തിരുവനന്തപുരം: യുവതിയുടെ ലൈംഗിക പീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ പോലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നല്കി പീഡനം, നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തി തുടങ്ങിയ എന്നീ കുറ്റങ്ങള്‍ക്കാണ് കേസെടുത്തിട്ടുള്ളത്. നെടുമങ്ങാട് വലിയമല സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യുവതി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നല്കിയ പരാതിയിലാണ് നടപടി. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ റൂറല്‍ എസ്പി കെ.എസ്. സുദര്‍ശന്റെ നേതൃത്വത്തില്‍ യുവതിയില്‍നിന്ന് മൊഴിയെടുത്തിരുന്നു.
വ്യാഴാഴ്ച നാലരയോടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ മറ്റൊരു സ്ത്രീക്കൊപ്പമെത്തിയാണ് യുവതി കാര്യങ്ങള്‍ വിശദീകരിച്ചത്. മൂന്നുപേജുള്ള പരാതി എഴുതി നല്കി. വാട്സാപ്പ് ചാറ്റ്, ശബ്ദരേഖ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകളും കൈമാറിയിട്ടുണ്ട്. എഡിജിപി എച്ച്. വെങ്കടേഷിന് മുഖ്യമന്ത്രി പരാതി കൈമാറിയതിനുപിന്നാലെ പോലീസ് ആസ്ഥാനത്ത് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ നിശ്ചയിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതില്ക്കല് നില്‍ക്കേ രാഹുലിനെതിരേ പരാതിവന്നത് രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് വിലയിരുത്തുന്നു.
ഓഗസ്റ്റില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ലൈംഗികാരോപണം ഉയര്‍ന്നുവെങ്കിലും പരാതിക്കാരി നേരിട്ടെത്തിയിരുന്നില്ല. എന്നാല്‍, മൂന്നാംകക്ഷികള്‍ സംസ്ഥാന പോലീസ് മേധാവിക്ക് നല്കിയ പരാതികള്‍ പരിഗണിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ശബ്ദരേഖയിലെ യുവതിയെ കണ്ടെത്തി പരാതി എഴുതിനല്കാന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും യുവതി അതിന് തയ്യാറായിരുന്നില്ല. ശബ്ദരേഖയിലുള്ളത് തന്റെ ശബ്ദം തന്നെയാണോയെന്നത് സ്ഥിരീകരിക്കാനോ തള്ളാനോ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു ഘട്ടത്തിലും തയ്യാറായിരുന്നില്ല.
പരാതി ലഭിച്ചതോടെ പാലക്കാട്ടെ എംഎല്‍എ ഓഫീസ് പൂട്ടി രാഹുല്‍ മാറിനില്‍ക്കുകയാണ്. ഫോണും സ്വച്ച് ഓഫാണ്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് അറസ്റ്റിന് നീക്കം ആരംഭിച്ചതോടെ മുന്‍കൂര്‍ജാമ്യത്തിനുള്ള നീക്കത്തിലാണ് രാഹുല്‍.
മുന്‍കൂര്‍ജാമ്യത്തിനായി നിയമസഹായം തേടി രാഹുല്‍
കൊച്ചി: യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന് രാഹുല്‍ മാങ്കുട്ടത്തില്‍ എല്‍എല്‍എ തുടര്‍നടപടികളുടെ കാര്യത്തില്‍ നിയമസഹായം തേടി. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് ജോര്‍ജ് പൂന്തോട്ടത്തെയാണ് സമീപിച്ചിരിക്കുന്നത്.
എന്നാല്‍, സെഷന്‍സ് കോടതിയെ സമീപിച്ചിട്ടേ ഹൈക്കോടതിയില്‍ മുന്‍കൂര്‍ജാമ്യഹര്‍ജി നല്‍കാവൂവെന്ന് സുപ്രീംകോടതി നിര്‍ദേശമുണ്ട്. പക്ഷേ, പ്രത്യേക സാഹചര്യത്തില്‍ സാധ്യമാകുമോ എന്നു പരിശോധിക്കുന്നുണ്ട്.
അതേസമയം, നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതില്‍ അപാകമുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് എങ്ങനെയാണ് പോലീസ് സ്റ്റേഷനാകുന്നതെന്നും അഡ്വ. ജോര്‍ജ് പൂന്തോട്ടം പ്രതികരിച്ചു.
Content Highlights: MLA rahul mamkootathil Faces Police Case Over Sexual Assault Allegations
Published: 28 Nov 2025, 07:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented