കോഴിക്കോട്: പി.വി. സാമി മെമ്മോറിയല്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് സോഷ്യോ കള്‍ച്ചറല്‍ പുരസ്‌കാരം ഡിസ്‌നി ഇന്ത്യയുടെ സ്ട്രാറ്റജിക് ഉപദേശകനും ദൃശ്യമാധ്യമ രംഗത്തെ ഉന്നതശീര്‍ഷനുമായ കെ. മാധവന് സമ്മാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്‌കാരദാനം നടത്തിയത്. കോഴിക്കോട് ശ്രീനാരായണ സെന്ററിനറി ഹാളില്‍ നടന്ന ചടങ്ങില്‍ പി.വി. സാമി മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്‍മാനും മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രന്‍ അധ്യക്ഷനായി. 

To advertise here,

മുപ്പത്തഞ്ച് വര്‍ഷം മുന്‍പ് വിട്ടുപോയിട്ടും പി.വി. സാമിയുടെ കര്‍മമണ്ഡലത്തിലെ തിളക്കം ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. കോഴിക്കോട്ടുനിന്ന് വ്യവസായരംഗത്തിന്റെ ഉന്നതിയിലേക്ക് കടന്നുകയറിയ അദ്ദേഹത്തിന്റെ ജീവിതം പുതുതലമുറയ്ക്ക് പാഠപുസ്തകമാണ്. ഒരു സാധാരണ മനുഷ്യന്‍ സ്വപ്രയത്‌നംകൊണ്ട് കെട്ടിപ്പടുത്ത കെടിസി ഇന്നത്തെ ലോജിസ്റ്റിക് മേഖലയുടെ ആദ്യ രൂപങ്ങളില്‍ ഒന്നാണ്. ഈ വര്‍ഷത്തെ പുരസ്‌കാരം കെ. മാധവന് നല്‍കിയത് ഏറ്റവും ഉചിതമായ തീരുമാനമാണ്. താന്‍ നിര്‍വഹിക്കുന്ന ഉത്തരവാദിത്വത്തില്‍ പൂര്‍ണമായി മുഴുകുമെന്നതാണ് മാധവന്റെ ഏറ്റവും വലിയ പ്രത്യേകത. ബാങ്കിങ് രംഗത്തുനിന്ന് മാധ്യമരംഗത്തെ അറിയപ്പെടുന്ന പേരുകളില്‍ ഒന്നായി കെ. മാധവന്‍ മാറി. ഒരു മലയാളി വ്യവസായി സംരംഭകന്റെ പ്രതിഭാലോകം മുഴുവന്‍ അറിയപ്പെട്ടതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ വളര്‍ച്ചയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ സംഭവിക്കാനിടയില്ലാത്ത ഒന്ന് 10 വര്‍ഷത്തിനിടെ സംഭവിച്ചുവെന്നും മുഖ്യമന്ത്രി വേദിയിൽ പറഞ്ഞു. കേരളം നിക്ഷേപ സൗഹൃദസംസ്ഥാനമായി എങ്ങനെ മാറ്റാം എന്ന് നിരവധി ചര്‍ച്ചകള്‍ നടത്തുകയും അവ പ്രാവര്‍ത്തികമാക്കാന്‍ നിയമങ്ങളിലും ചട്ടങ്ങളിലും മാനസികനിലയിലും മാറ്റങ്ങള്‍ കൊണ്ടുവരികയും അതിന്റെ നേട്ടങ്ങള്‍ സംസ്ഥാനത്ത് കണ്ടുവരികയും ചെയ്തു. ഭരണത്തുടര്‍ച്ച ഉണ്ടായതോടെ നിക്ഷേപ സൗഹൃദമാക്കാന്‍ തുടര്‍നടപടി ഉണ്ടായി. ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ കേരളം ഒന്നാമതായി. കൊച്ചിയില്‍ നടന്ന നിക്ഷേപ സംഗമത്തോടെ രണ്ടുലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് കേരളത്തില്‍ വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതിന് നന്ദിയെന്ന് അവാര്‍ഡ് ഏറ്റുവാങ്ങിക്കൊണ്ട് കെ. മാധവന്‍ പറഞ്ഞു. കംഫര്‍ട്ട് സോണില്‍നിന്ന് പുറത്തിറങ്ങുന്നവര്‍ക്ക് ലോകത്ത് സാധ്യതകളുണ്ട്. അവര്‍ക്ക് വലിയ മാറ്റം കൊണ്ടുവരാന്‍ സാധിക്കും. കംഫര്‍ട്ട് സോണില്‍നിന്ന് പുറത്ത് കടക്കുകയാണ് ഞാന്‍ ചെയ്തത്. അതൊരു അഡ്വഞ്ചര്‍ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇ. ടി. മുഹമ്മദ് ബഷീര്‍ എംപി പുരസ്‌കാര ജേതാവിന് പ്രശസ്തി പത്രം സമര്‍പ്പിച്ചു. എം.കെ. രാഘവന്‍ എംപി പുരസ്‌കാര ജേതാവിന് പൊന്നാട ചാര്‍ത്തി. പി.വി. ഗംഗാധരന്റെ മക്കളായ ഷെനുഗയും ഷെഗ്‌നയും ചേര്‍ന്ന് പുഷ്പഹാരം അണിയിച്ചു. ജോണ്‍ ബ്രിട്ടാസ് എംപി, മേയര്‍ ബീനാഫിലിപ്പ്, ബിജെപി ജനറല്‍ സെക്രട്ടറി എം.ടി. രമേഷ്, ഗോകുലം ഗോപാലന്‍, കെ. മുരളീധരന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. പി.വി. സാമി മെമ്മോറിയൽ ട്രസ്റ്റിൻ്റെ ട്രസ്റ്റിയും മാതൃഭൂമി ജോയിൻ്റ് മാനേജിങ് എഡിറ്ററുമായ പി.വി. നിധീഷ് സ്വാഗതം ആശംസിച്ചു. പിവിഎസ് സണ്‍റൈസ് ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടര്‍ ഡോ. ജയ്കിഷ് ജയരാജ് ചടങ്ങില്‍ നന്ദി അര്‍പ്പിച്ചു.

സ്വാതന്ത്ര സമര സേനാനിയും പ്രമുഖ വ്യവസായിയും രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചയാളുമായിരുന്ന പി.വി. സാമിയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍ ചെയര്‍മാനും ഡോ. സി.കെ. രാമചന്ദ്രന്‍, സത്യന്‍ അന്തിക്കാട് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. ജൂറി ചെയർമാനും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം.വി. ശ്രേയാംസ് കുമാർ അവാർഡിനെകുറിച്ച് വിശദീകരിച്ചു.