പ്രശ്നമായതിനാല്‍ സംഘത്തിന് എല്ലാവിധ സഹായസഹകരണങ്ങളും സത്വരം നല്‍കണം. രജിസ്ട്രേഷന്‍ നില നിര്‍ത്തി പൊതുമരാമത്ത് ജോലികള്‍ അവരെ ഏല്‍പ്പിച്ച് ബാങ്കുകളില്‍നിന്നുളള വായ്പാസംവിധാനം തുടര്‍ന്നും ലഭ്യമാക്കുകയും വേണം.
ഗുരുവിന്റെ പ്രയത്നം ഫലം കണ്ടു. അധികാരസ്ഥാനങ്ങള്‍ ആവശ്യങ്ങള്‍ പരിഹരിച്ച് സഹകരണസംഘത്തിനു അടിയന്തരാശ്വാസം എത്തിച്ചുകൊടുക്കാന്‍ തയ്യാറായി. സംഘത്തിനു മരാമത്തുജോലികള്‍ നല്‍കാന്‍ നടപടിയായി. ബാങ്കുകള്‍ സഹായവാഗ്ദാനം ചെയ്തു. സംഘം രജിസ്ട്രേഷന്‍ റദ്ദ് ചെയ്യപ്പെടുന്ന സ്ഥിതി ഒഴിവായി. വാഗ്ഭടാനന്ദന്റെ ദൗത്യം വിജയിച്ചു. സംഘത്തിനു പുനര്‍ജ്ജനി ഉണ്ടായി.
ദീര്‍ഘദര്‍ശിയായ ആ മഹാനുഭാവന്‍ സമൂഹസൃഷ്ടിക്കുള്ള കര്‍മ്മപദ്ധതികള്‍ ഓരോന്നായി പ്രവര്‍ത്തനപഥത്തില്‍ കൊണ്ടുവന്നു. പൊതുവിദ്യാലയങ്ങളില്‍ പ്രവേശനാനുമതിയില്ലാത്തവരാണ് ഗുരുവിന്റെ അവിടത്തെ അനുയായിവൃന്ദം. അവര്‍ക്കായി കാരക്കാട്ടെ ഒരു വിദ്യാലയം ആരംഭിച്ചു. പ്രദേശത്തുള്ളവരുടെ സാമ്പത്തികാവശ്യങ്ങള്‍ പരിഹരിക്കപ്പെടുന്നതിന് ഒഞ്ചിയത്ത് ഒരു സഹകരണസംഘം സ്ഥാപിച്ചു. അവിടെ വായ്പാവിതരണം നടന്നു. ആത്മവിദ്യാസംഘത്തില്‍പ്പെട്ടവരുടെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു വേണ്ടുന്ന പ്രധാനപ്പെട്ട സ്ഥാപനങ്ങളായി. കാരക്കാട്ടുകാര്‍ക്ക് ജോലി, വിദ്യാഭ്യാസം, വായ്പ എന്നിവയെല്ലാം എളുപ്പത്തില്‍ ലഭ്യമാകുന്ന സ്ഥിതി സംജാതമായി.
അവിടെ രൂപീകരിക്കപ്പെട്ട കൂലിവേലക്കാരുടെ സഹകരണസംഘത്തിന് ആരംഭത്തില്‍ വളര്‍ച്ചയുടെ കുതിപ്പും, പിന്നീട് അതിനു കിതപ്പിന്റെ പിറകോട്ടടിയുമുണ്ടായി. വീണ്ടും മുന്നോട്ടുപോക്ക് വിസ്മയവഹമാംമട്ടില്‍ വാഗ്ഭടാനന്ദന്‍ മുന്‍കൈയെടുത്ത് തുടങ്ങിയ പ്രസ്ഥാനങ്ങളെല്ലാം കാരക്കാട്ട് പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് വലിയ താങ്ങും തണലുമായി.
Content Highlights: pannyannur bhasi book vagbhadanandan uralungal labour contract cooperative society
Published: 12 Jun 2025, 06:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented