കോഴിക്കോട്: സ്വാതന്ത്ര്യസമരസേനാനിയും സാമൂഹിക-സാംസ്‌കാരിക മേഖലകളിലെ അവിസ്മരണീയ വ്യക്തിത്വവുമായിരുന്ന പി.വി. സാമിയുടെ പേരിലുള്ള അവാർഡ് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദിന് മുഖ്യമന്ത്രി വി.ഡി. സതീശൻ സമ്മാനിക്കും.

To advertise here,

ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണിക്ക് കോഴിക്കോട് കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക ജൂബിലിഹാളിലാണ് അവാർഡുദാനച്ചടങ്ങെന്ന് പി.വി. സാമി മെമ്മോറിയൽ ട്രസ്റ്റിന്റെ മാനേജിങ് ട്രസ്റ്റിയും മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പി.വി. സാമി വിടപറഞ്ഞിട്ട് 36 വർഷം തികയുന്ന ദിനംകൂടിയാണ് ചൊവ്വാഴ്ച. ചടങ്ങിൽ വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പ്രശസ്തിപത്രം സമർപ്പിക്കും. എം.കെ. രാഘവൻ എം.പി. പൊന്നാട അണിയിക്കും. എം.എൽ.എ.മാരായ വി. മുരളീധരൻ, പി.എ. മുഹമ്മദ് റിയാസ്, കെ. പ്രവീൺകുമാർ, എ.ഡി.ജി.പി. പി. വിജയൻ എന്നിവർ ആശംസകളർപ്പിക്കും.

മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ ചെയർമാനും ഡോ. സി.കെ. രാമചന്ദ്രൻ, സത്യൻ അന്തിക്കാട് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് എം.പി. അഹമ്മദിനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.

വ്യാവസായിക, സാമൂഹിക, സംസ്‌കാരിക മേഖലകളിലെ പ്രതിഭകൾക്കായി സമ്മാനിക്കുന്ന 19-ാമത് പി.വി. സാമി മെമ്മോറിയൽ ഇൻഡസ്ട്രിയൽ ആൻഡ് സോഷ്യോ കൾച്ചറൽ അവാർഡാണ് ഇത്തവണത്തേത്.

ക്യാപ്റ്റൻ സി.പി. കൃഷ്ണൻനായർ, എം.എ. യൂസഫലി, രാജീവ് ചന്ദ്രശേഖർ, ഡോ. ബി. രവി പിള്ള, പി.എൻ.സി. മേനോൻ, എം.പി. രാമചന്ദ്രൻ (ഉജാല), ഗൾഫാർ മുഹമ്മദലി, സി.കെ. മേനോൻ, ഡോ. വർഗീസ് കുര്യൻ, കേശവൻ മുരളീധരൻ, ഡോ. സിദ്ദീഖ് അഹമ്മദ്, കെ.ഇ. ഫൈസൽ, ഡോ. ബി.ആർ. ഷെട്ടി, ടി.എസ്. കല്യാണരാമൻ, മമ്മൂട്ടി, മോഹൻലാൽ, ഗോകുലം ഗോപാലൻ, കെ. മാധവൻ എന്നിവരാണ് മുൻവർഷങ്ങളിൽ പുരസ്‌കാരത്തിന് അർഹരായത്.

പത്രസമ്മേളനത്തിൽ പി.വി. സാമി മെമ്മോറിയൽ ട്രസ്റ്റിന്റെ ട്രസ്റ്റിയും മാതൃഭൂമി ജോയിന്റ് മാനേജിങ് എഡിറ്ററുമായ പി.വി. നിധീഷ്, പുത്തൂർമഠം ചന്ദ്രൻ, എം. രാജൻ എന്നിവരും പങ്കെടുത്തു.