ലോക പക്ഷാഘാത ദിനം – ഒക്ടോബർ 29

തലച്ചോറിലേക്കുള്ള രക്തയോട്ടം പെട്ടെന്ന് തടസ്സപ്പെടുകയോ (ഇസ്കെമിക് സ്ട്രോക്ക്) അഥവാ തലച്ചോറിലെ രക്തധമനി പൊട്ടി രക്തസ്രാവം ഉണ്ടാകുകയോ (ഹെമറേജിക് സ്ട്രോക്ക്) ചെയ്യുന്ന അവസ്ഥയാണ് മസ്തിഷ്കാഘാതം അഥവാ സ്ട്രോക്ക്. ലോകമെമ്പാടും മരണത്തിനും ദീർഘകാല വൈകല്യങ്ങൾക്കും കാരണമാകുന്ന പ്രധാന രോഗാവസ്ഥകളിൽ ഒന്നാണിത്.
സ്ട്രോക്ക് എന്ന് കേൾക്കുമ്പോൾ ഭൂരിഭാഗം ആളുകളുടെയും മനസ്സിൽ ആദ്യം വരുന്നത് മുഖം ഒരു വശത്തേക്ക് കോടിപ്പോവുക, കൈകാലുകൾക്ക് പെട്ടെന്ന് തളർച്ച അനുഭവപ്പെടുക, സംസാരിക്കാൻ പ്രയാസം നേരിടുക എന്നിവയാണ്. എന്നാൽ എല്ലാ സ്ട്രോക്കുകളും ഈ പരമ്പരാഗത ലക്ഷണങ്ങളോടെ ആകണമെന്നില്ല. പലപ്പോഴും വളരെ സൂക്ഷ്മവും അപൂർവ്വവുമായ ലക്ഷണങ്ങളോടെ എത്തുന്ന സ്ട്രോക്കുകൾ തിരിച്ചറിയാൻ വൈകുന്നതുകൊണ്ട് മാത്രം രോഗിക്ക് അടിയന്തര ചികിത്സ ലഭിക്കാതെ പോകാറുണ്ട്.
യുവാക്കളിലും കുട്ടികളിലും പക്ഷാഘാതം ഉണ്ടാവാം; ഓരോ മിനിറ്റും നിർണായകം, ലക്ഷണങ്ങൾ തിരിച്ചറിയാൻ FAST
അപൂർവവും സൂക്ഷ്മവുമായ സ്ട്രോക്ക് ലക്ഷണങ്ങൾ
ചില സ്ട്രോക്കുകൾ തലച്ചോറിന്റെ പ്രധാന ഭാഗങ്ങളായ സെറിബെല്ലം (Cerebellum), ബ്രെയിൻസ്റ്റെം (Brainstem) അല്ലെങ്കിൽ തലച്ചോറിന്റെ പിൻഭാഗത്തെ രക്തചംക്രമണ ധമനികളെ (Posterior Circulation) ബാധിക്കുമ്പോൾ തികച്ചും വ്യത്യസ്തമായ ലക്ഷണങ്ങളാണ് പ്രകടമാക്കുന്നത്.
1. പെട്ടെന്നുണ്ടാകുന്ന തലകറക്കവും തുലനാവസ്ഥ നഷ്ടപ്പെടലും : സാധാരണ ക്ഷീണം കൊണ്ടോ ആന്തരിക കർണ്ണത്തിലെ പ്രശ്നങ്ങൾ കൊണ്ടോ ഉണ്ടാകുന്ന തലകറക്കത്തിൽ നിന്ന് വ്യത്യസ്തമാണ് സ്ട്രോക്ക് മൂലമുണ്ടാകുന്ന തലകറക്കം. പൂർണ്ണ ആരോഗ്യവാനായ ഒരാൾക്ക് പെട്ടെന്ന് കടുത്ത തലകറക്കം അനുഭവപ്പെടുകയും, നിലത്തുറച്ചു നിൽക്കാനോ നേരെ നടക്കാനോ സാധിക്കാതെ വരുന്ന അവസ്ഥ. ഇതോടൊപ്പം തലചുറ്റൽ, ഛർദ്ദി, അല്ലെങ്കിൽ കണ്ണുകൾ അനിയന്ത്രിതമായി ചലിക്കുക എന്നിവയും കാണപ്പെടാം. ഇത് പ്രഷർ കുറഞ്ഞതോ മറ്റു അനുബന്ധ ആരോഗ്യപ്രശ്നങ്ങൾ മൂലമോ ആണെന്ന് കരുതി അവഗണിക്കുന്നത് അപകടനില വർദ്ധിപ്പിക്കും.
2. അകാരണമായി പെട്ടെന്നുണ്ടാകുന്ന കഠിനമായ തലവേദന : ജീവിതത്തിൽ ഇതുവരെ അനുഭവപ്പെട്ടിട്ടില്ലാത്ത വിധത്തിലുള്ള അതികഠിനമായ തലവേദന പെട്ടെന്ന് ഉണ്ടാകുന്നത് സ്ട്രോക്കിന്റെ സൂചനയാകാം. പെട്ടെന്ന് ഉടലെടുക്കുന്ന ഇത്തരം തലവേദനകളെ തണ്ടർക്ലാപ്പ് ഹെഡേക്ക് (Thunderclap Headache) എന്നാണ് വിളിക്കുന്നത്. തലച്ചോറിലെ രക്തധമനികളിൽ ഉണ്ടാകുന്ന രക്തസ്രാവം മൂലമാണ് ഇത് കൂടുതലായി സംഭവിക്കുന്നത്. കൂടാതെ തലചുറ്റൽ, ബോധക്ഷയം എന്നിവയും ഇതിനോടൊപ്പം ഉണ്ടാകാം.
3. പെട്ടെന്നുണ്ടാകുന്ന അനിശ്ചിതത്വവും ആശയക്കുഴപ്പവും : വ്യക്തിത്വത്തിലോ പെരുമാറ്റത്തിലോ ചിന്താശേഷിയിലോ ഉണ്ടാകുന്ന പെട്ടെന്നുള്ള മാറ്റങ്ങൾ ഒരു പ്രധാന മുന്നറിയിപ്പാണ്. പരിചയമുള്ള ആളുകളെ തിരിച്ചറിയാൻ കഴിയാതിരിക്കുക, ലളിതമായ കാര്യങ്ങൾ മനസ്സിലാക്കാൻ പ്രയാസം നേരിടുക, അല്ലെങ്കിൽ എവിടെയാണെന്ന ബോധം നഷ്ടപ്പെടുക. പെട്ടെന്ന് പ്രകോപിതരാവുകയോ മാനസിക നില തെറ്റുന്നതുപോലെ പെരുമാറുകയോ ചെയ്യുന്ന അവസ്ഥ കാണപ്പെടാം. അതിനാൽ ഇതൊരു മാനസികപ്രശ്നമാണെന്ന് തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയേറെയാണ്.
4. അപൂർവമായ മറ്റു ചില ലക്ഷണങ്ങൾ: ഭക്ഷണമോ വെള്ളമോ ഇറക്കുമ്പോൾ പെട്ടെന്നുണ്ടാകുന്ന പ്രയാസവും ചുമയും (Dysphagia), തളർച്ചയില്ലാതെ ശരീരത്തിന്റെ ഒരു വശത്തു മാത്രം അനുഭവപ്പെടുന്ന തരിപ്പും മരവിപ്പും, കൂടാതെ ബ്രെയിൻസ്റ്റെമ്മിനെ ബാധിക്കുന്ന സ്ട്രോക്കുകളിൽ (പ്രത്യേകിച്ച് സ്ത്രീകളിൽ) പ്രകടമാകുന്ന അനിയന്ത്രിതമായ വിക്കലും നെഞ്ചെരിച്ചിലും ഇത്തരത്തിൽ അപൂർവ്വമായി കാണപ്പെടുന്ന മുന്നറിയിപ്പ് ലക്ഷണങ്ങളാണ്
എന്തുകൊണ്ടാണ് അപൂർവ ലക്ഷണങ്ങൾ പ്രകടമാകുന്നത്?
തലച്ചോറിന്റെ മുൻഭാഗത്തെ ബാധിക്കുന്ന സ്ട്രോക്കുകളാണ് കൈകാലുകളുടെ തളർച്ചയ്ക്കും മുഖം കോടുന്നതിനും കാരണമാകുന്നത്. എന്നാൽ തലച്ചോറിന്റെ പിൻഭാഗത്തേക്ക് രക്തമെത്തിക്കുന്ന ധമനികളിൽ തടസ്സമുണ്ടാകുമ്പോഴാണ് തലകറക്കം, തലവേദന, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകുന്നത്. ആകമാനം സ്ട്രോക്കുകളുടെ 20 മുതൽ 25 ശതമാനം വരെ ഇത്തരം സ്ട്രോക്കുകളാണ്.
