തിരുവനന്തപുരം: കേരളത്തോളം പ്രായമുള്ള കോൺഗ്രസ് നേതാവാണ് രമേശ് ചെന്നിത്തല. ജനനത്തീയതി 1956 മേയ് 25. നാളിതുവരെ പ്രവർത്തിച്ച പാർട്ടി 24-ാമതു മന്ത്രിസഭ രൂപവത്കരിക്കുന്ന ഈ മാസംതന്നെ ചെന്നിത്തല 70-ാം പിറന്നാൾ ആഘോഷിക്കും. പക്ഷേ, കണക്കുകൂട്ടലുകൾ പിഴച്ച് മുഖ്യമന്ത്രിക്കസേരയിൽ അവഗണിക്കപ്പെട്ട അദ്ദേഹത്തിന് ആഹ്ലാദം നൽകുന്നതല്ല ഈ സന്ദർഭം.
വ്യാഴാഴ്ച ഉച്ചവരെ തിരുവനന്തപുരം വഴുതക്കാട്ടെ വസതിയിൽ പ്രവർത്തകരുടെ ആരവങ്ങൾക്കിടയിൽ സന്തോഷത്തോടെ അദ്ദേഹം കാണപ്പെട്ടു. ഇടയ്ക്കു പുറത്തെത്തി, മാധ്യമപ്രവർത്തകരോട് കാപ്പിയോ, ചായയോ വേണോയെന്നു ചോദിച്ചപ്പോഴും പ്രത്യാശയുടെ മുഖഭാവമായിരുന്നു. ഉച്ചയ്ക്ക് 12-ന് പാർട്ടി ഹൈക്കമാൻഡ് കൈവിട്ടതറിഞ്ഞതോടെ, ‘ദേവദത്തം’ എന്നു പേരുള്ള വസതി ശോകമൂകമായി. ചെന്നിത്തലയെ പിന്നെ പുറത്തുകണ്ടില്ല.
വീടിന്റെ പിൻവഴിയിലൂടെ ഹരിപ്പാട്ടേക്കു പുറപ്പെട്ടെന്ന വാർത്തകൾ ചെന്നിത്തലയുടെ വിശ്വസ്തൻ ജ്യോതികുമാർ ചാമക്കാല മാധ്യമങ്ങളോടു നിഷേധിച്ചില്ല. ‘അദ്ദേഹം ഉപയോഗിക്കാറുള്ള വഴിയാണല്ലോ. ആ വഴി പോയാലെന്താണ് പ്രശ്ന’മെന്ന ചോദ്യത്തോടെ ചാമക്കാല മാധ്യമപ്രവർത്തകരെ നേരിട്ടു.
ഒന്നാം പിണറായി സർക്കാരിൽ പ്രതിപക്ഷ നേതാവായെങ്കിലും രണ്ടാം പിണറായി സർക്കാരിന്റെകാലത്ത് ഭൂരിപക്ഷം പേരുണ്ടായിട്ടും ചെന്നിത്തലയ്ക്കു നേതൃസ്ഥാനം നഷ്ടപ്പെട്ടു. എന്നാൽ, പിണക്കമൊന്നും കാട്ടാതെ സഭയിലും പാർട്ടിയിലും സജീവമായി പ്രവർത്തിച്ചു. മല്ലികാർജുന ഖർഗെ എ.ഐ.സി.സി. അധ്യക്ഷനായശേഷം രൂപവത്കരിക്കപ്പെട്ട കോൺഗ്രസ് പ്രവർത്തകസമിതിയിൽ തന്നേക്കാൾ ജൂനിയറായ ശശി തരൂരിനെ സ്ഥിരാംഗമായി അവരോധിച്ചപ്പോഴും ചെന്നിത്തല പ്രതിഷേധിച്ചില്ല. സമിതിയിൽ ക്ഷണിതാവ് മാത്രമായതിലെ നീരസത്തിലും പാർട്ടിക്കു വിധേയനായി.
ഒടുവിൽ, മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള മത്സരത്തിൽ ‘പാർട്ടിയിലും പാർലമെന്ററിരംഗത്തും സീനിയർ’ എന്ന പരിഗണനയിൽ അദ്ദേഹം പ്രതീക്ഷയർപ്പിച്ചു. തനിക്കിതു ലാസ്റ്റ് ബസ്സാണെന്ന് ഹൈക്കമാൻഡിനുമുന്നിൽ വാദിച്ചു. അതും അവഗണിക്കപ്പെട്ടപ്പോൾ, ഇനി ചെന്നിത്തല ഏതുവഴിക്കു നീങ്ങുമെന്നതാണ് പ്രധാനം. അച്ചടക്കം പാലിച്ചുനിന്നിട്ടും താൻ അവഗണിക്കപ്പെട്ടെന്ന് മുഖ്യമന്ത്രിയെക്കുറിച്ചുള്ള വിവരമറിയിക്കാൻ വിളിച്ച രാഹുൽ ഗാന്ധിയോട് അദ്ദേഹം പരിഭവപ്പെട്ടെന്നാണ് വിവരം. വൈകീട്ട് നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കാതെ ചെന്നിത്തല മാറിനിന്നതും രോഷപ്രകടനമായിരുന്നു.
മുഖ്യമന്ത്രിപദത്തിൽനിന്നും മാറ്റിനിർത്തപ്പെടുന്നവർക്ക് ‘ബഹുമാന്യപദവി’ ഉണ്ടാവുമെന്നാണ് രാഹുലിന്റെ ഉറപ്പ്. ഖർഗെ എ.ഐ.സി.സി. പ്രസിഡന്റായ വേളയിൽ പാർട്ടി ഏകോപനം സുഗമമാക്കാൻ രാജ്യത്തെ ഓരോ മേഖലകളായി തിരിച്ച് ഉപാധ്യക്ഷന്മാരെ നിയോഗിക്കാൻ ആലോചിച്ചിരുന്നു. അന്ന്, ദക്ഷിണേന്ത്യാ ഉപാധ്യക്ഷനായി പരിഗണിക്കപ്പെട്ടയാളാണ് ചെന്നിത്തല. ഇപ്പോഴത്തെ നീരസമകറ്റാൻ ആ ഫോർമുല ഹൈക്കമാൻഡിന് വീണ്ടും പൊടിതട്ടിയെടുക്കാം. പക്ഷേ, കപ്പിനും ചുണ്ടിനുമിടയിൽ മുഖ്യമന്ത്രിക്കസേര നഷ്ടപ്പെട്ട നിരാശയിൽ, ചെന്നിത്തല ഇനി ഏതു വഴിക്കു നീങ്ങുമെന്നറിയാൻ കാത്തിരിക്കുകയാണ് രാഷ്ട്രീയകേരളം.
Content Highlights: Ramesh Chennithala faces exclusion from the CM candidacy by the Congress High Command in 2026., The 70-year-old leader, despite his seniority, was overlooked for the top post., Chennithala expressed his disappointment by skipping the legislative party meeting., Potential for a national-level party role as a compromise to address his grievances.
Published: 15 May 2026, 06:45 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented