
പുനലൂർ: നിയോജകമണ്ഡലത്തിൽ കോൺഗ്രസിലുണ്ടായ പൊട്ടിത്തെറി 'ചായക്കോപ്പയിലെ കൊടുങ്കാറ്റാക്കി' എ.ഐ.സി.സി., കെ.പി.സി.സി. നേതൃത്വങ്ങൾ. യു.ഡി.എഫിന്റെ സീറ്റ് മൂന്നാംതവണയും മുസ്‌ലിം ലീഗിന് നൽകിയതിൽ പ്രതിഷേധിച്ച് പുനലൂരിൽ പ്രഖ്യാപിച്ചിരുന്ന വിമതസ്ഥാനാർഥിയെ കോൺഗ്രസ് പിൻവലിച്ചു. സ്ഥാനാർഥിയായി നിശ്ചയിച്ച ഡി.സി.സി.ട്രഷററും യു.ഡി.എഫ്. പുനലൂർ നിയോജകമണ്ഡലം ചെയർമാനുമായ നെൽസൺ സെബാസ്റ്റ്യൻ ഇനി മത്സരരംഗത്തില്ല.
എ.ഐ.സി.സി., കെ.പി.സി.സി. നേതൃത്വങ്ങളുടെ ഇടപെടലിനെത്തുടർന്ന് ഞായറാഴ്ച പുനലൂരിൽ ചേർന്ന പാർട്ടി നേതൃയോഗമാണ് ഈ തീരുമാനമെടുത്തത്. അതേസമയം തീരുമാനത്തിൽ പ്രതിഷേധിച്ച് ഡി.സി.സി. ജനറൽ സെക്രട്ടറി എസ്.ഇ. സഞ്ജയ്ഖാൻ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. ഔദ്യോഗിക നേതൃത്വത്തിന്റെ നിലപാട് മണ്ഡലത്തിൽ കോൺഗ്രസ് പാർട്ടിയെ ഇല്ലാതാക്കുമെന്നും ഈ പശ്ചാത്തലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി തിങ്കളാഴ്ച നാമനിർദേശപത്രിക സമർപ്പിക്കുമെന്നും സഞ്ജയ്ഖാൻ പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് അഞ്ചൽ, പുനലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ സംയുക്തയോഗം ചേർന്ന് നെൽസൺ സെബാസ്റ്റ്യനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. തുടർന്ന് സ്ഥാനാർഥിയുമായി കോൺഗ്രസ് പ്രവർത്തകർ പുനലൂർ നഗരത്തിൽ പ്രകടനം നടത്തുകയും ചെയ്തു. എന്നാൽ വിവരമറിഞ്ഞ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി., സെക്രട്ടറി സന്ദീപ്കുമാർ, കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ. എന്നിവർ പുനലൂരിലെ കോൺഗ്രസ് നേതൃത്വവുമായും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായും ചർച്ച നടത്തി.
സീറ്റ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ഔദ്യോഗിക സ്ഥാനാർഥിയെ പിൻവലിക്കാൻ ആകില്ലെന്നായിരുന്നു ലീഗ് നേതൃത്വത്തിന്റെ നിലപാട്. തുടർന്ന് നേതാക്കൾ ഇടപെട്ട് പുനലൂരിലെ കോൺഗ്രസ് നേതൃത്വത്തെ അനുനയിപ്പിച്ചു. പ്രവർത്തകരുടെ വൈകാരിക പ്രയാസംകൂടി ഉൾക്കൊണ്ട് ഭാവിയിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മണ്ഡലത്തിലെ തലമുതിർന്ന നേതാവ് ഭാരതീപുരം ശശിക്ക് അയച്ച കത്തിൽ കെ.പി.സി.സി.പ്രസിഡന്റ് ഉറപ്പു നൽകി. തുടർന്ന് നേതൃത്വത്തിന്റെ അഭ്യർഥന ഞായറാഴ്ച ചേർന്ന നിയോജകമണ്ഡലം നേതൃയോഗം അംഗീകരിക്കുകയും സ്ഥാനാർഥിയെ പിൻവലിക്കുകയുമായിരുന്നു.
പുനലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി. വിജയകുമാർ അധ്യക്ഷത വഹിച്ച യോഗം ഭാരതീപുരം ശശി ഉദ്ഘാടനം ചെയ്തു. നെൽസൺ സെബാസ്റ്റ്യൻ, ഏരൂർ സുഭാഷ്, സഞ്ജു ബുഖാരി, സി.ജെ. ഷോം, സാബു എബ്രഹാം, ലിജു ആലുവിള, സൈനബാബീവി, നാസർ, വിപിൻകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
Content Highlights: Congress withdraws rebel candidate Nelson Sebastian from Punalur
Published: 23 Mar 2026, 08:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented