
കൊച്ചി: രാമനാട്ടുകര സ്വർണക്കടത്തിനുപിന്നിൽ അമാന ജ്വല്ലറിയെന്ന് സ്വർണക്കടത്ത് സംഘാംഗം ചരൽ ഫൈസൽ. 2021 ജൂൺ 21-ന് അഞ്ചുപേർ കൊല്ലപ്പെട്ട സംഭവത്തിനുപിന്നിൽ അമാന ജ്വല്ലറിയ്ക്ക് പങ്കുണ്ടെന്നും ചരൽ ഫൈസൽ വെളിപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് സഹായം നൽകാൻ ഗൾഫിൽവെച്ച് നാലരക്കോടി രൂപ പിരിച്ചെടുത്തു. അമാനയിലെ ജീവനക്കാരൻ നാദിറിന് രാമനാട്ടുകര കേസിലുൾപ്പെടെ മുൻകൂർ ജാമ്യം ലഭിച്ചത് പോലീസിന്റെ സഹായത്തോടെയാണ്. രാമനാട്ടുകര സംഭവത്തിനുശേഷം അമാന ജ്വല്ലറി വലിയതോതിൽ വളർന്നുവെന്നും ഫൈസൽ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
അർജുൻ ആയങ്കിക്കെതിരെ ഒരു ടോറസ് കുറുകെ ഇട്ടിരുന്നെന്ന് പറയപ്പെടുന്നുണ്ടെന്നും അമാന ജ്വല്ലറിക്കാർ വലിയൊരു പദ്ധതി അവിടെ നടപ്പാക്കിയതായി ഇപ്പോഴും വിശ്വസിക്കുന്നുണ്ടെന്നും ഫൈസൽ പറഞ്ഞു. എന്തോ ഒന്ന് അവരവിടെ ചെയ്യാൻ ഉദ്ദേശിച്ചിരുന്നു. അല്ലെങ്കിൽ അവർക്ക് അർജുൻ ആയങ്കിക്കെതിരെ വാഹനം കുറുകെയിടേണ്ട കാര്യമലില്ലല്ലോ. അപകട മരണമെന്നാണ് പോലീസ് പറയുന്നത്. അതിൽ പരിപൂർണ വിശ്വാസമില്ല. ആ കേസ് പുനരന്വേഷിക്കണം. അഞ്ച് മൃതദേഹങ്ങളും ചിന്നിച്ചിതറിക്കിടക്കുന്നത് കണ്ടതാണ്. വാഹനം തെന്നിനീങ്ങി അഞ്ചുപേർ മരിക്കുന്നത് എങ്ങനെയാണെന്നും ഫൈസൽ ചോദിച്ചു.
"മരിച്ച അഞ്ചുപേരിൽ ഹുസൈനാർ എന്നയാൾ ആദ്യമായിട്ടാണ് ഈ ജോലിക്കിറങ്ങിയത്. അവന് ഇതിനേക്കുറിച്ചൊന്നും അറിയില്ല. അമാന ജ്വല്ലറി മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നൽകിയിരുന്നു. ദുബായിൽവെച്ച് നാലരക്കോടിരൂപയോളം ഏകദേശം അഞ്ചുമണിക്കൂർകൊണ്ടാണ് പിരിഞ്ഞുകിട്ടിയത്. അതിൽ വെറും 25 ലക്ഷം മാത്രമേ കുടുംബങ്ങൾക്ക് കൊടുത്തിട്ടുള്ളൂ. അതിൽ ഹുസൈനാരുടെ കുടുംബം ആ കാശ് നിരസിച്ചു. കേസ് കഴിഞ്ഞുവന്ന ശേഷം മുബി എന്ന വ്യക്തി ആദ്യം വാങ്ങിയത് ഒരു ഫോർച്യൂണർ കാറാണ്. അവർക്ക് നല്ല ലാഭമാണ് ഉണ്ടായത്. നിലവിൽ ഈ ജ്വല്ലറിക്കാർ പ്രൈവറ്റ് ജെറ്റ് വരെ എടുത്തിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്.
സംഭവം നടക്കുമ്പോൾ സുജിത് ദാസായിരുന്നു എസ്.പി. നാദിറിനൊഴികെ മറ്റൊരാൾക്കും മുൻകൂർ ജാമ്യം കിട്ടിയിരുന്നില്ല. ഇത്രയും കോളിളക്കമുണ്ടാക്കിയ കേസിൽ അതെങ്ങനെ സംഭവിച്ചു എന്നത് ദുരൂഹമാണ്. പോലീസിന്റെ സഹായമില്ലാതെ അത് നടക്കില്ലല്ലോ. ഇതേക്കുറിച്ച് ഉറപ്പിച്ചുപറയാൻ രേഖകളൊന്നും കയ്യിലില്ലെന്നും ചരൽ ഫൈസൽ കൂട്ടിച്ചേർത്തു.
2021 ജൂൺ 21-ന് പുലർച്ചെ 4.45-നായിരുന്നു രാമാനാട്ടുകരയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് യുവാക്കൾ മരിച്ചത്. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിർ, നാസർ, സുബൈർ, അസൈനാർ, താഹിർ എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൊലേറോ കാർ ലോറിയുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെടുകയായിരുന്നു. എന്നാൽ, നിയന്ത്രണംവിട്ട് മറിഞ്ഞതിന് ശേഷമാണ് ബൊലേറാ തന്റെ വാഹനത്തിലിടിച്ചതെന്നായിരുന്നു ലോറി ഡ്രൈവറുടെ മൊഴി.
Content Highlights: Charal Faisal About Ramanattukara Gold Smuggling Case and Accident Deaths
Published: 01 Oct 2024, 12:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented