തിരുവനന്തപുരം: കേരളത്തിൽ ചീഫ് ഇലക്ടറൽ ഓഫീസറായിരുന്ന രത്തൻ ഖേൽക്കറിനെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി നിയമിച്ച നടപടി ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണയെന്ന ആരോപണവുമായി സിപിഎം. യുഡിഎഫിനുവേണ്ടി കമ്മീഷൻ പക്ഷപാതപരവും ദുരൂഹവുമായ നടപടികൾ സ്വീകരിച്ചു എന്ന എൽഡിഎഫ് ആരോപണം ശരിവെക്കുന്നതാണ് ഈ നടപടി. ഇത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്ന നടപടിയാണ് എന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നു.

To advertise here,

'ചീഫ് ഇലക്ടറൽ ഓഫീസറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചത്, നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്ന നടപടിയാണ്. തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ എന്നതുപോലെ ഇത്തരം ഒരു നിയമനം നടത്തിയ അനുഭവം കേരളത്തിൽ ഇന്നോളം ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ യുഡിഎഫിന് വേണ്ടി കമ്മീഷൻ പക്ഷപാതപരവും, ദുരൂഹവുമായ പല നടപടികളും സ്വീകരിച്ചുവെന്ന എൽഡിഎഫ് ആരോപണം ശരിവെക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.' പ്രസ്താവനയിൽ പറയുന്നു.

സിപിഎം പുറത്തിറക്കിയ പ്രസ്താവനയുടെ പൂർണരൂപം;

രാഷ്ട്രീയ പാർടികൾക്കുള്ള കത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സീലിന് പകരം ബിജെപി സീൽ കാണപ്പെട്ടതും വിവാദമായിരുന്നു. പശ്ചിമ ബംഗാളിൽ സമാനമായ രീതിയിൽ നിയമനങ്ങൾ നടന്നപ്പോൾ, ബിജെപിയും, തെരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള കള്ളച്ചന്തയിൽ മോഷണം വലുതാണെങ്കിൽ പ്രതിഫലവും വലുതാണ് എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. നിയമനം, ലജ്ജയില്ലാത്ത കൂട്ടുകെട്ടും, ഒത്തുകളിയുമെന്ന് എഐസിസി പ്രതികരിച്ചു. കേരളത്തിൽ നടന്നത് കോൺഗ്രസും, ബിജെപിയും, തെരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള ലജ്ജയില്ലാത്ത ഒത്തുകളിയും, കൂട്ടുകെട്ടുമല്ലേ എന്ന് രാഹുൽ ഗാന്ധിയും അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയും വ്യക്തമാക്കണം.

