തിരുവനന്തപുരം: സംസ്ഥാന ക്രിസ്മസ് അർധവാർഷിക പ്ലസ്‌വൺ കണക്ക് പരീക്ഷയുടെയും പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങൾ ചോർന്ന വിഷയത്തിൽ കുറ്റവാളികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
ചോദ്യ പേപ്പർ വിഷയത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് , ഡി.ജി.പി, സൈബർ സെൽ എന്നിവർക്ക് പരാതി നൽകിയതായി ശിവൻകുട്ടി അറിയിച്ചു. യൂട്യൂബ് ചാനലുകളിൽ ചോദ്യപേപ്പർ വന്നത് അതീവ ഗൗരവമുള്ള വിഷയമാണ്. കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരും. പരീക്ഷാ നടത്തിപ്പിൽ സർക്കാർ ഒരു വിട്ടുവീഴ്ച്ചക്കും തയ്യാറല്ല. സംഭവം ചർച്ച ചെയ്യാനായി വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരും. തയ്യാറാക്കുന്നവരും വിതരണം ചെയ്യുന്നവരും അറിയാതെ ചോദ്യപേപ്പർ പുറത്തുപോകില്ലെന്നും മന്ത്രി പറഞ്ഞു.
സ്വകാര്യ ഓൺലൈൻ ട്യൂഷൻ പ്ലാറ്റ്‌ഫോമിന്റെ യൂട്യൂബ് ചാനലിലാണ് പരീക്ഷയുടെ തലേന്ന് ചോദ്യങ്ങളുടെ മാതൃക പുറത്തുവന്നത്. വ്യാഴാഴ്ചയായിരുന്നു പ്ലസ് വൺ കണക്ക് പരീക്ഷ. പരീക്ഷയ്ക്കുവന്ന 23 മാർക്കിന്റെ ചോദ്യങ്ങൾ ബുധനാഴ്ച രാത്രി സ്വകാര്യ ഓൺലൈൻ ട്യൂഷൻ പ്ലാറ്റ്‌ഫോമിലൂടെയാണ് പുറത്തുവന്നത്.
ചോദ്യത്തിന്റെ ക്രമംപോലും തെറ്റാതെ ചർച്ചചെയ്യുന്ന വീഡിയോ ഒരു ലക്ഷത്തിലധികം പേരാണ് കണ്ടതെന്ന് അധ്യാപകർ പറയുന്നു. ഫോണിലൂടെയും സ്കൂളിലെ വാട്സാപ്പ് ഗ്രൂപ്പിലൂടെയും കുട്ടികൾ ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ ചോദിച്ചതാണ് സംശയത്തിനിടയാക്കിയത്. ബുധനാഴ്ച നടന്ന എസ്.എസ്.എൽ.സി. ഇംഗ്ലീഷ് പരീക്ഷയിൽ ആകെയുള്ള 80 മാർക്കിന്റെ ചോദ്യങ്ങളിൽ 70 ശതമാനവും ഓൺലൈൻ ചാനൽ പ്രവചനത്തിലുണ്ട്. പത്താംക്ലാസ് ചോദ്യച്ചോർച്ചയിൽ കോഴിക്കോട് പൊതുവിദ്യാഭ്യസ ഉപഡയറക്ടർ സി. മനോജ് കുമാർ പൊതുവിദ്യാഭ്യാസ വകുപ്പിനും പോലീസിനും പരാതി നൽകി. സംഭവവുമായി പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെങ്കിൽ നടപടി സ്വീകരിക്കണമെന്നും സി. മനോജ് കുമാർ ആവശ്യപ്പെട്ടു.
അധ്യാപകർക്കിടയിലും ചോദ്യച്ചോർച്ച ചർച്ചയായിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ക്രിസ്മസ് പരീക്ഷയ്ക്കും ഈ വർഷത്തെ ഓണപ്പരീക്ഷയ്ക്കും സമാനമായ ആരോപണങ്ങളുണ്ടായിരുന്നു.
Content Highlights: minister v sivankutty reponds on question paper leak
Published: 14 Dec 2024, 10:37 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented