കാഞ്ഞങ്ങാട്: സി.പി.എം. നേതാവ് കാഞ്ഞങ്ങാട്ടെ എം.രാഘവനെ ഏരിയാ കമ്മിറ്റിയിൽനിന്ന്‌ ഒഴിവാക്കാനുള്ള കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി യോഗ തീരുമാനം സി.പി.എം. ജില്ലാ കമ്മിറ്റിയും ജില്ലാ സെക്രട്ടേറിയറ്റും ശരിവച്ചു. രാഘവൻ പാർട്ടിയുടെ യശസ്സിന് കളങ്കമുണ്ടാക്കുന്ന പരസ്യ പ്രതീകരണമാണ് നടത്തിയതെന്നും ഇത് ഗുരുതര അച്ചടക്കലംഘനമാണെന്നും ജില്ലാ സെക്രട്ടറി എം.രാജഗോപാലൻ പത്രക്കുറിപ്പിൽ വ്യക്തമാക്കി. പറ്റിയ തെറ്റ് സ്വയം വിമർശനപരമായി അംഗീകരിച്ചതിനാൽ രാഘവനെ ഏരിയാ കമ്മിറ്റിയിൽ നിന്നൊഴിവാക്കാൻ രാഘവൻ കൂടി പങ്കെടുത്ത കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി യോഗം തീരുമാനിക്കുകയും ഇതിന് ജില്ലാ കമ്മിറ്റി അംഗീകാരം നൽകുകയും ചെയ്തുവെന്നും പത്രക്കുറിപ്പിൽ വിശദീകരിക്കുന്നു.

To advertise here,

വിപുലീകൃത ജില്ലാ സമ്മേളനം പാർട്ടിയുടെ കെട്ടുറപ്പും കരുത്തും തെളിയിക്കുന്നതായിരുന്നു. പാർട്ടി പ്രവർത്തകർക്ക് ഊർജവും ജനങ്ങൾക്ക് ആവേശവും പകരുന്നതായിരുന്നു സമ്മേളനം. എന്നാൽ രാഘവൻ പാർട്ടിയുടെ യശസ്സിന് കളങ്കമുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചുവെന്നും ചൊവ്വാഴ്ച നടന്ന ജില്ലാകമ്മിറ്റി യോഗവും തുടർന്ന് നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗവും വിലയിരുത്തി. തിങ്കളാഴ്ചയാണ് പ്രത്യേക ഏരിയാ കമ്മിറ്റി യോഗം വിളിച്ച് രാഘവൻ വിഷയം ചർച്ചചെയ്തതും തീരുമാനമെടുത്തതും. ജില്ലാ സെക്രട്ടറി എം.രാജഗോപാലനും സംസ്ഥാനസമിതിയംഗങ്ങളായ കെ.പി.സതീഷ് ചന്ദ്രൻ, സി.എച്ച്.കുഞ്ഞമ്പു എന്നിവരും ഏരിയ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തിരുന്നു.

സി.പി.എമ്മിന്റെ ജില്ലയിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ കോട്ടച്ചേരി സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റാണ് രാഘവൻ. ഈ സ്ഥാനത്തു നിന്നുള്ള രാജിക്കത്ത് നേരേത്തതന്നെ രാഘവൻ സഹകരണ വകുപ്പ് ജോ. റജിസ്‌ട്രാർക്ക് നൽകിയിരുന്നു.

കോട്ടച്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കാനും ഏരിയാ കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു. ഒരുവർഷം മുൻപ് നടന്ന സി.പി.എം. ജില്ലാസമ്മേളനത്തിലും ദിവസങ്ങൾക്കു മുൻപ് നടന്ന പാർട്ടി വിശാലസമ്മേളനത്തിലും വേണ്ട പരിഗണന ലഭിച്ചില്ലെന്ന കാരണത്താൽ പാർട്ടി നേതൃത്വത്തിനെതിരെ രാഘവൻ പരസ്യമായി പ്രതികരിച്ചിരുന്നു. എസ്.എഫ്.ഐ. ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, കേന്ദ്രകമ്മിറ്റിയഗം, ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റിയംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ച രാഘവൻ സി.പി.എം. സംസ്ഥാന സെക്രട്ടറിയും ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി രണ്ടു പതിറ്റാണ്ടോളമാണ്‌ പ്രവർത്തിച്ചത്. കാഞ്ഞങ്ങാട് സഹകരണ ആസ്പത്രി ഡയറക്ടറും സി.പി.എം. നിയന്ത്രണത്തിലുള്ള കാഞ്ഞങ്ങാട് അതിയാമ്പൂരിലെ ബാലബോധിനി വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ഭാരവാഹിയുമാണ്.

ഏരിയ കമ്മിറ്റിയംഗത്വത്തിൽനിന്നും ബാങ്ക് പ്രസിഡന്റ് സ്ഥാനത്തുനിന്നും മാത്രമേ നീക്കുന്നുള്ളൂവെന്നും ബാക്കിയെല്ലാ സ്ഥാനങ്ങളിലും രാഘവൻ തുടരുമെന്നുമാണ് പാർട്ടിവൃത്തങ്ങൾ പറയുന്നത്. അതേസമയം വിഷയത്തിൽ പ്രതീകരിക്കുന്നില്ലെന്ന് രാഘവൻ പറഞ്ഞു.