പാലാ: കോൺ​ഗ്രസ് പ്രതിനിധിയായി വിജയിച്ചശേഷം കൂറുമാറി ഇടതുപക്ഷത്തോടൊപ്പം ചേർന്ന് പഞ്ചായത്ത്  പ്രസിഡന്റ്  സ്ഥാനം നിലനിർത്തിയ  രാമപുരം ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ഷൈനി സന്തോഷിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കി. 2022  ജൂലൈ 27-നായിരുന്നു ഷൈനി സന്തോഷ്  കൂറുമാറി ഇടതുപക്ഷത്തോടൊപ്പം ചേർന്നത്.

To advertise here,

2020-ൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ രാമപുരം പഞ്ചായത്തിൽ കൂടുതൽ വാർഡുകളിൽ യു.ഡി.എഫിനായിരുന്നു വിജയം. യു.ഡി.എഫ്.- എട്ട്, എൽ.ഡി.എഫ്.- അഞ്ച്, ബി.ജെ.പി -മൂന്ന്, സ്വതന്ത്രർ - രണ്ട് എന്നിങ്ങനെയായിരുന്നു കക്ഷിനില. സ്വതന്ത്രർ പിന്നീട്  ഇടതുപക്ഷത്തിനൊപ്പം ചേർന്നു. കോൺ​ഗ്രസ് പ്രതിനിധിയായിരുന്ന ഷൈനി സന്തോഷിനായിരുന്നു പ്രസിഡന്റ് സ്ഥാനം.

യു.ഡി.എഫിലെ ധാരണ പ്രകാരം കേരളാ കോൺ​ഗ്രസ് ജോസഫ് വിഭാഗം പ്രതിനിധിക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കൈമാറുന്നതിനായി ഷൈനി സന്തോഷ് 2022 ജൂണിൽ സ്ഥാനം രാജിവച്ചിരുന്നു. കേരളാ കോൺ​ഗ്രസ് ജോസഫ് വിഭാഗത്തിലെ ലിസമ്മ മത്തച്ചനെ പ്രസിഡന്റ് സ്ഥാനത്തേക്കും കോൺ​ഗ്രസിലെ കെ.കെ. ശാന്താറാമിനെ വൈസ്പ്രസിഡന്‍റ് സ്ഥാനത്തേക്കും മത്സരിപ്പിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. കോൺ​ഗ്രസിലെ ആറും ജോസഫ് വിഭാഗത്തിലെ രണ്ടും ഉൾപ്പെടെ യു.ഡി.എഫിന് എട്ടുപേരുടെ പിന്തുണയും എൽ.ഡി.എഫിന് കേരളാ കോൺ​ഗ്രസ് എമ്മിലെ അഞ്ചംഗളുൾപ്പെടെ ഏഴു അംഗങ്ങളുടെ പിന്തുണയും ആയിരുന്നു ഉണ്ടായിരുന്നത്.

വോട്ടുചെയ്യുന്നതിന് കോൺ​ഗ്രസ് നേതൃത്വം അംഗങ്ങൾക്ക് വിപ്പ് നൽകിയിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പ് ദിവസം ഷൈനി  സന്തോഷ് സ്ഥാനാർഥിയായി രംഗത്തെത്തുകയായിരുന്നു. ഇടതുപക്ഷത്തെ ഏഴംഗങ്ങൾ പിന്തുണച്ചതോടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഷൈനി സന്തോഷിന്റെ പിന്തുണയോടെ കേരളാ കോൺ​ഗ്രസ് (എം) അംഗം സണ്ണി പൊരുന്നക്കോട്ട്  വിജയിച്ചു.  

കോൺ​ഗ്രസിലെ ഒരു വിഭാഗം തനിക്കെതിരെ  പ്രവർത്തിച്ചതിൽ പ്രതിഷേധിച്ചാണ് ഇടതുപക്ഷത്തോടൊപ്പം ചേർന്നതെന്നായിരുന്നു ഷൈനി സന്തോഷ്  അന്ന് നല്കിയ വിശദീകരണം. എന്നാൽ, കൂറുമാറ്റത്തിന്  പിന്നിൽ സാമ്പത്തിക കുതിരക്കച്ചവടമാണെന്ന് യു.ഡി.എഫ് ആരോപിച്ചിരുന്നു. കൂറുമാറ്റ നിയമപ്രകാരം ഷൈനി സന്തോഷിനെതിരെ കോൺഗ്രസ്  നേതൃത്വം സംസ്ഥാന തിരഞ്ഞെടുപ്പ്  കമ്മീഷന്  അന്ന് നല്കിയ പരാതിയുടെ  അടിസ്ഥാനത്തിലാണ്  ഇപ്പോൾ അയോഗ്യയാക്കിയത്. ഷൈനി സന്തോഷ്  മുമ്പും കോൺ​ഗ്രസ്  പ്രതിനിധിയായി പഞ്ചായത്തംഗവും പ്രസിഡന്റുമായിരുന്നിട്ടുണ്ട്. പാർട്ടിയുമായി ആലോചിച്ച് വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ഷൈനി സന്തോഷ്  പറഞ്ഞു.