തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ശിവഗിരി സന്ദര്‍ശിച്ചു. ശ്രീനാരായണ ഗുരുദേവ സമാധിയിലും ശാരദാ മഠത്തിലും പ്രാര്‍ഥന നടത്തിയ രാഹുലിന് സ്വാമിമാര്‍ ഊഷ്മളമായ സ്വീകരണം നല്‍കി. 

To advertise here,

രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം സന്തോഷം നല്‍കുന്നുവെന്ന് ശ്രീനാരായണഗുരു ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. നേരത്തെ പല ഘട്ടത്തിലും രാഹുല്‍ ഗാന്ധിയെ ക്ഷണിച്ചിട്ടുണ്ട്. തിരക്കുകള്‍ കാരണം എത്താന്‍ കഴിഞ്ഞിട്ടില്ല. ഇന്നിപ്പോള്‍ ക്ഷണിക്കാതെ എത്തി. രാഹുലുമായി രാഷ്ട്രിയം സംസാരിച്ചില്ല. എന്നാല്‍ ശ്രീ നാരായണീയരെ പ്രതിനിധികരിച്ച് കോണ്‍ഗ്രസില്‍ പ്രാതിനിധ്യം കുറവാണെന്നും 28 ശതമാനം ശ്രീ നാരായണീയര്‍ ഉണ്ടായിട്ടും ഒരു എംഎല്‍എ  മാത്രമാണുള്ളതെന്ന അതൃപ്തി രാഹുലിനെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. 

ശിവഗിരി മഠത്തില്‍ നരേന്ദ്രമോദിയെന്നോ രാഹുല്‍ ഗാന്ധിയെന്നോ വ്യത്യാസമില്ലെന്നും എല്ലാവരെയും സ്വീകരിക്കുന്ന നിലപാടാണുള്ളതെന്നും സച്ചിദാനന്ദ പറഞ്ഞു. ശിവഗിരി മഠത്തോടും നാരായണഗുരു സങ്കല്പങ്ങളോടും മുഖ്യമന്ത്രിക്ക് അനുഭാവ സമീപനമാണുള്ളത്. ഇത് തുടര്‍ന്നാല്‍ ഇനിയും ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.