കോഴിക്കോട്: സ്വാതന്ത്ര്യസമര സേനാനിയും പ്രമുഖ വ്യവസായിയുമായിരുന്ന പി.വി. സാമിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പി.വി. സാമി മെമ്മോറിയൽ ഇൻഡസ്ട്രിയൽ ആൻഡ് സോഷ്യോ കൾച്ചറൽ അവാർഡിന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് അർഹനായി. പി.വി. സാമി മെമ്മോറിയൽ മാനേജിങ് ട്രസ്റ്റി പി.വി. ചന്ദ്രനാണ് വാർത്താക്കുറിപ്പിലൂടെ അവാർഡ് വിവരം അറിയിച്ചത്.

To advertise here,

പി.വി. സാമിയെപ്പോലെത്തന്നെ കോഴിക്കോട്ടുനിന്ന് വളരെ ചെറിയ രീതിയിൽ ബിസിനസ് ആരംഭിച്ച എം.പി. അഹമ്മദ്, കഠിനാധ്വാനത്തിലൂടെയും ഭാവനാപൂർണമായ പ്രവർത്തനങ്ങളിലൂടെയുമാണ് വലിയ വിജയങ്ങൾ കൈവരിച്ചത്. 14 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മലബാർ ഗോൾഡിന് പുറമേ, റിയൽ എസ്റ്റേറ്റ് രംഗത്ത് തിളങ്ങുന്ന മലബാർ ഡെവലപ്പേഴ്‌സും ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മുപ്പതിനായിരത്തിലധികം ആളുകൾക്കാണ് മലബാർ ഗ്രൂപ്പ് നിലവിൽ തൊഴിൽ നൽകുന്നത്. കൂടാതെ ലാഭത്തിന്റെ അഞ്ച് ശതമാനം ദാരിദ്ര്യ നിർമാർജനം, ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി, വനിതാ ശാക്തീകരണം തുടങ്ങിയ സാമൂഹിക സേവന പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ച് കമ്പനി മാതൃകയാവുകയും ചെയ്യുന്നു.

വ്യവസായ രംഗത്തേയും സാമൂഹിക സേവന രംഗത്തേയും മികവുകൾ മുൻനിർത്തിയാണ് അവാർഡ് നിർണയിച്ചത്. മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ ചെയർമാനും ഡോ. സി.കെ. രാമചന്ദ്രൻ, സത്യൻ അന്തിക്കാട് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. പി.വി. സാമിയുടെ ചരമദിനമായ സെപ്റ്റംബർ ഒന്നിന് കോഴിക്കോട് കണ്ടംകുളത്തുള്ള മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബ് മെമ്മോറിയൽ ജൂബിലി ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അവാർഡ് സമ്മാനിക്കും.