കോഴിക്കോട്: ഇന്ന് മുതൽ മൂന്നുദിവസങ്ങളിലായി സിപിഎം വിശാല സംസ്ഥാന സമിതി കോഴിക്കോട് നടക്കുകയാണ്. അതിന് മുന്നോടിയായി പ്രതികരിക്കുകയാണ് സിപിഎം നേതാക്കൾ. മാതൃഭൂമി ന്യൂസിനോടാണ് വിവിധ നേതാക്കൾ പാർട്ടിയുടെ തിരിച്ചുവരവിനെ കുറിച്ച് സംസാരിച്ചത്. തിരുത്തലുകൾ നടത്തി കോഴിക്കോട് സമ്മേളനത്തിന് ശേഷം സിപിഎം പുതിയ പാർട്ടിയായി മാറുമെന്ന് കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു.

To advertise here,

തെറ്റ് എന്തെന്നതല്ല, ആ തെറ്റുകൾ ആവർത്തിക്കാതിരിക്കാനും ദൗർബല്യങ്ങൾ പരിഹരിക്കാനും എന്താണ് ചെയ്യേണ്ടതെന്നതിനെക്കുറിച്ചാണ് ഇനി ചർച്ച. കേന്ദ്ര കമ്മിറ്റി അംഗീകരിച്ച രേഖയിലെ പരസ്യമായ സ്വയംവിമർശനം തിരുത്തൽ ഉണ്ടാകുമെന്നതിന്റെ പ്രധാന തെളിവാണ്. സഹകരണ മേഖലയിലെ അഴിമതികൾ തടയുന്നതിനും, ജനങ്ങളോടുള്ള സമീപനത്തിലെ ബ്യൂറോക്രാറ്റിസം ഇല്ലാതാക്കുന്നതിനും ആവശ്യമായ നടപടികൾ ഉണ്ടാകും. നേതൃത്വത്തിലെ മാറ്റങ്ങൾ അടുത്ത പാർട്ടി സമ്മേളനങ്ങളിലാണ് നടക്കുക എന്നും തോമസ് ഐസക് വ്യക്തമാക്കി.

സ്വയംവിമർശന റിപ്പോർട്ട് വീണ്ടും ചർച്ച ചെയ്ത് ആവർത്തിക്കാതെ തിരുത്തൽ നടപടികളിലേക്ക് കടക്കുകയാണ് പ്രധാനമെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞത്. സംഘടനാപരമായ ദൗർബല്യങ്ങൾ പരിഹരിക്കൽ, പ്രത്യയശാസ്ത്രപരമായ ഉള്ളടക്കം ശക്തിപ്പെടുത്തൽ, സഖാക്കളിൽ ശരിയായ രാഷ്ട്രീയ അവബോധം വളർത്തൽ, ഭരണപരമായ കാര്യങ്ങളിൽ ആവശ്യമായ നിലപാട് സ്വീകരിച്ച് മുന്നോട്ടു പോകൽ എന്നിവയാണ് ഈ പ്രക്രിയയിലൂടെ നടപ്പാക്കുന്നത്. കേന്ദ്ര ഏജൻസിയായ ഇ.ഡി ഉന്നം വെക്കുന്നത് സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയുമാണെന്നും അതിനെതിരെ ശക്തമായ നിലപാടെടുത്ത് പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാത്തരം പ്രതിസന്ധികളെയും നേരിട്ട് വലിയ അനുഭവസമ്പത്തുള്ള പ്രസ്ഥാനമാണ് സിപിഎം എന്നായിരുന്നു ഇ.പി. ജയരാജന്റെ പ്രതികരണം. തടസങ്ങൾ തട്ടിമാറ്റി കരുത്തോടെ മുന്നോട്ട് പോകുകയാണ് ലക്ഷ്യം. കേന്ദ്ര കമ്മിറ്റി പ്രസിദ്ധീകരിച്ച റിപ്പോർട്ടിലെ കാര്യങ്ങളിൽ തർക്കങ്ങൾക്കപ്പുറം രാഷ്ട്രീയമായും സംഘടനാപരമായും എന്തൊക്കെ തിരുത്തലുകൾ വരുത്തണം എന്ന് കണ്ടെത്തി പാർട്ടിയെ സജീവമാക്കാനാണ് വിശാല കമ്മിറ്റി ചേരുന്നത്. പാർട്ടി പോകുന്ന വഴിയിൽ വേറെ വഴിത്തിരിവുകളൊന്നുമില്ലെന്നും തടസങ്ങൾ പരിഹരിച്ച് പാർട്ടിക്കും ജനങ്ങൾക്കും കൂടുതൽ കരുത്തുണ്ടാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ജനങ്ങളുമായുള്ള ബന്ധം വിപുലീകരിക്കാനും 'ജെൻ സി' തലമുറയോടുള്ള ആശയവിനിമയ രീതി കൂടുതൽ മെച്ചപ്പെടുത്താനും വിപുലീകരിച്ച സംസ്ഥാന സമിതിയിൽ ചർച്ചകൾ നടക്കുമെന്ന് പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഫലപ്രദമായ രീതിയിൽ ജനകീയ വിഷയങ്ങളിൽ പുതിയ കാലത്തിനനുസരിച്ച് എങ്ങനെ ഇടപെടാമെന്നാണ് പാർട്ടി പ്രധാനമായും നോക്കുന്നത്. വിദ്യാർഥി, യുവജന, തീരദേശ, മലയോര മേഖലകളിലെ പാർട്ടിയുടെ പ്രവർത്തനങ്ങൾ കൂടുതൽ സജീവവും ഫലപ്രദവുമാക്കി പുതിയ കാലത്തിനനുസരിച്ച് പാർട്ടിയെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം.