തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ഡൽഹിക്ക് പുറപ്പെടുന്ന ബിജെപി കൗൺസിലർമാരുടെ സംഘത്തിനൊപ്പം ആർ. ശ്രീലേഖ പോകില്ല. മൂന്ന് ദിവസം ട്രെയിനിൽ യാത്രചെയ്യാൻ ബുദ്ധിമുട്ടാണെന്ന് ശ്രീലേഖ നേതൃത്വത്തെ അറിയിച്ചു. പ്രധാനമന്ത്രി വിരുന്ന് ഒരുക്കുന്ന ദിവസം ഡൽഹിയിൽ വിമാനത്തിൽ എത്തുമെന്നാണ് വിവരം.

To advertise here,

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർമാർ ഇന്ന് ഉച്ചയ്ക്ക് 12.30-ന് കേരള എക്സ്പ്രസിലാണ് ഡൽഹിക്ക് യാത്ര നിശ്ചയിച്ചിരിക്കുന്നത്. കൗൺസിലർമാരും മുൻസിപ്പാലിറ്റി പഞ്ചായത്ത് അധ്യക്ഷന്മാരും സംഘത്തിൽ ഉണ്ടാകും. ഈ മാസം 12-നാണ് പ്രധാനമന്ത്രി ജനപ്രതിനിധികൾക്ക് വിരുന്ന് ഒരുക്കുന്നത്. കേരള എക്സ്പ്രസ്സിൽ യാത്ര പുറപ്പെടുന്ന സംഘത്തിന് ട്രെയിൻ കടന്ന് പോകുന്ന സംസ്ഥാനങ്ങളിൽ സ്വീകരണം നൽകും.

സ്റ്റാൻഡിങ് കമ്മിറ്റി അംഗം എം.ആർ. ഗോപനും സംഘത്തിൽ ഉണ്ടാകില്ല. മാതാവിന്റെ ആരോഗ്യപ്രശ്നങ്ങൾ കാരണം വരാനാകില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ച ശേഷമാണ് എം.ആർ. ഗോപൻ യാത്രയിൽനിന്ന് വിട്ടുനിൽക്കുന്നതെന്നാണ് വിവരം.

തിരുവനന്തപുരം കോർപ്പറേഷനിലെ മേയർ സ്ഥാനത്തെ ചൊല്ലി ആർ. ശ്രീലേഖ പരസ്യ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത് എത്തിയപ്പോൾ സ്റ്റേജിൽ ഒറ്റപ്പെട്ട് നിൽക്കുന്ന ശ്രീലേഖയുടെ വീഡിയോകൾ വ്യാപകമായി പ്രചരിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ അടക്കം വലിയതോതിൽ ഇത് ചർച്ചാവിഷയമായിരുന്നു.