പാലക്കാട്: ലൈംഗിക പീഡനക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കോണ്‍ഗ്രസിന്റെ ഔദ്യോഗിക പരിപാടികളിലൊന്നും സസ്‌പെന്‍ഷന് ശേഷം പങ്കെടുത്തിട്ടില്ലെന്ന് വി.കെ.ശ്രീകണ്ഠന്‍ എംപി. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഹുല്‍ പങ്കെടുക്കുന്നത് അദ്ദേഹത്തിന്റെ സ്വന്തം താത്പര്യപ്രകാരമാണെന്നും കോണ്‍ഗ്രസ് എംപി പറഞ്ഞു. ഇതിനിടെ യുവതിയുടെ പരാതിക്ക് പിന്നാലെ കാണാതായ രാഹുല്‍ മാങ്കൂട്ടത്തില്‍ എവിടെയെന്ന ചോദ്യത്തിന് 'അദ്ദേഹത്തിന്റെ പിഎ അല്ല ഞാന്‍ എന്ന മറുപടി'യാണ് വി.കെ.ശ്രീകണ്ഠന്‍ നല്‍കിയത്.

To advertise here,

രാഹുലിനെതിരെ ആരോപണം ഉയര്‍ന്ന ഉടന്‍ പാര്‍ട്ടി ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'ഇപ്പോള്‍ പരാതി വന്ന സ്ഥിതിക്ക് വസ്തുത എന്താണെന്ന് പോലീസ് കണ്ടെത്തട്ടെ. ഇവിടെ ഒരു നിയമവ്യവസ്ഥയുണ്ട്. കോടതിയാണ് അന്തിമമായി തീരുമാനിക്കേണ്ടത്. വിവാദമുണ്ടായപ്പോള്‍ കോണ്‍ഗ്രസ് ശക്തമായ നടപടി സ്വീകരിച്ചു. ശബരിമല സ്വര്‍ണക്കടത്ത് കേസില്‍ ഒരു മുന്‍ എംഎല്‍എ ജയിലിലാണ്. എന്തെങ്കിലും നടപടി സിപിഎം എടുത്തോ' എന്നും ശ്രീകണ്ഠന്‍ ചോദിച്ചു.

ജനപ്രതിനിധിയായിരിക്കുന്ന ആളാണ് രാഹുല്‍. സസ്‌പെന്‍ഷന് ശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസിന്റെ ഒരു ഔദ്യോഗിക പരിപാടിയിലും പങ്കെടുത്തിട്ടില്ല. സ്വന്തമായ നിലക്ക് അയാള്‍ പ്രചാരണം നടത്തുന്നത് വ്യക്തിപരമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.