അപൂർവ്വ ലക്ഷണങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളവർ
സ്ത്രീകൾ: പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ പെട്ടെന്നുള്ള ശ്വാസതടസ്സം, നെഞ്ചുവേദന, ആശയകുഴപ്പം, വിക്കൽ, കടുത്ത ക്ഷീണം തുടങ്ങിയ അസാധാരണ ലക്ഷണങ്ങൾ കൂടുതലായി കാണപ്പെടുന്നു.
പ്രമേഹ രോഗികൾ: നാഡിഞരമ്പുകൾക്ക് ക്ഷതമേറ്റിട്ടുള്ള പ്രമേഹരോഗികളിൽ വേദനയോ മരവിപ്പോ കൃത്യമായി അനുഭവപ്പെടണമെന്നില്ല.
പ്രായമായവർ: വാർദ്ധക്യ സഹജമായ ഓർമ്മക്കുറവ് എന്ന് കരുതി പലപ്പോഴും വയോധികരിലെ പെട്ടെന്നുള്ള ബോധക്ഷയവും കുഴച്ചിലും കുടുംബാംഗങ്ങൾ അവഗണിക്കാറുണ്ട്.
ഈ സാഹചര്യങ്ങളിൽ എന്താണ് ചെയ്യേണ്ടത്?
സ്ട്രോക്ക് ലക്ഷണങ്ങൾ പ്രകടമായിക്കഴിഞ്ഞാൽ ആദ്യത്തെ 3 മുതൽ 4 മണിക്കൂർ വളരെ നിർണ്ണായകമാണ്. ഇതിനെ ഗോൾഡൻ അവർ എന്ന് വൈദ്യശാസ്ത്രത്തിൽ വിളിക്കുന്നു. ആദ്യ മണിക്കൂറുകളിൽ ആശുപത്രിയിൽ എത്തിച്ചാൽ രക്തക്കട്ട അലിയിപ്പിച്ചു കളയുന്ന ത്രോംബോളിസിസ് അല്ലെങ്കിൽ രക്തക്കട്ട പുറത്തെടുക്കുന്ന ത്രോംബെക്ടമി ചികിത്സയിലൂടെ വ്യക്തിയെ പൂർണ്ണ ആരോഗ്യത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിക്കുന്നതാണ്.
ശ്രദ്ധിക്കുക: സ്വയം ചികിത്സ അരുത്, തലവേദനയോ തലകറക്കമോ കണ്ടാൽ പാരസെറ്റാമോളോ മറ്റ് വേദന സംഹാരികളോ കഴിച്ച് വിശ്രമിക്കാൻ ശ്രമിക്കരുത്.
പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ ചെറുതാണെങ്കിൽ പോലും അതിനെ നിസ്സാരമായി കാണരുത്. പെട്ടെന്നുണ്ടാകുന്ന കടുത്ത തലകറക്കം, അകാരണമായ കഠിനമായ തലവേദന, അല്ലെങ്കിൽ പെട്ടെന്നുള്ള ആശയകുഴപ്പം എന്നിവ കണ്ടാൽ അത് മസ്തിഷ്കാഘാതത്തിന്റെ സൂചനയാകാം. കൃത്യസമയത്തുള്ള തിരിച്ചറിവും അടിയന്തര വൈദ്യസഹായവുമാണ് ഒരു ജീവനെയും ആ വ്യക്തിയുടെ ജീവിതനിലവാരത്തെയും സംരക്ഷിക്കുന്നത്. ലക്ഷണങ്ങൾ യഥാസമയം തിരിച്ചറിയുക, രോഗിയെ എത്രയും വേഗം വിദഗ്ദ്ധ ചികിത്സ ലഭ്യമാകുന്ന ആശുപത്രിയിൽ എത്തിക്കുക.
കോഴിക്കോട് ആസ്റ്റർ മിംസിൽ ന്യൂറോളജി വിഭാഗം ഡയറക്ടറും സീനിയർ കൺസൾട്ടന്റുമാണ് ലേഖകൻ.
Content Highlights: Learn about common and rare stroke symptoms, including sudden dizziness, severe headaches, and confusion, to recognize brain stroke warning signs early.
Published: 29 Oct 2026, 11:17 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented