നിലമ്പൂര്‍: യുഡിഎഫ് ചെയര്‍മാനും പ്രതിപക്ഷനേതാവുമായ വി.ഡി. സതീശനെതിരേ രൂക്ഷവിമര്‍ശനവുമായി പി.വി. അന്‍വര്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലൂടെ പിവി അന്‍വറിനെ ഒതുക്കനാണോ, അതോ പിണറായി വിജയനെ ഒതുക്കാനാണോ യുഡിഎഫ് ചെയര്മാന് ഉദ്ദേശിക്കുന്നതെന്ന് അന്‍വര്‍ ചോദിച്ചു. അന്‍വറിനെ ഒതുക്കാനാണ് ഈ തിരഞ്ഞെടുപ്പ് ഉപയോഗിക്കുന്നതെന്ന് വ്യക്തമല്ലേയെന്നും അദ്ദേഹം പറഞ്ഞു.
എന്തിനാണ് തന്നെ ഒതുക്കുന്നതെന്നും അന്‍വര്‍ ചോദിച്ചു. അദ്ദേഹവും താനുമായി എന്ത് പ്രശ്നമാണുള്ളത്? ഈ കോലത്തില്‍ അദ്ദേഹം നിലപാട് എടുക്കേണ്ട യാതൊരു പ്രശ്നവും താനും അദ്ദേഹവുമായി ഇല്ല. അപ്പോള്‍ അതിന്റെ പിന്നില്‍ നിഗൂഢമായ എന്തോ ഒരുലക്ഷ്യം അദ്ദേഹത്തിനുണ്ട്. അത് പക്ഷേ ഇപ്പോള്‍ യുഡിഎഫ് നേതൃത്വത്തിന് മനസ്സിലായിട്ടുണ്ടാവില്ല. ആ നിഗൂഢലക്ഷ്യം എന്താണെന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ ഏകദേശരൂപം കിട്ടിയിട്ടുണ്ടെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
കെ.സി. വേണുഗോപാലിലായിരുന്നു താന്‍ പിന്നീട് പ്രതീക്ഷവെച്ചതെന്നും അന്‍വര്‍ പറഞ്ഞു. അതിന്റെ ഭാഗമായി ബുധനാഴ്ച അദ്ദേഹത്തെ കാണാന്‍ കോഴിക്കോട്ട് പോയി. വൈകിട്ട് അഞ്ചുമണി മുതല്‍ ഏഴേമുക്കാല്‍ വരെ കാത്തിരുന്നു. പിന്നെ തനിക്ക് കിട്ടുന്ന വിവരം വേണുഗോപാലിന് കുറച്ച് ധൃതിയുണ്ട്, പിന്നീട് സംസാരിക്കാം എന്നായിരുന്നു. എന്നാല്‍, അന്‍വറുമായി സംസാരിച്ചാല്‍ താന്‍ യുഡിഎഫ് ചെയര്മാന് സ്ഥാനം രാജിവെക്കുമെന്ന് സതീശന് പറഞ്ഞുവെന്ന് അറിഞ്ഞു. അന്‍വറുമായി സംസാരിച്ചാല്‍ തനിക്ക് അഭിമാനക്ഷതമുണ്ടാകും. ആരാണെന്ന് വെച്ചാല്‍ വന്ന് തിരഞ്ഞെടുപ്പ് നടത്തിക്കോളൂ താന്‍ പറവൂരിലേക്ക് മടങ്ങുമെന്നും സതീശന് പറഞ്ഞു. കെ.സിക്ക് എന്തുചെയ്യാന്‍ കഴിയും. അദ്ദേഹത്തിന് പരിധികളില്ലേ. പ്രശ്നം പരിഹരിക്കപ്പെടണമെന്ന ആഗ്രഹം വേണുഗോപാലിനുണ്ടായിരുന്നെന്നും അന്‍വര്‍ പറഞ്ഞു.
യുഡിഎഫിന്റെ നേതാക്കളോടും സുധാകരനും ചെന്നിത്തലയുമുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളോടും എനിക്ക് അങ്ങേയറ്റത്തെ കടപ്പാടുണ്ട്. എനിക്കുവേണ്ടി ആരുടെയും കാലുപിടിക്കേണ്ടെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയോട് ഞാന്‍ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പ്രയാസം ഞാന്‍ മനസ്സിലാക്കേണ്ടേ? എത്ര തവണയാണ് കുഞ്ഞാലിക്കുട്ടി ഈ വിഷയത്തിലിടപെട്ടത്. അതിന്റെ അവസാനമായിരുന്നു മേയ് രണ്ടാം തീയതിയിലെ യുഡിഎഫ് യോഗം. ലോകത്താരും കേട്ടിട്ടില്ലാത്ത സംഗതിയാണ് അന്ന് പ്രഖ്യാപിച്ച അസോസിയേറ്റ് മെമ്പര്‍ സ്ഥാനം. ആയിക്കോട്ടെ എന്നായിരുന്നു തന്റെ മറുപടി. പിണറായിസത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തിന് താന്‍ എന്തിനും തയ്യാറായിരുന്നു. അതിനൊന്ന് കൂട്ടിപ്പിടിക്കേണ്ടേ, അന്‍വര്‍ ആരാഞ്ഞു.
പ്രഖ്യാപിക്കാന്‍ ചുമതലപ്പെടുത്തിയ വ്യക്തി ഇത്രയും ദിവസം അത് ചെയ്യാതെ പിടിച്ചുവെച്ച് ഇപ്പോള്‍ എന്നോട് നയം വ്യക്തമാക്കാനാണ് പറയുന്നത്. തല്ക്കാലം ഞാന്‍ നയം വ്യക്തമാക്കാന്‍ ഉദ്ദേശിക്കുന്നില്ല. എന്റെ നയം കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം, പി.വി. അന്‍വര്‍ പറഞ്ഞു.
ഒന്നുകില്‍ ടി.പി. ചന്ദ്രശേഖരന് അല്ലെങ്കില്‍ അബ്ദുള്‍ നാസര്‍ മദനി ഈയൊരു ഘട്ടത്തിലേക്ക് താന്‍ എത്തുമെന്നാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. എത്തിക്കാന്‍ അദ്ദേഹത്തിന് സാധിക്കും. ഇരുട്ടിന്റെ മറവില്‍ തന്നെ വെട്ടിക്കൊന്ന് ഇല്ലായ്മ ചെയ്യണോ അതല്ല, മദനിയെ ജയിലില്‍ അടച്ചതുപോലെ ഇഞ്ചിഞ്ചായി കൊല്ലണോ എന്ന കൃത്യമായ ധാരണ അദ്ദേഹത്തിനുണ്ട്, ഒരു സ്ട്രാറ്റജിയുണ്ട്. ഇനി പ്രതീക്ഷ നിലമ്പൂരിലെ ജനങ്ങളിലാണ്. എനിക്ക് ഒരു അധികാരവും വേണ്ട. മത്സരിക്കണോ വേണ്ടയോ എന്ന കാര്യം പാര്‍ട്ടി തീരുമാനിക്കും. ഇന്ന് സെക്രട്ടേറിയറ്റുണ്ട്, വെള്ളിയാഴ്ച സ്റ്റേറ്റ് കമ്മിറ്റിയുണ്ട്. നാളെയോ മറ്റന്നാളോ തീരുമാനമുണ്ടാകും. അന്‍വറിനെ ഒതുക്കുന്ന ഒരു തിരഞ്ഞെടുപ്പിലേക്ക് സതീശന് ഈ തിരഞ്ഞെടുപ്പിനെ കൊണ്ടുപോവുകയാണ്. അത് അന്‍വറിനെ കൊല്ലാനാണെന്നുള്ള വസ്തുത എനിക്കെങ്കിലും മനസ്സിലാകണ്ടേ. ആ ചതിക്കുഴിയില്‍ വീഴാന്‍ താനില്ലെന്നും അൻവർ പറഞ്ഞു.
Content Highlights: pv anvar against opposition leader vd satheesan
Published: 29 May 2025, 05:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented