കോഴിക്കോട്: തുടര്‍ഭരണംകൊണ്ട് കേരളത്തെ നിക്ഷേപസൗഹൃദസംസ്ഥാനമാക്കാന്‍ കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ ഇന്ത്യയില്‍ ഇന്ന് ഒന്നാംസ്ഥാനത്താണ് കേരളം. കൊച്ചിയില്‍നടന്ന ആഗോളനിക്ഷേപക സംഗമത്തിലൂടെ രണ്ടുലക്ഷം കോടി രൂപയുടെ നിക്ഷേപവാഗ്ദാനങ്ങളാണ് ലഭിച്ചത്. പത്തുവര്‍ഷംമുന്‍പ് കേരളം നിക്ഷേപസൗഹൃദമാക്കിമാറ്റാമെന്ന് ആരും കരുതിയിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

To advertise here,

പി.വി. സാമി മെമ്മോറിയല്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് സോഷ്യോ കള്‍ച്ചറല്‍ അവാര്‍ഡ് ഡിസ്നി ഇന്ത്യ സ്ട്രാറ്റജിക് അഡൈ്വസര്‍ കെ. മാധവന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യസമരസേനാനിയും വ്യവസായിയുമായിരുന്ന, രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക-വിദ്യാഭ്യാസ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പി.വി. സാമിയുടെ 35-ാം അനുസ്മരണസമ്മേളനത്തിലായിരുന്നു പുരസ്‌കാരസമര്‍പ്പണം.

കോഴിക്കോടിന്റെ മണ്ണില്‍നിന്ന് വ്യവസായത്തിന്റെ വിശാലലോകത്തേക്ക് വളര്‍ന്ന പി.വി. സാമിയുടെ ജീവിതം പുതുതലമുറയ്ക്ക് പാഠപുസ്തകമാണ്. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഏറ്റവുംവലിയ പ്രതീകമാണ് കെടിസി ഗ്രൂപ്പ്. സമ്പത്തിന്റെ ഒരുഭാഗം സാമൂഹികവികസനത്തിന് തിരികെനല്‍കാനുള്ള മനസ്സും അദ്ദേഹത്തിനുണ്ടായിരുന്നു -മുഖ്യമന്ത്രി പറഞ്ഞു.

പി.വി. സാമി മെമ്മോറിയല്‍ ട്രസ്റ്റാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍ ചെയര്‍മാനും ഡോ. സി.കെ. രാമചന്ദ്രന്‍, സത്യന്‍ അന്തിക്കാട് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.

കോഴിക്കോട് ശ്രീനാരായണ സെന്റിനറി ഹാളില്‍ നടന്ന ചടങ്ങില്‍ പി.വി. സാമി മെമ്മോറിയല്‍ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റിയും മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രന്‍ അധ്യക്ഷനായി. തന്റെ അച്ഛന്‍ പി.വി. സാമിയെപ്പോലെ എളിയനിലയിലാണ് കെ. മാധവനും ജീവിതയാത്ര തുടങ്ങിയതെന്ന് പി.വി. ചന്ദ്രന്‍ പറഞ്ഞു. ഇന്ത്യന്‍ മാധ്യമരംഗത്തെ മാറ്റിമറിക്കുന്ന ഒട്ടേറെ ആശയങ്ങള്‍ സംഭാവനചെയ്ത വ്യക്തിയാണ് മാധവന്‍. രണ്ടുവര്‍ഷംമുന്‍പുവരെ അനുസ്മരണച്ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന പി.വി. ഗംഗാധരന്‍ ഇന്നൊപ്പമില്ലെങ്കിലും അദ്ദേഹത്തിന്റെ സാന്നിധ്യം ഇവിടെയുണ്ടാകുമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജൂറി ചെയര്‍മാനും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം.വി. ശ്രേയാംസ് കുമാര്‍ പി.വി. സാമി അവാര്‍ഡിനെക്കുറിച്ച് വിശദീകരിച്ചു. പി.വി. സാമി പ്രവര്‍ത്തിച്ച മേഖലകളിലെ പ്രതിഭകളെത്തന്നെ തിരഞ്ഞെടുക്കണമെന്ന തീരുമാനമനുസരിച്ചാണ് വ്യവസായ, സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ക്ക് അവാര്‍ഡ് നല്‍കുന്നത്. പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ക്കൊക്കെ മുന്നേറ്റമുണ്ടാക്കാന്‍ കെ. മാധവന്‍ സഹായിച്ചെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു. ഭൗതികസൗകര്യങ്ങളൊന്നുമില്ലാത്ത കാലത്ത് സ്വന്തമായൊരു വ്യവസായലോകം കെട്ടിപ്പടുക്കാന്‍ കഴിഞ്ഞ പി.വി. സാമിയുടെ പേരിലുള്ള പുരസ്‌കാരം തറവാട്ടില്‍നിന്നുള്ള അംഗീകാരമായി കാണുന്നെന്ന് മാധവന്‍ പറഞ്ഞു.

മേയര്‍ ഡോ. ബീനാ ഫിലിപ്പ്, എംപിമാരായ ജോണ്‍ ബ്രിട്ടാസ്, എം.കെ. രാഘവന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, ഇ.കെ. വിജയന്‍, ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി എം.ടി. രമേശ്, ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍, എസ്എഫ്സി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ കേശവന്‍ മുരളീധരന്‍, പി.വി. സാമി മെമ്മോറിയല്‍ ട്രസ്റ്റ് ട്രസ്റ്റിയും മാതൃഭൂമി ജോയിന്റ് മാനേജിങ് എഡിറ്ററുമായ പി.വി. നിധീഷ്, പിവിഎസ് സണ്‍റൈസ് ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടര്‍ ഡോ. ജയ്കിഷ് ജയരാജ് എന്നിവര്‍ സംസാരിച്ചു.

അനശ്വരസ്മൃതികളുടെ നിറവില്‍ പ്രൗഢമായ ചടങ്ങ്

കോഴിക്കോട്: പി.വി. സാമിയുടെയും പി.വി. ഗംഗാധരന്റെയും അനശ്വരസ്മൃതികളുടെ നിറവില്‍, ശ്രീനാരായണ സെന്റിനറി ഹാളില്‍ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി പി.വി. സാമി മെമ്മോറിയല്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് സോഷ്യോ കള്‍ച്ചറല്‍ അവാര്‍ഡ് ദാനച്ചടങ്ങ്. സംസ്ഥാനത്തെ സാമൂഹിക-രാഷ്ട്രീയ-വ്യവസായ രംഗത്തെ പ്രമുഖര്‍ നിറഞ്ഞ വേദിയിലാണ് അവാര്‍ഡ് സമര്‍പ്പണവും അനുസ്മരണപരിപാടിയും നടന്നത്.

അര്‍ഹതയുള്ള പുരസ്‌കാരം അര്‍ഹിച്ച കരങ്ങളിലെത്തുന്നുവെന്നതിന്റെ ചാരിതാര്‍ഥ്യമാണ് പി.വി. സാമിയുടെ പേരിലുള്ള അവാര്‍ഡ് കെ. മാധവന്‍ എറ്റുവാങ്ങുമ്പോള്‍ ഉണ്ടാകുന്നതെന്ന് മേയര്‍ ഡോ. ബീനാ ഫിലിപ്പ് പറഞ്ഞു. ചെയ്യാനാവുന്നതേ പറയൂ, പറയുന്നത് ചെയ്യും എന്നതാണ് കെ. മാധവന്റെ പ്രത്യേകതയെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. പ്രക്ഷുബ്ധമായ മാധ്യമമേഖലയില്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങളെല്ലാം ഫലപ്രദമായി നിര്‍വഹിച്ചയാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ വലുപ്പം നമ്മുടെ നാട് തിരിച്ചറിയാന്‍ വൈകിയെന്നും ബ്രിട്ടാസ് പറഞ്ഞു.

പി.വി. സാമിയുടെ സാമൂഹിക-സാംസ്‌കാരിക മേഖലകളിലെ ഇടപെടലുകളും അദ്ദേഹത്തിന്റെ ലാളിത്യവും എല്ലാവരും ഓര്‍മ്മിച്ചു. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സില്‍ പി.വി. സാമിയോടൊപ്പം ഒരുമിച്ച് പ്രവര്‍ത്തിച്ച കാലം ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി ഓര്‍മ്മിച്ചു. വിവിധ കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ സമീപനങ്ങള്‍ അക്കാലത്ത് തൊഴിലാളികള്‍ക്ക് പ്രശ്‌നമില്ലാതിരിക്കാന്‍ സഹായമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നങ്ങളുണ്ടായാല്‍ രമ്യമായി പരിഹരിക്കുന്നതിനായി അദ്ദേഹത്തിന്റെ പങ്ക് ശ്രദ്ധേയമായിരുന്നെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ കൂട്ടിച്ചേര്‍ത്തു.

പരിശ്രമത്തിലൂടെ വലിയ ഉയരങ്ങള്‍ സാക്ഷാത്കരിച്ചവരാണ് പി.വി. സാമിയും കെ. മാധവനുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. എല്ലാം പെട്ടെന്ന് നേടിയെടുക്കണമെന്ന് ചിന്തിക്കുന്ന സമൂഹത്തില്‍ സ്ഥിരമായ പരിശ്രമത്തിലൂടെ വെല്ലുവിളികളെ അതിജീവിച്ച് മുന്നേറിയവരാണ് ഇരുവരുമെന്നും എം.ടി. രമേശ് പറഞ്ഞു.

ഒരു ബിസിനസുകാരന് കോമണ്‍സെന്‍സ് അനിവാര്യമാണെന്ന് ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ പറഞ്ഞു. അത്തരത്തില്‍ കോമണ്‍സെന്‍സ് നേടിയിട്ടുള്ള വ്യക്തിയാണ് കെ. മാധവനെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ഓരോ നേട്ടങ്ങളും ചരിത്രമാണെന്നും ഗോകുലം ഗോപാലന്‍ കൂട്ടിച്ചേര്‍ത്തു.

30 വര്‍ഷത്തോളമായി സുഹൃദ്ബന്ധമുള്ള മാധവനില്‍ കണ്ടത് നല്ല മനുഷ്യനെയാണെന്ന് പി.വി. സാമി മെമ്മോറിയല്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് സോഷ്യോ കള്‍ച്ചറല്‍ അവാര്‍ഡ് മുന്‍ജേതാവും എസ്എഫ്സി ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ കേശവന്‍ മുരളീധരന്‍ പറഞ്ഞു. ഏതുകാര്യത്തിലാണെങ്കിലും അര്‍പ്പണബോധത്തോടെയാണ് അദ്ദേഹത്തിന്റെ ഇടപെടലെന്നും അദ്ദേഹം പറഞ്ഞു.

മിനി രാജേഷ് പ്രശസ്തിപത്രം വായിച്ചു. ഹേമലതാ ചന്ദ്രന്‍, ഷെറിന്‍ ഗംഗാധരന്‍, ഡോ. ആര്യ ജയ്കിഷ്, ഭാവനാ നിധീഷ് എന്നിവര്‍ ദീപംതെളിയിച്ചു. പാര്‍വതി സജീവ് പ്രാര്‍ഥന ആലപിച്ചു. ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ജേതാവിനെ ഹാരമണിയിച്ചു. ഷെനുഗ, റെജീനാ വൃജ് മോഹന്‍, ഡോ. ദീഷ്മാ രാജേഷ്, സീനാ സജീവ് എന്നിവരും സംബന്ധിച്ചു. ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ഡോ. കെ.ജി. അലക്‌സാണ്ടര്‍, ഏഷ്യാനെറ്റ് ന്യൂസ് സിഇഒ ഫ്രാങ്ക് പി. തോമസ്, സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസി, അവാര്‍ഡ് ജേതാവ് കെ. മാധവന്റെ ഭാര്യ ഗീതാ മാധവന്‍, സിപിഎം ജില്ലാസെക്രട്ടറി എം. മെഹബൂബ്, ഡോ. കെ. മൊയ്തു, പി.ടി. ശ്രീനിവാസന്‍, ഹവാക്കര്‍ എംഡി പോള്‍ വര്‍ഗീസ്, റേഡിയന്റ് ബാറ്ററി എംഡി ശ്രീജിത്ത്, സിപിഎം സംസ്ഥാനകമ്മിറ്റിയംഗം പി. മോഹനന്‍, മുന്‍ ഡിസിസി പ്രസിഡന്റ് കെ.സി. അബു, ആര്‍ക്കിടെക്ട് എ.കെ. പ്രശാന്ത്, സി.ഇ. ചാക്കുണ്ണി, എം. രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

‘ആത്മവിശ്വാസത്തിന്റെ പര്യായം’

കോഴിക്കോട്: ആത്മവിശ്വാസത്തിന്റെ പര്യായമാണ് കെ. മാധവനെന്ന് നടന്‍ മോഹന്‍ലാല്‍ വീഡിയോസന്ദേശത്തില്‍ പറഞ്ഞു. കോഴിക്കോട്ടുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ എന്തുകാര്യത്തിനും ഒടുക്കത്തെ ആത്മവിശ്വാസവും അതിനൊപ്പം കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും അപാരമായ ക്ഷമയും അദ്ദേഹത്തിനുണ്ട്. എന്തെങ്കിലും പ്രശ്‌നങ്ങളില്‍ തട്ടി എന്റെ ജീവിതം നില്‍ക്കുമ്പോള്‍ ഞാന്‍ മാധവനിലേക്കാണ് നോക്കാറുള്ളത്. മറ്റാരും പോകാത്ത വഴികളിലൂടെയാണ് മാധവന്‍ സഞ്ചരിച്ചത്. മറ്റാര്‍ക്കും എത്തിച്ചേരാന്‍ സാധിക്കാത്ത ഉയരങ്ങളിലാണ് എത്തിച്ചേര്‍ന്നത് -മോഹന്‍ലാല്‍ പറഞ്ഞു.

‘പോസിറ്റീവ് എനര്‍ജിയുടെ ആള്‍രൂപം’

കെ. മാധവന്‍ പോസിറ്റീവ് എനര്‍ജിയുടെ ആള്‍രൂപമാണെന്ന് നടന്‍ കമല്‍ഹാസന്‍ വീഡിയോസന്ദേശത്തിലൂടെ പറഞ്ഞു. സ്വന്തം അധ്വാനത്തിലൂടെ വലിയ സാമ്രാജ്യം സൃഷ്ടിച്ച പി.വി. സാമിയുടെ പേരിലുള്ള പുരസ്‌കാരം സ്വീകരിക്കാന്‍ എന്തുകൊണ്ടും അര്‍ഹനാണ് അദ്ദേഹം. കഠിനാധ്വാനത്തിലൂടെ അദ്ഭുതകരമായ ലോകം സൃഷ്ടിച്ച വ്യക്തിയാണ് തന്റെ മാധവന്‍ സാറെന്നും കമല്‍ഹാസന്‍ പറഞ്ഞു.