പത്തനംതിട്ട: കോട്ടാങ്ങൽ പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അസാധുവാക്കി. ഡിസംബർ 27-ന് നടന്ന തിരഞ്ഞെടുപ്പിൽ ചട്ടലംഘനം നടന്നുവെന്ന് ചൂണ്ടിക്കാട്ടി എസ്ഡിപിഐ നൽകിയ പരാതിയിലാണ് കമ്മിഷന്റെ നടപടി. നറുക്കെടുപ്പ് പ്രക്രിയയിൽ ഉണ്ടായ ഗുരുതരമായ പിഴവാണ് തിരഞ്ഞെടുപ്പ് റദ്ദാക്കാൻ കാരണമായത്.
ഡിസംബർ 27നായിരുന്നു പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് നടന്നത്. എൻഡിഎ, യുഡിഎഫ്, എസ്ഡിപിഐ എന്നീ മൂന്ന് മുന്നണികളും തങ്ങളുടെ സ്ഥാനാർഥികളെ മത്സരരംഗത്ത് ഇറക്കിയിരുന്നു. ആദ്യഘട്ട വോട്ടെടുപ്പിൽ മൂന്ന് വോട്ടുകൾ മാത്രം ലഭിച്ച എസ്ഡിപിഐ സ്ഥാനാർഥി പുറത്തായി. തുടർന്ന് നടന്ന രണ്ടാം ഘട്ടത്തിൽ എൻഡിഎ, യുഡിഎഫ് സ്ഥാനാർഥികൾക്ക് അഞ്ചു വീതം വോട്ടുകൾ ലഭിച്ചതോടെ വിജയിയെ നിശ്ചയിക്കാൻ നറുക്കെടുപ്പ് നടത്താൻ തീരുമാനിച്ചു.
എന്നാൽ, നറുക്കെടുപ്പിൽ പേര് വരാത്ത സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. സാധാരണഗതിയിൽ നറുക്കെടുപ്പിൽ ആരുടെ പേരാണോ വരുന്നത് ആ വ്യക്തിയെയാണ് വിജയിയായി പ്രഖ്യാപിക്കേണ്ടത്. എന്നാൽ ഇവിടെ നറുക്കിൽ പേര് വരാത്ത ആളെ വിജയിയായി പ്രഖ്യാപിച്ചത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി എസ്ഡിപിഐ പ്രാദേശിക നേതൃത്വം ജില്ലാ ഭരണകൂടത്തിനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകുകയായിരുന്നു. ഈ പരാതിയിൽ നടത്തിയ വിശദമായ പരിശോധനയിലാണ് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ വീഴ്ച സംഭവിച്ചതായി കമ്മിഷൻ കണ്ടെത്തിയത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവോടെ ബിജെപി പ്രതിനിധിയായ ജാൻസി ഹരിദാസിനെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്ത നടപടി റദ്ദാക്കപ്പെട്ടു. ഇതേത്തുടർന്ന്, പഞ്ചായത്തിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് ഈ മാസം 21-ാം തീയതി പുതിയ തിരഞ്ഞെടുപ്പ് നടത്താൻ കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നേരത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർഥിക്ക് എസ്ഡിപിഐ വോട്ട് ചെയ്തതിന്റെ പേരിൽ അവർ സത്യപ്രതിജ്ഞയ്ക്ക് മുൻപായി രാജിവെച്ചിരുന്നു. ഇതോടെ പഞ്ചായത്തിലെ രണ്ട് പ്രധാന ഭരണപദവികളിലേക്കും വീണ്ടും വോട്ടെടുപ്പ് നടക്കും.
Content Highlights: State Election Commission nullifies Kottangal Panchayat Vice President election due to serious procedural errors in the lottery. New election ordered.
Published: 17 Jan 2026, 06:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented