കൊച്ചി: യാതൊരു കുറ്റവുംചെയ്യാത്ത വിദ്യാർഥികൾ മാപ്പ് പറയുമെന്ന് കാലടി സർവകലാശാല സ്വപ്നത്തിൽപോലും കരുതേണ്ടതില്ലെന്ന് എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്. മാപ്പ് പറയുന്നതിനെക്കുറിച്ച് ആലോചന പോലുമില്ല. സർവകലാശാലയ്ക്ക് വേണമെങ്കിൽ അത്തരം ആലോചനകൾ നടത്തി ആത്മരതി കൊള്ളാമെന്നും അദ്ദേഹം വ്യക്തമാക്കി. സർവകലാശാലയുടെ സസ്പെൻഷൻ നടപടിക്കെതിരെ നൽകിയ ഹർജിയുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർവകലാശാല അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് സസ്പെൻഷൻ നടപടിയെന്ന് സർവകലാശാല സിംഗിൾ ബെഞ്ചിനെ അറിയിച്ചിട്ടുണ്ട്. മാപ്പ് എഴുതി നൽകുകയും ഇനി ഇത് ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകുകയും ചെയ്താൽ 12 കുട്ടികൾക്കുമാത്രം തിരികെ പ്രവേശനം നൽകാം എന്നാണ് സർവകലാശാലാ റിപ്പോർട്ടിലുള്ളത്. എന്നാൽ, ഇതിനെതിരെ കൗണ്ടർ ഹർജിയും വിദ്യാർഥികളുടെ സത്യവാങ്മൂലവും കോടതിയിൽ സമർപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
വിദ്യാർഥികൾക്കെതിരെയുള്ള സസ്പെൻഷൻ നടപടിതന്നെ നിയമവിരുദ്ധമാണ്. വിദ്യാർഥികൾക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളെല്ലാം തെളിയിക്കപ്പെടാത്ത നുണകളാണ്. സിൻഡിക്കേറ്റിനെ ആക്രമിച്ചു എന്ന് പറയുന്നുണ്ടെങ്കിലും അതിൽ എഫ്.ഐ.ആർ. പോലുമില്ല. വി.സി.യെ ആക്രമിച്ചെന്ന ആരോപണത്തിനും തെളിവുകളില്ല. ഇത്തരം അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചാണ് വിദ്യാർഥികളെ 60 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തത്. നിലവിൽ സസ്പെൻഷൻ 74 ദിവസമായി നീണ്ടിരിക്കുകയാണ്.
സസ്പെൻഷൻ നടപടി നിലനിൽക്കില്ലെന്ന് കോടതിയിൽ തെളിയിക്കുമെന്നും ഇതിനായി തിങ്കളാഴ്ചവരെ കോടതി അനുവദിച്ച സമയം ഉപയോഗിച്ച് രേഖകളും ഹർജിയും സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോടതി വ്യവഹാരങ്ങളിൽ പൂർണ വിശ്വാസമുണ്ടെന്നും സർവകലാശാലയുടെ അന്വേഷണ റിപ്പോർട്ട് കൂടി ചോദ്യം ചെയ്തുകൊണ്ട് ഹർജി പരിഷ്കരിക്കുമെന്നും സഞ്ജീവ് വ്യക്തമാക്കി. വിദ്യാർഥികൾ കുറ്റം ചെയ്തിട്ടില്ലെന്ന് തെളിയിച്ച്, 74 ദിവസത്തെ അറ്റൻഡൻസും നിരുപാധികമായി തിരികെനേടി മാത്രമേ ക്ലാസിൽ പ്രവേശിക്കൂ എന്ന് വ്യക്തമാക്കുന്ന അഫിഡവിറ്റാണ് നൽകുക.
വി.സി.യെ ആക്രമിച്ചെന്ന കുറ്റകൃത്യം നടന്നാൽ മാപ്പ് പറഞ്ഞാൽ കാര്യങ്ങൾ അവസാനിക്കുമോ എന്ന് അദ്ദേഹം ചോദിച്ചു. ഇത്തരം നിലപാടുകൾ രാജ്യത്തെ നിയമത്തെയും ക്രിമിനൽ നടപടിക്രമങ്ങളെയും ചോദ്യംചെയ്യുന്നതാണ്. ആരെ എന്ത് ചെയ്താലും മാപ്പ് പറഞ്ഞാൽ തീരുമെന്ന നിലപാട് സർവകലാശാലയുടെ അഹന്തയും വൈരനിര്യാതന ബുദ്ധിയുമാണ്. സംഘപരിവാറിന്റെ മുന്നിൽ എസ്.എഫ്.ഐ. മുട്ടുമടക്കി എന്ന് വരുത്തിത്തീർക്കാനുള്ള കോൺഗ്രസ്-ആർ.എസ്.എസ്. രാഷ്ട്രീയ സമവാക്യങ്ങളുടെ പദ്ധതിയാണിതിന് പിന്നിലുള്ളത്. എന്നാൽ, തങ്ങൾ അതിന് നിന്നുകൊടുക്കില്ലെന്നും അവർക്ക് ആള് മാറിപ്പോയെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
തങ്ങളുടെ ആരോഗ്യനിലപോലും വകവെക്കാതെ ഇനിയും എത്ര ദിവസം വേണമെങ്കിലും സമരം കിടക്കാൻ തയ്യാറാണെന്നാണ് സസ്പെൻഷനിലായ കുട്ടികൾ വ്യക്തമാക്കുന്നത്. ഉന്നതവിദ്യാഭ്യാസ മന്ത്രി ഓരോതവണയും നിലപാട് മാറ്റിപ്പറയുകയാണ്. വിദ്യാർഥികളോട് മാപ്പ് പറയാൻ ആവശ്യപ്പെടുകയും അവരെ അപരിഷ്കൃതർ എന്ന് വിളിക്കുകയും ചെയ്ത മന്ത്രി വരുംദിവസങ്ങളിൽ കൃത്യമായ രാഷ്ട്രീയ തിരിച്ചടി നേരിടേണ്ടിവരുമെന്നും പി.എസ്. സഞ്ജീവ് കൂട്ടിച്ചേർത്തു.
Content Highlights: SFI State Secretary P.S. Sanjeev declared that suspended students will not issue an apology to Kalady University, calling the disciplinary action baseless and vowing legal opposition.
Published: 13 Nov 2026, 05:05 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented