
പുനലൂർ: യന്ത്രത്തകരാർമൂലം ഒന്നേകാൽ വർഷമായി പ്രവർത്തിപ്പിക്കാതിരുന്ന ശ്മശാനം അറ്റകുറ്റപ്പണി നടത്തി പ്രവർത്തിപ്പിച്ചത് പൂട്ടുപൊളിച്ച്. പുനലൂർ നഗരസഭയുടെ തൊളിക്കോട്ടെ വാതകശ്മശാനത്തിലാണ് നവീകരണത്തിനുശേഷം ആദ്യമായി പ്രവർത്തിപ്പിക്കാൻ പൂട്ട് പൊളിക്കേണ്ടിവന്നത്. താക്കോൽ സൂക്ഷിച്ചിരുന്ന ജീവനക്കാരൻ സമയത്ത് എത്താതിരുന്നതാണ് കാരണം.
പിന്നീട് ശ്മശാനത്തിന്റെ ചേംബർ അശ്രദ്ധമായി പ്രവർത്തിപ്പിച്ചത് തീ പുറത്തേക്ക് ആളിപ്പടരാനുമിടയാക്കി. നഗരസഭാധ്യക്ഷൻ എം.എ. രാജഗോപാൽ ഉൾപ്പെടെയുള്ളവർ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. അനാഥാലയത്തിൽ മരിച്ച ജോണിയെന്ന 69-കാരനായ നിർമാണത്തൊഴിലാളിയുടെ മൃതദേഹമാണ് വെള്ളിയാഴ്ച ഇവിടെ സംസ്കരിച്ചത്.
നവീകരണത്തിനുശേഷമുള്ള ആദ്യത്തെ സംസ്കാരമായതിനാൽ നഗരസഭാധ്യക്ഷൻ എം.എ. രാജഗോപാലും സ്ഥിരംസമിതി അധ്യക്ഷന്മാരും എത്തിയിരുന്നു. 11 മണിക്ക് മൃതദേഹം എത്തിച്ചെങ്കിലും ശ്മശാനത്തിന്റെ താക്കോൽ സൂക്ഷിച്ചിരുന്ന ജീവനക്കാരൻ ഉണ്ടായിരുന്നില്ല. ഒരു മണിക്കൂറോളം കാത്തുനിന്നശേഷം പൂട്ടുപൊളിച്ച് ആളുകൾ അകത്തുകയറി.
12 മണിയോടെ മൃതദേഹം ചേംബറിലേക്കു മാറ്റി. ഇതിന്റെ വാതിൽ അടയ്ക്കാതെ ചേംബറിന്റെ ഉള്ളിൽ വാതകം തുറന്നുവിട്ട് തീകൊളുത്തിയതോടെ തീ പുറത്തേക്കാളി. ഈ സമയം ചേംബറിനോട് ചേർന്നുനിൽക്കുകയായിരുന്നു നഗരസഭാധ്യക്ഷൻ ഉൾപ്പെടെയുള്ളവർ. ഓടിമാറിയതിനാൽ ഇവർക്ക് പൊള്ളലേറ്റില്ല. സമയത്ത് എത്താതിരുന്ന ജീവനക്കാരനെ സസ്പെൻഡ് ചെയ്യാൻ നടപടിയെടുത്തതായി നഗരസഭാധ്യക്ഷൻ പിന്നീട് അറിയിച്ചു.
2024 ഒക്ടോബർമുതൽ പ്രവർത്തിക്കാതിരുന്ന ശ്മശാനം 15 ലക്ഷം രൂപ ചെലവഴിച്ചാണ് നഗരസഭ പ്രവർത്തനസജ്ജമാക്കിയത്. 26 വർഷമായി പുനലൂർ നഗരസഭയിലെ പേപ്പർമിൽ ഭാഗത്ത് കടത്തിണ്ണയിൽ അന്തിയുറങ്ങിയിരുന്ന ജോണിയുടെ മൃതദേഹമാണ് ആദ്യം ഇവിടെ സംസ്കരിച്ചത്. സ്വന്തമായി വീടില്ലാതിരുന്ന ജോണിയെ മാസങ്ങൾക്കുമുൻപ് കോൺഗ്രസ് നേതാവും മുൻ ജില്ലാപഞ്ചായത്ത് അംഗവുമായ എസ്.ഇ. സഞ്ജയ്ഖാന്റെ നേതൃത്വത്തിൽ ഏറ്റെടുത്ത് ജീവകാരുണ്യസ്ഥാപനമായ കിടങ്ങന്നൂർ കരുണാലയം അമ്മവീട്ടിലേക്ക് മാറ്റിയിരുന്നു. 20 ദിവസംമുൻപ് ഇദ്ദേഹം മരിച്ചു. മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ ആരുമില്ലാത്തതിനാൽ സഞ്ജയ്ഖാൻ നഗരസഭാധ്യക്ഷനുമായി സംസാരിക്കുകയും സൗജന്യമായി സംസ്കരിക്കാൻ നഗരസഭാധ്യക്ഷൻ തയ്യാറാവുകയുമായിരുന്നു.
Content Highlights: Punalur crematorium lock broken due to employee absence, Fire erupted from the chamber during the first funeral post-renovation, Municipal Chairman M.A. Rajagopal narrowly escaped injuries, Disciplinary action initiated against the negligent employee, Cremation of an unclaimed body led to the incident
Published: 25 Apr 2026, 07:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented