ഹൈദരാബാദ്: കോൺഗ്രസ് ഹൈദരാബാദിൽ സംഘടിപ്പിച്ച ഭാരത് ഉച്ചകോടിയിൽ ഇറ്റാലിയൻ രാഷ്ട്രീയപ്രവർത്തകൻ ജിയാകോമോ ഫിലിബെക്ക് നടത്തിയ പരാമർശത്തിൽ രാഹുൽ ഗാന്ധിയ്‌ക്കെതിരേ രൂക്ഷവിമർശനവുമായി ബിജെപിയും തെലങ്കാനയിലെ ബിആർഎസും. ഇന്ത്യയുടെ ആഭ്യന്തരവിഷയത്തിൽ വിദേശനേതാവിനെ അഭിപ്രായം പറയാൻ കോൺഗ്രസ് അനുവദിച്ചുവെന്നും അവർ വിമർശിച്ചു.

To advertise here,

പാർട്ടി ഓഫ് യൂറോപ്യൻ സോഷ്യലൈറ്റ്‌സിന്റെ സെക്രട്ടറി ജനറലായ ഫിലിബെക്ക്, ഭാരത് ഉച്ചകോടിയിൽ പങ്കെടുക്കവേ, വോട്ട് കള്ളാ  സ്ഥാനമൊഴിയൂ എന്ന പരാമർശം നടത്തിയിരുന്നു. പ്രതിപക്ഷ നേതാവുകൂടിയായ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഫിലിബെക്കിന്റെ വാക്കുകൾക്ക് പിന്നാലെ സദസ്സിൽനിന്ന് ആരവമുയരുകയും വേദിയിലിരുന്ന രാഹുൽ കയ്യടിക്കുകയും ചെയ്യുന്ന വീഡിയോ വ്യാപകമായി പ്രചരിക്കുണ്ട്.

പിന്നാലെ, തെലങ്കാന ബിജെപി അധ്യക്ഷൻ എൻ. രാംചന്ദർ റാവു, കോൺഗ്രസിനെയും രാഹുലിനെയും വിമർശിച്ച് രംഗത്തെത്തി. ഇന്ത്യൻ ജനാധിപത്യത്തെ പരിഹസിക്കാൻ വിദേശനേതാക്കളെ കോൺഗ്രസ് അനുവദിച്ചുവെന്നും ഇത്തരം പ്രവൃത്തി രാജ്യദ്രോഹത്തിന്റെ പരിധിയിൽ വരുമോ എന്നും അദ്ദേഹം ആരാഞ്ഞു. രാഹുൽ ഇപ്പോൾ ഒരു ഇന്ത്യൻ നേതാവിനെപ്പോലെ അല്ല പെരുമാറുന്നതെന്നും റാവു ആരോപിച്ചു. വിദേശ യജമാനനന്മാരുടെ നിർദേശാനുസരണം പ്രവർത്തിക്കുന്ന ഒരു പാവയെപ്പോലെയാണ് രാഹുലിന്റെ പ്രവർത്തനമെന്നും അദ്ദേഹം വിമർശിച്ചു.

ബിആർഎസ് നേതാവ് കാർത്തിക് ഇന്ദ്ര റെഡ്ഡി പട്‌ലൊള്ളയും കോൺഗ്രസിനും രാഹുലിനുമെതിരേ വിമർശനം ഉന്നയിച്ചു. ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയവിഷയത്തിൽ വിദേശ രാഷ്ട്രീയക്കാരനെക്കൊണ്ട് അഭിപ്രായം പറയിക്കുക. അതുകേട്ട് നിങ്ങളുടെ നേതാവ് അത്യധികം ആഹ്ലാദത്തോടെ കുലുങ്ങിച്ചിരിക്കുക. നല്ല തന്ത്രം, എന്നാണ് കോൺഗ്രസിനെ ടാഗ് ചെയ്തുകൊണ്ട് കാർത്തിക് ട്വീറ്റ് ചെയ്തത്.

വോട്ടർപട്ടികയിലെ ക്രമക്കേടുകൾക്കെതിരെ ശബ്ദമുയർത്തുകയും 'ഒരാൾക്ക് ഒരു വോട്ട്' എന്ന ജനാധിപത്യ തത്വം ഉയർത്തിപ്പിടിക്കുകയും ചെയ്ത രാഹുൽ ഗാന്ധിയെ ഫിലിബെക്ക് പ്രസംഗത്തിൽ പ്രശംസിച്ചിരുന്നു. പ്രതിപക്ഷ നേതാക്കളുടെ നേതൃത്വത്തിൽ രണ്ടാഴ്ച മുൻപ് രാംലീലാ മൈതാനത്ത് നടന്ന മാർച്ചിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചിരുന്നു.