തിരുവനന്തപുരം: ആശാപ്രവര്‍ത്തകരുടെ സമരപ്പന്തലില്‍ രാഹൂല്‍ മാങ്കൂട്ടത്തില്‍ എത്തിയതില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അതൃപ്തിയെന്ന് സൂചന. രാഹുല്‍മടങ്ങിയശേഷമാണ് പ്രതിപക്ഷ നേതാവ് സമരപ്പന്തലില്‍ എത്തിയത്. അതേസമയം, പ്രതിപക്ഷ നേതാവിന്റെ ഓഫീസും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും ഇത്തരം റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചു.

To advertise here,

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രാവിലെ 11.30-ന് സമരപ്പന്തലില്‍ എത്തുമെന്നാണ് അറിയിച്ചിരുന്നത്. ഇതിനുമുന്‍പ് തന്നെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സമരവേദിയില്‍ എത്തിയിരുന്നു. അദ്ദേഹം സമരപ്പന്തലില്‍ അല്പസമരം ഇരുന്ന് ആശപ്രവര്‍ത്തകരോട് സംസാരിക്കുകയുംചെയ്തു. എന്നാല്‍, 11.30 ആയിട്ടും വി.ഡി. സതീശന്‍ എത്തിയില്ല. കെപിസിസി ആസ്ഥാനത്ത് ഭാരവാഹിയോഗം നടക്കുന്നതിനാല്‍ അദ്ദേഹം അവിടെയായിരുന്നു. അവിടെനിന്നാണ് സമരപ്പന്തലില്‍ എത്തുമെന്ന് അറിയിച്ചിരുന്നത്. ഒടുവില്‍ 11.30 കഴിഞ്ഞതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ സമരപ്പന്തലില്‍നിന്ന് മടങ്ങി. ഇതിനുപിന്നാലെ വി.ഡി. സതീശന്‍ സമരപ്പന്തലില്‍ എത്തുകയുംചെയ്തു. ഇതാണ് രാഹുല്‍ സമരവേദിയിലെത്തിയതില്‍ പ്രതിപക്ഷനേതാവിന് അതൃപ്തിയുണ്ടായിരുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടയാക്കിയത്.

എന്നാല്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ വന്നതുകൊണ്ടല്ല വരാന്‍ വൈകിയതെന്നും ഭാരവാഹി യോഗം നടക്കുന്നതിനാലാണ് വൈകിയതെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചത്. തന്നെ സമരപ്പന്തലില്‍നിന്ന് ഇറക്കിവിട്ടതല്ലെന്നും ട്രെയിന്‍ പോകുമെന്നതിനാലാണ് സമരപ്പന്തലില്‍നിന്ന് നേരത്തേ പോയതെന്നും രാഹുല്‍ മാങ്കൂട്ടത്തിലും പറഞ്ഞു. താന്‍ സമരത്തിന് എത്തിയതുകൊണ്ടാണ് പ്രതിപക്ഷ നേതാവ് വരാത്തതെന്ന വ്യാജവാര്‍ത്ത വന്നെന്നും അദ്ദേഹം പറഞ്ഞു.

ആശപ്രവര്‍ത്തകരുടെ സമരം തനിക്ക് പ്രത്യേകമായി വൈകാരികതയുള്ള വിഷയമാണ്. എംഎല്‍എയെന്ന നിലയില്‍ താന്‍ ആദ്യമായി അവതരിപ്പിച്ച അടിയന്തരപ്രമേയം ആശമാരുടേതാണ്. ഏതാണ്ട് 232 രൂപയ്ക്ക് പ്രതിദിന ജീവിതം നയിക്കേണ്ടവരാണ് ഇവര്‍. ഒരുകിലോ വെളിച്ചെണ്ണയുടെ വിലപോലും ഒരുദിവസത്തെ വേതനമായിട്ടില്ല. അവരുടെ ന്യായത്തിനുവേണ്ടി നടത്തുന്ന സമരമാണിത്. അന്ന് സമരത്തെ അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞത് ആയിരംരൂപ പോലും കൂട്ടാനാകില്ല, ഇത് കേന്ദ്രാവിഷ്‌കൃത പദ്ധതിയാണെന്നാണ്. എന്നാല്‍, ഇപ്പോള്‍ ആയിരം രൂപ കൂട്ടി. അതുകൊണ്ട് എല്ലാമായെന്ന് താന്‍ പറയുന്നില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ നേരത്തേ പ്രതികരിച്ചിരുന്നു. അതേസമയം, ക്ഷണിച്ചിട്ടാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ എത്തിയതെന്ന് സമരസമിതിയും അറിയിച്ചു.