എസ്ഐആറിന്റെ പേരിൽ ദശലക്ഷക്കണക്കിന് വോട്ടാണ് കേരളത്തിൽ ഇല്ലാതാക്കിയത്. യഥാർത്ഥ വോട്ടർമാരുടെ വോട്ട് ഡിലീറ്റ് ചെയ്യുകയും, അനർഹരെ നിലനിർത്തുകയും ചെയ്ത കമ്മീഷൻ നിലപാടിനെതിരെ അന്ന് തന്നെ ഇടതുപക്ഷം രംഗത്തെത്തിയിരുന്നു. വോട്ടർപട്ടികയിൽ പേര് ചേർക്കാൻ മുൻകൂട്ടി പ്രഖ്യാപിച്ച തീയതിക്ക് ഒരാഴ്ച മുൻപ് ആരെയും അറിയിക്കാതെ പേര് ചേർക്കുന്നത് അവസാനിപ്പിക്കാനും കമ്മീഷൻ നിർബന്ധം പിടിച്ചിരുന്നു. യുഡിഎഫിന്റെ വോട്ടുകളാകെ ആദ്യം തന്നെ ചേർത്തുവെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു പട്ടിക അന്തിമമാക്കാനുള്ള ഈ ധൃതിയെന്ന സംശയം ഇപ്പോൾ ബലപ്പെടുകയാണ്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീൽ പതിപ്പിച്ചതും ഇത്തരത്തിലുള്ള മറ്റൊരു ഇടപെടലാണ്. പാലക്കാട് മണ്ഡലത്തിൽ ഉൾപ്പെടെ എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് ചിഹ്നം അനുവദിക്കുന്നതിലും പല ആശയക്കുഴപ്പങ്ങളും ഉണ്ടായിരുന്നു. എൽ.ഡി.എഫ് സ്ഥാനാർഥികളുടെ പല ചിഹ്നങ്ങളും വ്യക്തമായി കാണാത്ത രീതിയിൽ വോട്ടിംഗ് മിഷ്യനിൽ പ്രിന്റ് ചെയ്തുവെന്ന പരാതികളുമുണ്ട്. തെരഞ്ഞെടുപ്പിന് നിയോഗിക്കപ്പെട്ട ലക്ഷക്കണക്കിന് ജീവനക്കാർക്ക് വോട്ടവകാശം നിഷേധിക്കപ്പെട്ടതും കേരളം കണ്ടു. തെരഞ്ഞെടുപ്പ് നടന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും വോട്ടിംഗ് ശതമാനം പോലും കൃത്യമായി പുറത്തുവിടാൻ കമ്മീഷൻ തയ്യാറായിരുന്നില്ല. സ്ട്രോങ് റൂമുകൾ തുറന്നുവെന്ന ആക്ഷേപം പോലുമുണ്ടായി. ഇതിനെല്ലാം പിന്നിൽ ആസൂത്രിതമായ ഇടപെടലാണോ എന്ന സംശയമാണ് ഈ നിയമനത്തോടെ ബലപ്പെടുന്നത്.

ബംഗാളിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ ചീഫ് ഇലക്ഷൻ ഓഫീസർ മനോജ് അഗർവാളിനെ ചീഫ് സെക്രട്ടറിയായും, എസ്.ഐ.ആറിന് നേതൃത്വം നൽകിയ സുബ്രത ഗുപ്തയെ മുഖ്യമന്ത്രിയുടെ മുഖ്യോപദേശകനായും നിയമിച്ചത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. സിപിഐ എം ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ദേശീയ തലത്തിൽ ഈ വിഷയം ചർച്ചയാക്കിയിരുന്നു. തെരഞ്ഞെടുപ്പ് പോലെയുള്ള ചുമതലകളിൽ നിയോഗിക്കപ്പെടുന്ന പ്രധാന ഉദ്യോഗസ്ഥർക്ക് വിജയിച്ച സർക്കാരിന് കീഴിൽ ഉന്നതപദവി നൽകുന്നതിന് കൂൾ ഓഫ് ടൈം ഏർപ്പെടുത്തണം എന്നായിരുന്നു എ.ഐ.സി.സിയുടെ ആവശ്യം. ബംഗാളിലെ നിയമനത്തെ ദേശീയതലത്തിൽ ഇങ്ങനെ വിമർശിച്ച കോൺഗ്രസ് പാർടിയും രാഹുൽ ഗാന്ധിയും കേരളത്തിലെ സമാനമായ നീക്കത്തെ എങ്ങനെ കാണുന്നുവെന്ന് വ്യക്തമാക്കണം.

ഒരുവശത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയെ അട്ടിമറിക്കാൻ കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ ശ്രമിക്കുമ്പോൾ, സമാനമായ നിലയിലുള്ള ഇടപെടലുകൾ കോൺഗ്രസ് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരും നടത്തുകയാണ്. രാഷ്ട്രീയ നേതൃത്വത്തിന്റെ ഇംഗിതത്തിന് വഴങ്ങി തീരുമാനമെടുക്കുന്ന സംവിധാനമായി തെരഞ്ഞെടുപ്പ് കമ്മീഷനുകളും മാറുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ തന്നെ ഇല്ലാതാക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇടപെടലുകൾക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.